ലിസ്ബണില്‍ ഒരു നെയ്മറെസ്‌ക്വു മൂവുമായി നെല്‍സണ്‍ സെമെദോയെ അടിതെറ്റിച്ച് അല്‍ഫോണ്‍സോ ഡേവിസ് ബാര്‍സിലോന ബോക്‌സിലേക്ക് ഡാന്‍സ് ചെയ്തു കയറി ജോഷ്വാ കിമ്മിചിന് പന്തു നല്‍കി ഉണ്ടാക്കിയ ആ ഗോളായിരുന്നു ഇന്നലത്തെ കളിയിലെ ഹൈലൈറ്റ്. ഡേവിസ് നല്‍കിയ പന്തിനെ ഒന്നു തൊട്ടു വിടേണ്ട ജോലിയേ കിമ്മിച്ചിനുണ്ടായിരുന്നുള്ളൂ. ആ ഓര്‍ഡിനറി ഗോളിനു പിന്നിലെ എക്‌സ്ട്രാ ഓര്‍ഡിനറി അസിസ്റ്റ് കണ്ടപ്പോള്‍, ബയണ്‍ മ്യൂണിക്ക് എന്നു കേള്‍ക്കുമ്പോള്‍ ന്യൂയര്‍-മുള്ളര്‍-ലെവന്‍ഡോവ്‌സ്‌കി എന്നു പൂരിപ്പിച്ചിരുന്നവര്‍ ചോദിച്ചു കാണും, ആരാണീ താരം?

അല്‍ഫോണ്‍സോ ഡേവിസ് അതിനുത്തരം പറയുകയാണെങ്കില്‍ അതിങ്ങനെയായിരിക്കും..

പേര്- അല്‍ഫോണ്‍സോ ബോയ്ല്‍ ഡേവിസ്

ജനനം- നവംബര്‍ 2, 2000

ജന്മസ്ഥലം- ഘാനയിലെ ബുദുബുരാം അഭയാര്‍ഥി ക്യാംപ്

ദേശീയ ടീം- കാനഡ

താമസസ്ഥലം – മ്യൂണിക്ക്, ജര്‍മനി!

19 വയസ്സിനുള്ളില്‍ അല്‍ഫോണ്‍സോ ഡേവിസ് മൂന്നു ഭൂഖണ്ഡങ്ങളില്‍ ജീവിച്ചു കഴിഞ്ഞു. അല്ല, അതിജീവിച്ചു കഴിഞ്ഞു. ലൈബീരിയന്‍ ആഭ്യന്തരയുദ്ധത്തിലെ അഭയാര്‍ഥികള്‍ക്കായി ഐക്യരാഷ്ട്ര സംഘടന ഘാനയിലെ ബുദുബുരാമില്‍ സ്ഥാപിച്ച ക്യാംപില്‍ ജനനം. അഞ്ചാം വയസ്സില്‍ കുടുംബത്തോടൊപ്പം കാനഡയിലെ എഡ്മന്റനിലേക്ക് കുടിയേറ്റം. ഫ്രീ-ഫൂട്ടീ എന്ന സന്നദ്ധ സംഘടനയില്‍ നിന്ന് ആദ്യത്തെ ഫുട്‌ബോള്‍ കിറ്റ്. സൗഭാഗ്യങ്ങളിലേക്കുള്ള പാസ്‌പോര്‍ട്ട് കൂടിയായിരുന്നു അത്..

ആദ്യം എഡ്മന്റന്‍ ഇന്റര്‍നാഷനല്‍സ്, സ്‌ട്രൈക്കേഴ്‌സ്..പിന്നെ എംഎല്‍എസ് ക്ലബ്ബായ വാന്‍കൂവര്‍ വൈറ്റ്കാപ്‌സില്‍. അവസാനം 2019 ജനുവരിയില്‍ ബയണ്‍ മ്യൂണിക്കില്‍…

പന്തു വാങ്ങാന്‍ പൈസയില്ലാതെ വളര്‍ന്ന അല്‍ഫോണ്‍സോയുടെ അപ്പോഴത്തെ മൂല്യം 165 കോടി രൂപ! അന്നത്തെ എംഎല്‍എസ് ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ്!

ബയണ്‍ മുടക്കിയ പണം വെറുതെയായില്ല. 2019-20 സീസണില്‍ റൂക്കീ പ്ലെയര്‍ ഓഫ് ദ് ലീഗ്! വെര്‍ഡര്‍ ബ്രെമനെ തോല്‍പിച്ച് ബയണ്‍ കിരീടമുറപ്പിച്ച മത്സരത്തില്‍ 79-ാം മിനിറ്റില്‍ കാര്‍ഡ് കണ്ട് പുറത്തായി. പക്ഷേ അതിനു മുന്‍പേ ബുന്ദസ്ലിഗയില്‍ ക്ലോക്ക് ചെയ്ത ഏറ്റവും വേഗം സ്വന്തം പേരില്‍ കുറിച്ചു- മണിക്കൂറില്‍ 36.51 കിലോമീറ്റര്‍!

2017 ജൂണ്‍ ആറിന് സിറ്റിസണ്‍സിപ്പ് ടെസ്റ്റ് പാസായി കാനഡ പൗരനായി. അതേ ദിവസം തന്നെ കനേഡിയന്‍ ടീമിലേക്കു വിളിയെത്തി. 16-ാം വയസ്സില്‍ കുറാക്കാവോയ്‌ക്കെതിരെ അരങ്ങേറ്റം. അടുത്ത വര്‍ഷം കോണ്‍കകാഫ് ഗോള്‍ഡ് കപ്പിലെ മികച്ച താരം. ലൈബീരിയയുടെയും ഘാനയുടെയും നഷ്ടം അങ്ങനെ കാനഡയുടെ നേട്ടമായി.

ഡേവിസിന് പന്ത് നല്‍കിയത് ഒരു കരിയര്‍ മാത്രമല്ല- കൂട്ടുകാരിയെ കൂടിയാണ്! കനേഡിയന്‍ വനിതാ ഫുട്‌ബോള്‍ താരം ജോര്‍ഡിന്‍ പമേല ഹുയ്‌തെമ.. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സ്‌ട്രൈക്കര്‍..!

ഡേവിസിന്റെ ജീവിതം തീര്‍ച്ചയായും ഒരു വിക്കിപീഡിയ ആര്‍ട്ടിക്കിള്‍ അല്ല! ഒരു ടെഡ് ടോക്ക് ആണ്!