അഹമ്മദാബാദ്: കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വിക്കെതിരെ അനില്‍ അംബാനിയുടെ 5000 കോടി രൂപയുടെ മാനനഷ്ടക്കേസ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് ഗ്രൂപ്പാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് റിലയന്‍സ് ഗ്രൂപ്പിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നതാണ് അഭിഷേക് സിംഗ്‌വിക്കെതിരെയുള്ള ആരോപണം.

50 വന്‍കിട കമ്പനികള്‍ 8.35 ലക്ഷം കോടി ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാനുണ്ട്. അതില്‍ മൂന്നെണ്ണം ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിലയന്‍സ്, അദാനി, എസ്സാര്‍ എന്നിവയാണ്. ഇവ മൂന്നുലക്ഷം കോടി രൂപ അടയ്ക്കാനുണ്ടന്നുമായിരുന്നു സിംഗ്‌വിയുടെ പരാമര്‍ശം. ഇത്തരത്തില്‍ വീഴ്ച്ച വരുത്തിയ കമ്പനികളുമായി റാഫേല്‍ ഇടപാട് പോലുള്ള കരാറുകള്‍ ഉണ്ടാക്കി സര്‍ക്കാര്‍ സഹായിക്കുകയാണെന്നും സിംഗ്‌വി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അനില്‍ അംബാനി കോടതിയെ സമീപിച്ചിരിക്കുന്നത്.