കൊച്ചി: ബംഗളൂരു മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ നടന്‍ കൂടിയായ ബിനീഷ് കോടിയേരിയോട് താരസംഘടനയായ അമ്മ വിശദീകരണം തേടും. അമ്മ എക്‌സിക്യൂട്ടിവ് യോഗത്തിന്റേതാണ് തീരുമാനം. ബിനീഷിനെ അമ്മയില്‍ നിന്ന് പുറത്താക്കുന്ന നടപടിയിലേക്ക് ഇപ്പോള്‍ കടന്നില്ല. അതേ സമയം നടി പാര്‍വതി തിരുവോത്തിന്റെ രാജി സ്വീകരിച്ചതായും അമ്മ അറിയിച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം.

ലഹരിക്കടത്തുകേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്നായിരുന്നു യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടത്. വനിതാ അംഗങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു. എന്നാല്‍ ഇടതു എംഎല്‍എമാരായ മുകേഷും ഗണേഷ്‌കുമാറും എതിര്‍ത്തു.

ആക്രമിക്കപ്പെട്ട നടിയെ ചാനല്‍ അഭിമുഖത്തില്‍ എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പരിഹസിച്ചെന്ന് ആരോപിച്ചായിരുന്നു നടി പാര്‍വതി രാജിക്കത്ത് നല്‍കിയത്.