ന്യൂയോര്‍ക്ക്: സിറിയയില്‍ ഷായരാത് വ്യോമതാവളത്തിന് നേരെ അമേരിക്കയുടെ ആക്രമണം. വ്യോമതാവളത്തിലേക്ക് അറുപതോളം ടോമോഹാക് മിസൈലുകള്‍ ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വിമത മേഖലകളില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ നടപടി. ഇത് ദേശീയ സുരക്ഷക്ക് വേണ്ടിയാണെന്നാണ് ട്രംപിന്റെ വാദം.

syria-gas-attack_650x400_51491372801

സിറിയയില്‍ നടത്തിയ രാസായുധ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ട്രംപ് പറഞ്ഞു. നേരത്തെ സിറിയയില്‍ ആക്രമണം നടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സൈനിക നീക്കവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം സിറിയയിലെ ഇദ്ബിലെ ജനവാസകേന്ദ്രത്തില്‍ രാസായുധം പ്രയോഗിച്ചിരുന്നു. കനത്ത പുകയില്‍ നിരവധിപേര്‍ കുഴഞ്ഞുവീഴുകയും 80പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതില്‍ 30 പേര്‍ കുട്ടികളായിരുന്നു. രാസായുധ പ്രയോഗത്തെ ഐക്യരാഷ്ട്രസഭയും നിരവധി രാഷ്ട്രങ്ങളും എതിര്‍ത്ത് രംഗത്തെത്തി. അസദ് ഭരണകൂടത്തെ പിന്തുണക്കുന്ന റഷ്യയോട് അവരുടെ നിലപാട് പുന:പരിശോധിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.