ഉത്തര്‍പ്രദേശ്: യുവതിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിന്റെ തല വടിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഷാജഹാന്‍പൂരിലെ പബ്ലിക് പാര്‍ക്കില്‍ നിന്നും യുവതിയോടൊപ്പം പിടികൂടിയതിന് ശേഷം പൊലീസികാരുടെ സാന്നിധ്യത്തിലായിരുന്നു ആന്റി-റോമിയോ സ്‌ക്വാഡിന്റെ കലാപരിപാടി.

സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും വെള്ളിയാഴ്ചയാണ് തലവടിക്കുന്നതടക്കമുള്ള വീഡിയോ വൈറലായത്. അപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനെയും മൂന്ന് കോണ്‍സ്റ്റബിള്‍മാരെയും സംഭവം വിവാദമായതിനെത്തുടര്‍ന്ന് സസ്‌പെന്റ് ചെയ്തു.

സുഹൈല്‍ അഹ്മദ്, ലൈക് അഹ്മദ്, സോനുപാല്‍ എന്നിവരും സംഭവസ്ഥലത്തുണ്ടായിരുന്നെന്ന് ആരോപണമുണ്ട്. കണ്‍മുന്നില്‍ വെച്ച് ഇങ്ങനെ ഒരു പ്രവര്‍ത്തനം നടന്നിട്ടും കയ്യുംകെട്ടി നോക്കി നില്‍ക്കുകയായിരുന്നു ഇവരെന്നാണ് പ്രാഥമിക നിഗമനം. ഇവരെ സസ്‌പെന്റ് ചെയ്തതായും ഷാജഹാന്‍പൂര്‍ എസ്.എസ്.പി കെ.ബി സിങ് പറഞ്ഞു.