X

എ.ഐ.എ.ഡി.എം.കെ ലയന ചര്‍ച്ച അവസാന ഘട്ടത്തില്‍ ഒടുവില്‍ ഒ.പി.എസ്

 

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയന ചര്‍ച്ച അന്തിമ ഘട്ടത്തിലെന്ന് സൂചന. അടുത്ത ദിവസം തന്നെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ധാരണ പ്രകാരം ഒ പന്നീര്‍ശെല്‍വം വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയായേക്കും. നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ ശശികല, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ എന്നിവരെ പുറത്താക്കണം, ജയലളിതയുടെ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണം എന്നീ രണ്ടു ആവശ്യങ്ങളാണ് ലയനത്തിനായി പന്നീര്‍ശെല്‍വം വിഭാഗം ഉന്നയിച്ചിരുന്നത്. ഇവ രണ്ടും പളനിസാമി വിഭാഗം തത്വത്തില്‍ അംഗീകരിച്ചതായാണ് വിവരം.
”ലയനം സംബന്ധിച്ചും തര്‍ക്ക വിഷയങ്ങളിലും ധാരണയായിട്ടുണ്ട്. ഇരുപക്ഷത്തേയും മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ഔപചാരിക ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. ഉടന്‍ തന്നെ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഒ പന്നീര്‍ശെല്‍വത്തിനു വേണ്ടി പളനിസാമി മുഖ്യമന്ത്രി പദം ഒഴിയും. പകരം അദ്ദേഹം ജനറല്‍ സെക്രട്ടറിയാകും.
ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ട ആരോഗ്യമന്ത്രി വിജയ്ഭാസ്‌കറിനെ മന്ത്രിസഭയില്‍നിന്ന് നീക്കും. മുന്‍ മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ സെന്തില്‍ ബാലാജി വീണ്ടും മന്ത്രിസഭയില്‍ എത്തും. ഒന്നോ രണ്ടോ പുതുമുഖങ്ങള്‍ കൂടി മന്ത്രിസഭയിലുണ്ടാകും”- മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
122 എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ പിന്തുണയാണ് നിലവില്‍ സര്‍ക്കാറിനുള്ളത്. ഇതില്‍ ആറുപേര്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ വീഴും. ദിനകരന്‍ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തതോടെ മന്നാര്‍ഗുഡി സംഘത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പാര്‍ട്ടി ചിഹ്നം ലഭിക്കാന്‍ ദിനകരന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച്. അതുകൊണ്ടുതന്നെ നിലവിലെ രീതിയില്‍ മുന്നോട്ടു പോയാല്‍ എം.എല്‍.എമാരില്‍ ചിലര്‍ മറുപക്ഷത്തേക്ക് ചായാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ വീഴും. ഇത് മുന്നില്‍ കണ്ടാണ് എന്ത് വില കൊടുത്തും ലയനം സാധ്യമാക്കുക എന്ന നിലപാടിലേക്ക് പളനിസാമി ക്യാമ്പ് എത്തിയത്. ജനങ്ങളുടെ ഇച്ഛയും താല്‍പര്യവും അടിസ്ഥാനമാക്കിയാണ് തങ്ങളുടെ ധര്‍മ്മ യുദ്ധമെന്നായിരുന്നു ലയന നീക്കം സംബന്ധിച്ച് പന്നീര്‍ശെല്‍വത്തിന്റെ പ്രതികരണം.

chandrika: