കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചുരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. ഡിവൈഎഫ്‌ഐ നേതാവായ കെ.അനൂപാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബിജുവിനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തിലെ പ്രധാനിയാണ് പയ്യന്നൂര്‍ ബ്ലോക്ക് ട്രഷററായ അനൂപ് എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇന്നലെ രാത്രി 11 മണിയോടെ പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘമാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മുഖ്യപ്രതിയുടെ അറസ്റ്റോടെ കേസില്‍ ആറുപേര്‍ അറസ്റ്റിലായി. രാമന്തളി കുന്നരുവിലെ പാണത്താന്‍ വീട്ടില്‍ സത്യന്‍ (33), കക്കംപാറയിലെ വടക്കുമ്പത്ത് ജിതിന്‍ (31) രാമന്തളി കക്കംപാറയിലെ നടുവിലെ പുരയില്‍ റിനേഷ് (28), രാമന്തളി പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ് (26) എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി പ്രതീഷ് എന്ന ഒരാള്‍ കൂടിയാണ് പിടിയിലാകാനുള്ളത്. പൊലീസിനെ കബളിപ്പിച്ച് വിദേശത്തേക്കു കടന്ന ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്.