ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകം തുടരുന്നു. ശശികല ക്യാമ്പില്‍ നിന്ന് ഒരു എം.എല്‍.എ കൂടി പന്നീര്‍സെല്‍വം പക്ഷത്തേക്ക് എത്തി. മധുര സൗത്ത് എം.എല്‍.എ എസ്.എസ് ശരവണന്‍ ആണ് പന്നീര്‍സെല്‍വം ക്യാമ്പിലെത്തിയത്. ശശികല എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂര്‍ ആഡംബര റിസോര്‍ട്ടില്‍ നിന്ന് വേഷം മാറി സാഹസികമായണ് രക്ഷപ്പെട്ടതെന്ന് ശരവണന്‍ പറഞ്ഞു.

ഇനിയും എം.എല്‍.എമാര്‍ മാനസിക പീഡനമനുഭവിക്കുന്നുണ്ടെന്നും അവരും വൈകാതെ ശശികല ക്യാമ്പ് വിടുമെന്നുമാണ് ശരവണന്‍ വ്യക്തമാക്കുന്നത്. കനത്ത വലയമാണ് റിസോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഇതോടെ പന്നീര്‍സെല്‍വത്തിന് എട്ട് എം.എല്‍.എമാരുടെ പിന്തുണയായി. 12 എം.പിമാരും പന്നീര്‍സെല്‍വം ക്യാമ്പിലുണ്ട്. എം.എല്‍.എമാരുടെ പിന്തുണ പന്നീര്‍സെല്‍വത്തിന് ആശ്വാസമാണ്. ശശികലക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ പന്നീര്‍സെല്‍വത്തിനാകും ആശ്വാസമാവുക.

പന്നീര്‍സെല്‍വത്തിന് ഒറ്റക്ക് മന്ത്രിസഭ രൂപീകരിക്കാനാവില്ലെങ്കിലും ഡി.എം.കെയുടെ നിലപാടാവും നിര്‍ണായകമാവുക. ഇതിനിടെയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്‌ക്കെതിരായ സുപ്രീംകോടതിയുെട വിധി വരുന്നത്.