ന്യൂഡല്‍ഹി: സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതി മുമ്പാകെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
സമയപരിധി സെപ്തംബര്‍ 30ന് അവസാനിക്കുന്നതിനാല്‍, ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന പരാതിക്കാരുടെ ആവശ്യം പരിഗണിക്കവെയാണ് സമയപരിധി ദീര്‍ഘിപ്പിച്ചതായി കേന്ദ്രം അറിയിച്ചത്. ഇതേതുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നവംബര്‍ ആദ്യ വാരത്തിലേക്ക് മാറ്റി.
സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഐകകണ്‌ഠ്യേന വിധിച്ചിരുന്നു. ഇതോടെ ആധാറിന്റെ നിയമസാധുത അനിശ്ചിതത്വത്തിലാണ്. സുപ്രീംകോടതി വിധിക്കും ഭരണഘടനാ തത്വങ്ങള്‍ക്കും വിരുദ്ധമാണ് 2016ലെ ആധാര്‍ നിയമമെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. ശ്യാം ദിവാന്‍ ചൂണ്ടിക്കാട്ടി. ആധാറിനായി ഫിംഗര്‍ പ്രിന്റ്, ഐറിസ് സ്‌കാന്‍ എന്നിവ വഴി ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചത് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.
വ്യക്തികള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഭരണകൂടം ഇത് ആയുധമാക്കും. ഭരണഘടന മുന്നോട്ടുവെക്കുന്ന പരിമിത-ഉത്തരവാദിത്ത ഭരണകൂടമെന്ന സങ്കല്‍പ്പത്തെ ഇത് തകര്‍ക്കുമെന്നും അഡ്വ. ശ്യാം ദിവാന്‍ വാദിച്ചു. അതേസമയം സ്വകാര്യതയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹ്താഗി രംഗത്തെത്തി. സ്വകാര്യത സംരക്ഷിക്കണമെന്ന നിലപാട് തന്നെയാണ് തങ്ങള്‍ക്കുള്ളതെന്നായിരുന്നു കോടതി വിധിയോട് കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം.
എന്നാല്‍ കേന്ദ്രത്തിന്റെ ഈ നിലപാട് മാറ്റം ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള കേസില്‍ കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയാകുമെന്ന് റൊഹ്്താഗി പറഞ്ഞു.