പെരിന്തല്‍മണ്ണ: പി.വി അന്‍വര്‍ എം.എല്‍.എയുടെ കോഴിക്കോട് കക്കാടംപൊയിലില്‍ തടയണ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാക്കുമെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ചീങ്കണ്ണിപ്പാലയിലെ അനധികൃത തടയണ നിര്‍മാണത്തെക്കുറിച്ച് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ വിവിധ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച നിലമ്പൂര്‍ ഡി.എഫ്.ഒ ഡോ. ആദലര്‍ഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ഉരുള്‍പൊട്ടലിനും വന്‍തോതില്‍ മണ്ണൊലിപ്പിനും കാരണമാകുന്ന തരത്തിലാണ് തടയണ നിര്‍മിച്ചിട്ടുള്ളത്. അതിനാല്‍ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചുമാറ്റണമെന്ന ആവശ്യമാണ് വനംവകുപ്പ് നല്‍കുന്ന മൂന്നാമത്തെ റിപ്പോര്‍ട്ടിലും ഉള്ളത്.

വനത്തില്‍ ഉടലെടുത്ത് ചാലിയാറില്‍ പതിക്കേണ്ട കാട്ടരുവിയിലാണ് പി.വി അന്‍വര്‍ മണ്‍ തടയണ കെട്ടി തടഞ്ഞിരിക്കുന്നത്. മണ്ണുകൊണ്ടുള്ളതായതിനാല്‍ ബലം കുറവായിരിക്കും. എപ്പോള്‍ വേണമെങ്കിലും ഇത് തകരാം. തടയണ പൊട്ടിയാല്‍ നിലവിലുള്ള നീര്‍ച്ചാല്‍ ഗതിമാറി വനത്തിലേക്ക് ഒഴുകും. ആന ഉള്‍പെടെ വന്യജീവികളുടെ സാന്നിധ്യമുള്ള സ്ഥലത്താണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി തടയണയും റോപ് വേയും നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ മൂന്നുഭാഗത്തും നിക്ഷിപ്ത വനമാണ്.

തടയണയിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും വനത്തെ നേരിട്ട് ബാധിക്കും. വനഭൂമിയും റോപ് വേയുടെ തൂണുകളും തമ്മില്‍ മുപ്പത് മീറ്റര്‍ മാത്രം അകലമാണുള്ളത്. ഇവിടേക്ക് വിനോദസഞ്ചാരികളെത്തുന്നത് വനത്തിനും വന്യജീവികളുടെ ആവാസ വ്യവസ്ഥക്കും ദോഷംചെയ്യുമെന്നും ഡി.എഫ്.ഒ മൂന്നാഴ്ച മുമ്പ് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ അജീഷ് കുന്നത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കാട്ടരുവി തടഞ്ഞിട്ടില്ലെന്ന പി.വി അന്‍വറിന്റെ വാദമാണ് ഇതിലൂടെ പൊളിയുന്നത്.

തടയണയുള്ള ഭൂമിയില്‍ കുളമുണ്ടായിരുന്നുവെന്നും കാലക്രമേണ തൂര്‍ന്ന കുളം ജലസംരക്ഷണത്തിനായി മണ്ണ്‌നീക്കി ആഴംകൂട്ടുക മാത്രമാണ് ചെയ്തതെന്ന വാദമാണ് കഴിഞ്ഞ ആഗസ്ത് 30ന് നടന്ന ഹിയറിങ്ങില്‍ നിലവിലെ ഉടമയും അന്‍വറിന്റെ ഭാര്യാ പിതാവുമായ കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി അബ്ദുല്‍ലത്തീഫ് പെരിന്തല്‍മണ്ണ സബ്കലക്ടറുടെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി കലക്ടര്‍ ഡോ. ടി.ഒ അരുണിന്റെ മുമ്പാകെ ഉന്നയിച്ചിരുന്നത്.