ന്യൂഡല്‍ഹി/കൊയിലാണ്ടി: അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസില്‍ ഒളിവിലായിരുന്ന സജീവ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കോഴിക്കോട് എളാട്ടേരി കോട്ടക്കുന്ന് ദാമോദരന്‍ നായരുടെ മകന്‍ സുരേഷ് നായര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചു നല്‍കിയെന്ന കുറ്റത്തിനാണ് അറസ്റ്റിലായത്. സ്‌ഫോടന ശേഷം സുരേഷ് ഒളിവിലായിരുന്നു. കേസ് അന്വേഷിക്കുന്ന ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. 2007ല്‍ അജ്മീര്‍ ദര്‍ഗയില്‍ നോമ്പുതുറ സമയത്തുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 17 പേര്‍ക്ക് പരിക്കേറ്റു.

സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ആര്‍എസ്എസ് നേതാവ് അസിമാനന്ദ് പങ്കാളിയാണെന്ന് നേരത്തെ എന്‍.ഐ.എ കണ്ടെത്തിയിരുന്നു. എന്നാല്‍ അസിമാനന്ദ് ഉള്‍പ്പെടെ ഏഴ് പേരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം കോടതി വെറുതെ വിട്ടു. ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍, സുനില്‍ ജോഷി എന്നിവര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.

സുരേഷ് ജനിച്ചതും പഠിച്ചതും ഗുജറാത്തിലായിരുന്നു. അജ്മീര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന സുരേഷ് പിന്നീട് മുങ്ങുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ കൊയിലാണ്ടിയില്‍ വന്നിരുന്നു. അന്ന് ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുവാന്‍ നാട്ടുകാര്‍ക്കും കഴിഞ്ഞിരുന്നില്ല. ഇവിടെ നിന്നും വലിയൊരു വിഭാഗം ആളുകള്‍ ഗുജറാത്തില്‍ ടയര്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അത് കൊണ്ട് പോലീസിന് ഇയാളെ കണ്ടെത്താന്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ടിരുന്നു. സുരേഷിന് ആര്‍.എസ്.എസിന്റെ അഖിലേന്ത്യാ നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. സുരേഷ് ഉള്‍പ്പെടെ മൂന്ന് പേരാണ് ഒളിവില്‍ പോയത്. ഇയാളെ പിടികൂടാനായി വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.