ന്യൂഡല്‍ഹി: യു.പിയിലെ ഖൊരക്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫീല്‍ഖാന് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഡോക്ടറുടെ ഭാഗത്തുനിന്നും വ്യക്തിപരമായി ചികിത്സാ പിഴവ് സംഭവിച്ചുവെന്നതിന് രേഖാമൂലമുളള തെളിവില്ലെന്ന് കോടതി പറഞ്ഞു. കഫീല്‍ഖാന് ജാമ്യം അനുവദിച്ചതിനു പിന്നാലെ വ്യാഴാഴ്ച പുറത്തിറക്കിയ വിശദമായ ഉത്തരവിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ നിരീക്ഷണം.

ചികിത്സാപിഴവുണ്ടോ എന്ന വിഷയത്തില്‍ എന്തെങ്കിലും തരത്തിലുള്ള അന്വേഷണം ആരംഭിച്ചിട്ടില്ല. കഫീല്‍ ഖാന് ജാമ്യം അനുവദിക്കാനുള്ള കാരണം യു.പി സര്‍ക്കാറിന്റെ സത്യവാങ്മൂലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. യു.പി സര്‍ക്കാര്‍ അവരുടെ സത്യവാങ്മൂലത്തില്‍ കുട്ടികളുടെ മരണം ഓക്‌സിജന്റെ അഭാവം കൊണ്ടല്ലെന്ന് പറയുന്നുണ്ട്.

ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിയുടെ ടെണ്ടറിങ് നടപടിയുടെ ഭാഗമല്ലായിരുന്നിട്ടും ഖാനെ ജയിലില്‍ പിടിച്ചിടുകയായിരുന്നു. കഴിഞ്ഞ ഏഴുമാസമായി അദ്ദേഹം ജയിലിലായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നില്ലെന്നാണ് അഡീഷണല്‍ ഗവണ്‍മെന്റ് അഡ്വേക്കറ്റ് പറഞ്ഞത്. അതുകൊണ്ടുതന്നെ കഫീല്‍ ഖാന്‍ കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യകതയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിനുശേഷം കഫീല്‍ഖാനോട് വളരെ മോശമായാണ് പെരുമാറിയത്. മറ്റു ആസ്പത്രികളില്‍ നിന്ന് സിലിണ്ടറെത്തിച്ച് കുട്ടികളെ രക്ഷിക്കാന്‍ നോക്കിയതിന് യോഗി തന്നേയും കുടുംബത്തേയും വേട്ടയാടുകയാണെന്ന് കഫീല്‍ഖാന്‍ പറഞ്ഞിരുന്നു.