കോലാപൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെ പിതാവ് മധുകര്‍ ബാബുറാവു രഹാനയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് ഒരു സ്ത്രീ മരിച്ചതിനെ തുടര്‍ന്നാണ് അറസ്‌റ്റെന്നാണ് റിപ്പോര്‍ട്ട്. കാറിടിച്ച് പരിക്കേറ്റ 67 കാരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കോലാപൂര്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. അജിങ്ക്യ രഹാനെയുടെ മാതാവും സഹോദരിയുമുള്‍പ്പെടെയുള്ളവര്‍ അപകടം നടക്കുമ്പോള്‍ കാറിലുണ്ടായിരുന്നു.

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പൂണെബാംഗ്ലൂരു ഹൈവേയില്‍വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കുകള്‍ ഒന്നും ഏറ്റില്ല.

ഹ്യുണ്ടായി ഐ-20 കാറിലാണ് രഹാനെയുടെ കുടുംബം യാത്ര ചെയ്തിരുന്നത്. അമിതവേഗത്തിലായിരുന്ന കാര്‍ സ്ത്രീയെ ഇടിച്ച് തെറുപ്പിക്കുകയാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 304മ,289,337,338 എന്നീ വകുപ്പുകളാണ് പിതാവിനെതിരെ ചുമത്തിയിരിക്കുന്നത്.