തിരുവനന്തപുരം: സി.പി.എം എത്രത്തോളം ദുഷ് പ്രചരണങ്ങള്‍ നടത്തിയാലും അഴിമതിക്കെതിരായ പോരാട്ടം ജീവനുള്ള കാലത്തോളം തുടരുമെന്ന് അനില്‍ അക്കര എം.എല്‍.എ. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേസിലെ പരാതിക്കാരന്‍ കൂടിയായ എം.എല്‍.എ നിലപാട് വ്യക്തമാക്കിയത്.

ജനങ്ങളുടെ വീടുമുടക്കിയെന്ന ദുഷ്പ്രചരണം നടത്തിയവര്‍ക്കുള്ള മറുപടിയാണ് കോടതി വിധി. പൊതുജീവിതത്തില്‍ ഏത് സ്ഥാനമാനങ്ങള്‍ നഷ്ടം വന്നാലും തന്റെ മണ്ഡലത്തിലെ അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും അനില്‍ അക്കര വ്യക്തമാക്കി.