ആലപ്പുഴ : ആലപ്പുഴ മാന്നാറില്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് പുലര്‍ച്ചെ ഒരു സംഘം വീട് ആക്രമിച്ച് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയത്.

തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കി വിടുകയായിരുന്നു എന്ന് യുവതി പൊലീസിനോട് പറഞ്ഞു.

പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരുടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കം പരിശോധിച്ച് എത്രയും വേഗം പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. സ്വര്‍ണക്കടത്തു സംഘമാണ് യുവതിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന്റെ നിഗമനം. ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. നാലു ദിവസം മുമ്പാണ് ബിന്ദു വിദേശത്തു നിന്നും നാട്ടിലെത്തിയത്.