Culture

എറണാകുളത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ചത് ചാലക്കുടി മണ്ഡലത്തില്‍; അബദ്ധം പിണഞ്ഞ് കണ്ണന്താനം

By ചന്ദ്രിക വെബ് ഡെസ്‌ക്‌

March 24, 2019

കൊച്ചി: പ്രചാരണം തുടങ്ങിയ ആദ്യ ദിനം തന്നെ അബദ്ധം പിണഞ്ഞ് എറണാകുളത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും നാടകീയമായി കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി എറണാകുളത്തേക്ക് യാത്ര തിരിച്ച കണ്ണന്താനം ആദ്യം വോട്ട് ചോദിച്ചിറങ്ങിയത് ചാലക്കുടി മണ്ഡലത്തിലായിരുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥിയായ അല്‍ഫോണ്‍സ് കണ്ണന്താനം ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു മണ്ഡലത്തിലേക്കുള്ള യാത്ര. പക്ഷെ ബസിറങ്ങിയപ്പോള്‍ മണ്ഡലം മാറിപ്പോയി. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ കണ്ണന്താനം ആലുവ പറവൂര്‍ കവലയില്‍ വന്നിറങ്ങി ചാലക്കുടി മണ്ഡളത്തിലെ വോട്ടര്‍മാരോടാണ് ആദ്യം വോട്ട് തേടിയത്. അമളി പറ്റിയെന്നും മണ്ഡലം മാറിപ്പോയെന്നും പ്രവര്‍ത്തകരറിയച്ചതോടെ ബസ് യാത്ര അവസാനിപ്പിച്ച കണ്ണന്താനം സ്വന്തം വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.