ബംഗളൂരു: കര്‍ണാടകയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരോട് അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി ദേശീയ പ്രസിഡന്റ അമിത് ഷാ ആവശ്യപ്പെട്ടെന്ന് മൈസൂര്‍ എംപി പ്രതാപ് സിംഹയുടെ വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്. അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടെന്ന് പ്രതാപ് സിംഹ പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.

യുവമോര്‍ച്ചാ നേതാവ് കൂടിയായ പ്രതാപ് സിംഹയുമായി അമിത്ഷാ ബംഗളൂരുവില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് സംസ്ഥാനത്ത് അക്രമസ്വഭാവമുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. സമാധാനപരമായ പ്രതിഷേധം പോരെന്നും കണ്ണീര്‍ വാതക പ്രയോഗവും ലാത്തിച്ചാര്‍ജ്ജും ഉള്‍പ്പെടെയുണ്ടാകുന്ന പ്രതിഷേധമായിരിക്കണമെന്നുമാണ് അമിത് ഷാ ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാമെന്ന് സിംഹ ഉറപ്പുനല്‍കുന്നതും വീഡിയോയിലുണ്ട്.

നവംബര്‍ 30ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവിലായിരുന്നു ഇത്തരമൊരു വെളിപ്പെടുത്തല്‍ കൂടി വന്നത്. എന്നാല്‍ സംഗതി വിവാദമായതോടെ വീഡിയോ ചിലര്‍ കട്ട് ചെയ്ത് എഡിറ്റ് ചെയ്തതാണെന്ന് പറഞ്ഞ് സിംഹ രംഗത്തെത്തുകയായിരുന്നു. ഹന്‍സൂരില്‍ നടന്ന ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ മറികടന്നതിന് സിംഹയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.

നബിദിന ഘോഷയാത്രയും ഹനുമാന്‍ ജയന്തിയും കടന്നുപോകാനായി ജില്ലാ പൊലീസ് പ്രത്യേകം വഴികള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പൊലീസ് നിഷ്‌കര്‍ഷിച്ച വഴിയില്‍ നിന്നും ഹനുമാന്‍ ജയന്തി അതിരുകടന്നതിനാലായിരുന്നു അറസ്റ്റ്. നിയമലംഘനത്തിന് സിന്‍ഹയുടെ അനുനായികളേയും അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം അമിത് ഷായുടെ ഉപദേശ പ്രകാരം സാമുദായിക സംഘര്‍ഷമുണ്ടാക്കാനാണ് പ്രതാപ് സിംഹ ശ്രമിച്ചതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. എ്ന്നാല്‍ അമിത് ഷാ പറഞ്ഞത് സിംഹ തെറ്റിദ്ധരിച്ചതാണെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടാനും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുമാണ് അമിത് ഷാ ആവശ്യപ്പെട്ടതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പ പ്രതികരിച്ചു.