X

അനസ് എടത്തൊടിക ഇന്ന് മൈതാനത്ത്; അങ്കം രാത്രി 08 മുതല്‍ 

ടി.കെ ഷറഫുദ്ദീന്‍
കോഴിക്കോട്
ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ പ്രതിരോധതാരം അനസ് എടത്തൊടിക. 2021-22 ഐ.എസ്.എല്‍ സീസണില്‍ ജംഷഡ്പൂര്‍ എഫ്.സിയ്ക്ക് വേണ്ടിയാണ് 36കാരന്‍ അവസാനമായി കളത്തിലിറങ്ങിയത്. പരിക്ക് കാരണം കഴിഞ്ഞ നാല്‌വര്‍ഷത്തിനിടെ ബൂട്ട്‌കെട്ടിയത് 12 മത്സരങ്ങളില്‍. ഐലീഗിലൂടെ വീണ്ടും അത്ഭുതങ്ങള്‍ തീര്‍ക്കാനെത്തുന്ന കൊണ്ടോട്ടി സ്വദേശി പ്രതീക്ഷകള്‍ പങ്കുവെക്കുന്നു.
ഫുട്‌ബോളിലേക്കുള്ള തിരിച്ചുവരവ് 
എന്നെ ഞാനാക്കിയത് ഐലീഗ് മത്സരങ്ങളാണ്. ജീവിതത്തിലെ നിര്‍ണായകഘട്ടത്തില്‍ കരുത്തായത് ഐലീഗാണ്. ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയില്‍ ഐലീഗ്, ഐ.എസ്.എല്‍ എന്ന വേര്‍തിരിവൊന്നുമില്ല.  അവസരം ലഭിക്കുന്നത് എവിടെയാണോ അവിടെ നൂറുശതമാനം ആത്മാര്‍ത്ഥതയോടെ കളിക്കുക എന്നതിലാണ് കാര്യം. ഫുട്‌ബോളിലേക്കുള്ള തിരിച്ചുവരവ് തനിക്ക് അത്ഭുതമായാണ് തോന്നുന്നത്. ജംഷഡ്പൂരില്‍ നിന്ന് മടങ്ങിയശേഷം പ്രൊഫഷണല്‍ കരിയര്‍ വിടാനായിരുന്നു തീരുമാനിച്ചത്.  ഗോകുലം ടീം എനിക്കായി അവരുടെ പദ്ധതികള്‍ വിശദീകരിച്ചു. ഇതില്‍ ആവേശമുള്‍കൊണ്ടാണ് വീണ്ടും മടങ്ങിയെത്തുന്നത്.
യുവതാരങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കുന്നത് 
-നീണ്ട ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവ് അല്‍പം പ്രയാസമുള്ളകാര്യമാണ്. എന്നാല്‍ കളിക്കാരനെന്ന നിലയില്‍ നമ്മള്‍ എത്രത്തോളം കഠിനാദ്ധ്വാനം ചെയ്യുന്നുവെന്നത് പ്രധാനമാണ്. പ്രൊഫഷണല്‍ കരിയറില്‍  പ്രത്യേകിച്ചും.. യുവതാരങ്ങള്‍-സീനിയര്‍ കളിക്കാര്‍ എന്ന വ്യത്യാസമൊന്നും അക്കാര്യത്തിലില്ല. ഐലീഗില്‍ തനിക്ക് നേരിടേണ്ടിവരിക മികച്ച യുവതാരങ്ങളെയാണെന്ന കൃത്യമായ ബോധ്യമുണ്ട്. ഗോകുലം ടീമിനൊപ്പം തന്റെഡ്യൂട്ടി കൃത്യമായി നിര്‍വഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തവണ ഗോകുലത്തിനൊപ്പം ഐലീഗ് പ്രതീക്ഷകള്‍
-മുന്‍ ഐലീഗ് ചാമ്പ്യന്‍മാരായ ഗോകുലം മികച്ച ആത്മവിശ്വാസത്തിലാണ് പുതിയസീസണില്‍ ഇറങ്ങുന്നത്. സ്ഥിരതയോടെ കളിക്കുകയെന്നത് ചാമ്പ്യന്‍ടീമിനെ സംബന്ധിച്ച് കടുപ്പമാണ്. ഇത്തവണ ഒട്ടേറേ യുവതാരങ്ങളാണ് ഗോകുലത്തിനായി കളിക്കുന്നത്. പരിചയസമ്പന്നരായ ഒട്ടേറെ വിദേശ, ഇന്ത്യന്‍ താരങ്ങളുണ്ട്. മത്സരം കടപ്പമേറിയതാണെങ്കിലും പോസിറ്റീവ് റിസല്‍ട്ടാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
കോഴിക്കോടന്‍ ഓര്‍മ
ഏതൊരു ഫുട്‌ബോളറും കളിക്കാന്‍ കൊതിക്കുന്ന മണ്ണാണിത്. കുട്ടിക്കാലത്ത് എത്രയോ വിഖ്യാതരുടെ കളി ഇവിടെ വന്ന് കണ്ടിട്ടുണ്ട്. അവരായിരുന്നു എന്‍രെ ആദ്യകാല ഗുരുക്കന്മാര്‍.

webdesk11: