അലിഗഡ്: ഉത്തര്‍പ്രദേശിലെ ഇറച്ചി വില്‍പ്പനക്കാരുടെ സമരത്തെത്തുടര്‍ന്ന് മെസ്സുകളില്‍ ബീഫ് ലഭിക്കാത്ത സാഹചര്യത്തില്‍ ആവശ്യമായത് ചെയ്യാന്‍ അലിഗഡ് വി.സി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു.

അനധികൃത അറവുശാലകള്‍ എന്ന പേരില്‍ അടച്ചുപൂട്ടിയവയില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവയും ഉള്‍പ്പെട്ടതിനെ ചൊല്ലിയാണ് ഇറച്ചി വില്‍പ്പനക്കാര്‍ കൂട്ടത്തോടെ കടകള്‍ അടച്ചുപൂട്ടി സമരത്തിനിറങ്ങിയത്.

ഇതോടെ സര്‍വകലാശാലയിലെ മെസ്സുകളില്‍ ബീഫ് ലഭിക്കാതെ വന്നു. തുടര്‍ന്ന വിദ്യാര്‍ഥികള്‍ അലിഗഡ് സര്‍വകലാശാലാ വി.സിക്ക് നല്‍കിയ പരാതി പരിഗണിച്ചാണ് ലെഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന വില്‍പ്പനശാലകളില്‍ നിന്ന് മാംസം എത്തിക്കാനാണ് അഞ്ച് യൂനിവേഴ്‌സിറ്റി ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അലിഗഡ് വി.സി ലഫ്. ജന. സമീറുദ്ദീന്‍ ഷാ പ്രത്യാശ പ്രകടിപ്പിച്ചു.