india

ജമ്മുകാശ്മീരിലെ അഞ്ജാത രോഗം; രോഗം ബാധിച്ചവരില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി

By webdesk18

January 25, 2025

ജമ്മുകാശ്മീരിലെ അഞ്ജാത രോഗം ബാധിച്ചവരില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി. ആഹാരത്തിലൂടെയാണ് കീടനാശിനിയായ ആല്‍ഡികാര്‍ബിന്റെയും കാഡ്മിയത്തിന്റെയും അംശം ഉള്ളില്‍ എത്തിയതെന്നാണ് നിഗമനം. സംഭവത്തില്‍ പ്രദേശത്തെ ആഹാരരീതികളെ കൂറിച്ച് പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍നിയോഗിച്ച സമിതി വ്യക്തമാക്കി.

അതേസമയം, ഇന്നലെ പതിനാറുകാരിയെ രോഗം ബാധിച്ച് ആശുപതിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ ഏഴിനാണ് പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചത്. 3,800 താമസക്കാരുള്ള ബദാല്‍ ഗ്രാമത്തിലാണ് സംഭവം. 13 കുട്ടികളും ഒരു ഗര്‍ഭിണിയുമടക്കം 17 പേരാണ് അജ്ഞാത രോഗം ബാധിച്ച് മരിച്ചത്. പനിയും ശരീര വേദനയും അമിതമായ വിയര്‍പ്പും ബോധം മറയലും അടക്കമുള്ള ലക്ഷണങ്ങളാണ് ഇവര്‍ മരണത്തിന് മുമ്പ് ആശുപത്രിയില്‍വെച്ച് പ്രകടിപ്പിച്ചത്.