തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ വിഷയത്തിൽ മൗനം പാലിച്ച് സിപിഎം. എംഎൽഎക്ക്‌ എതിരെ ഉയർന്ന ലൈംഗിക ആരോപണ വിഷയം സിപിഎം സംസ്ഥാന കമ്മിറ്റി പരിഗണിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായിട്ടില്ലെന്നും ഇനിയും മൊഴി എടുക്കാനുണ്ടെന്നുമാണ് വിശദീകരണം.

അടുത്തമാസമാണ് ഇനി സംസ്ഥാന കമ്മിറ്റി കൂടുന്നത്. ശബരിമല വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചാണ് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി മുഖ്യമായും ചര്‍ച്ച ചെയ്തത്. സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലും പി.കെ ശശിക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട്  ചര്‍ച്ച ചെയ്തിരുന്നില്ല.

പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ പാലക്കാട്‌ ജില്ലാ കമ്മിറ്റിയംഗമായ യുവതി പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.