News
പരിഗണിക്കപ്പെടേണ്ട കൗമാരകാലം
വര്‍ത്തമാനകാല സമൂഹത്തിനു മുന്നില്‍ വലിയ ചോദ്യങ്ങള്‍ ബാക്കിയാക്കുകയാണ് പാലക്കാട് കണ്ണാടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുന്റെ ആത്മഹത്യ
വര്‍ത്തമാനകാല സമൂഹത്തിനു മുന്നില്‍ വലിയ ചോദ്യങ്ങള്‍ ബാക്കിയാക്കുകയാണ് പാലക്കാട് കണ്ണാടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുന്റെ ആത്മഹത്യ. നിസാരമെന്നുതോന്നുന്ന കാര്യങ്ങളുടെ പേരില്‍ കൗമാരക്കാര്‍ സ്വന്തം ജീവന് അവസാനിപ്പിക്കുമ്പോള്‍ അതിനെ മനസിന്റെ നൈര്‍മല്യത്തിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിലും കൊളുത്തിയിട്ട്, ഒരു നെടുവീര്‍പ്പില്‍ ഒതുക്കി ത്തീര്ക്കേണ്ടതാണോ എന്ന ആലോചന രക്ഷിതാക്കളും അധ്യാപകരമുള്പ്പെടെ കൗമാരക്കാരുമായി ഇടപഴകുന്ന മുഴുവന്‍ വിഭാഗങ്ങളും സഗൗരവം ഉയര്‍ത്തേണ്ടതാണ്.
ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ ഘട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന കൗമാരകാലത്തെക്കുറിച്ച് എല്ലാവരും വാചാലരാകുമെങ്കിലും ശാരീരികമായും മാനസികമായും സ്ഫോടനാത്മകമായ പരിവര്‍ത്തനത്തിലൂടെ കടന്നുപോകുന്ന ആ സമൂഹത്തെ അവരര്‍ഹിക്കുന്ന പരിഗണനയില്‍ കൈകാര്യം ചെയ്യാന്‍ നമുക്കു കഴിയുന്നുണ്ടോയെന്നതാണ് വിലയിരുത്തപ്പെടേണ്ടത്.
അവരുടെ ആഗ്രഹങ്ങള്‍ക്കോ താല്പര്യങ്ങള്ക്കോ ഒട്ടും പരിഗണന നല്‍കാതിരിക്കുകയും നമ്മള് നിശ്ചയിച്ച വഴിയിലൂടെ അവര്‍ സഞ്ചരിക്കണമെന്നുമുള്ള പിടിവാശി മൂലമുള്ള പിരിമുറുക്കമാണ് ഒരു ഭാഗത്തെങ്കില്‍, നമ്മളാണ് ശരിയെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതക്കിടയില്‍ അവരുടെ വ്യക്തിത്വത്തെപോലും തകര് ക്കപ്പെടുന്നതാണ് മറ്റൊരു വശം. ഈ രണ്ടു സമീപനങ്ങ ളുടെയും ഇരകളായി ഭൂമുഖം തന്നെ ഉപേക്ഷിച്ചുകടന്നു പോകുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വായിക്കേണ്ട ദുര്യോഗമാണ് ആധുനിക സമൂഹത്തിന് വന്നുപെട്ടിരിക്കുന്നത്.
നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് നേടിയ അനുരാഗ് അനില്‍ ബോര്‍ക്കര്‍ എന്ന മഹാരാഷ്ട്ര സ്വദേശിയായ 19 കാരന് ഡോക്ടര്‍ ആകാന്‍ ആഗ്രഹമില്ലെന്ന് കുറിപ്പ് എഴുതിവെച്ചും ക്ലാസ് ടീച്ചറുടെ ഭീഷണിയെ തുടര്‍ന്ന് കൂട്ടുകാരനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഇതെന്റെ ലാസ്റ്റാണ് എ ന്ന് പറഞ്ഞ് അര്‍ജുനും ജീവിതം അവസാനിപ്പിച്ചത് സമൂഹം കൗമാരക്കാരോട് കാണിക്കുന്ന അനീതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ്.
മെഡിക്കല്‍ പ്രവേശനം ലഭിക്കുകയും കോളജില്‍ ക്ലാസ് തുടങ്ങാന്‍ ഇരിക്കെയുമാണ് അനുരാഗ് ജീവനൊടുക്കിയത്. അനുരാഗിന് മാനസിക സമ്മര്ദ്ദമാണുണ്ടായതെങ്കില് അര്‍ജുന്റെ കാര്യത്തില്‍ അത് ആത്മാഭിമാനത്തിനേറ്റക്ഷതമാണ്. കുട്ടികള്‍ തമ്മില്‍ നടത്തിയ ഇന്‍സ്റ്റഗ്രാം മെസേജിന്റെ പേരില്‍ സൈബര്‍ സെല്ലില്‍ അറിയിക്കുമെന്ന് പറഞ്ഞ് അര്‍ജുനെ അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നതായി സഹപാഠികള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ് കാഴ്ച മുമ്പാണ് അര്‍ജുന്റെ മരണത്തിലേക്ക് നയിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്.
അര്ജുന് ഉള്‍പ്പെടെ അഞ്ച് കുട്ടികള്‍ ഇന്‍സ്റ്റഗ്രാമില്‍ പരസ്പ്പരം സന്ദേശങ്ങള്‍ പങ്കുവെച്ചത് ഒരു രക്ഷിതാവ് അറിയുകയും അദ്ദേഹം സ്കൂളില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കളെയും സ്കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിച്ച് വിടുകയും ചെയ്തു. എന്നാല്‍ അര്‍ജുന്റെ രക്ഷിതാക്കളെ വിളിച്ചിരുന്ന അധ്യാപിക അന്ന് അവധിയിലായിരുന്നതിനാല്‍ പിറ്റേ ദിവസം അവനെ ഓഫീസില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചതായും ഫോണെടുത്ത് സൈബര്‍ പൊലീസിലേക്ക് വിളിക്കുകയാണെന്ന് വരുത്തി ഒരുവര്‍ഷം തടവും 50000 രൂപയോളം പിഴയട ക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് സഹപാഠികള്‍ സാക്ഷ്യപ്പെടുത്തുന്നു. ക്ലാസ് കഴിഞ്ഞുപോകുമ്പോള്‍ കെട്ടിപ്പിടിച്ച് ഇതെന്റെ ലാസ്റ്റാണെന്ന് കണ്ണീരോടെ അര്ജുന് പറഞ്ഞതായും കൂട്ടുകാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ സ്കൂള്‍ അധികൃതര്‍ ഇതെല്ലാം നിഷേധിക്കുകയും പ്രധാനാധ്യാപിക ഉള്‍പ്പെടെ അധ്യാപികക്ക് സംരക്ഷണമൊരുക്കി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് കേരളം ഏറെ മുന്‍പന്തിയിലാണെന്നും കാലോചിതമായ മാറ്റങ്ങള്‍ താമസംവിനാ നമ്മുടെ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ രംഗത്തും നടപ്പാക്കപ്പെടുന്നുവെന്നുമൊക്കെയുള്ള അവകാശവാദങ്ങള്‍ക്കിടെയാണ് ഇത്തരം ദാരുണമായ സംഭവവികാസങ്ങള്‍ക്ക് സ്കൂളുകള്‍ സാക്ഷ്യംവഹിക്കുന്നത് എന്ന് പറയുമ്പോള്‍ നമ്മുടെ അവകാശവാദങ്ങളെല്ലാം ചോദ്യചിഹ്നമാ യിമാറുകയാണ്.
വിദ്യാര്‍ത്ഥികളുടെ പ്രത്യേകിച്ച് കൗമാരക്കാരുടെ മനഃശാസ്ത്രംപോലും മനസ്സിലാക്കാതെയുള്ള ഇത്തരം പെരുമാറ്റങ്ങള്‍ എത്ര പ്രാകൃതമാണ്. വ്യക്തിത്വ രൂപീകരണം നടക്കുന്ന ഈ ഘട്ടത്തില്‍ പരസ്യമായ അവഹേളനം കൗമാരക്കാരെ സംബന്ധിച്ചടത്തോളം താങ്ങാനാവാത്തതും പ്രതികാരദാഹമുള്പ്പെടെയുള്ള വ്യത്യസ്തമായ വികാരങ്ങള്‍ അവരുടെ ഉള്ളില്‍ ജനിപ്പിക്കുന്നതുമാണ്.
മാത്രമല്ല, അവരില്‍നിന്നുണ്ടാകുന്ന തെറ്റായ പ്രവണതകള്‍പോലും സാമൂഹിക സാഹചര്യങ്ങളുടെ സൃഷിടിയാണെന്ന് തിരിച്ചറിഞ്ഞ് പ്രശ്നങ്ങളുടെ പേരില്‍ ശിക്ഷിക്കുന്നതിന് മുമ്പ് കാരണങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. ഏറെ കരുതലോടെ കൈകാര്യം ചെയ്യേണ്ട കൗമാരത്തെ അതിന്റെ ഗൗരവത്തിലെടുക്കാന്‍ കഴിയാതിരുന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്നതാണ് ഇത്തരം സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.
-
india7 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF20 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News9 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india1 day agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

