ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളില്‍ അര്‍ജന്റീന, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം. അടുത്ത വര്‍ഷം ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന റഷ്യയെ അവരുടെ തട്ടകത്തില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ കരുത്തരായ വെയില്‍സിനെ ഫ്രാന്‍സ് എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ പോര്‍ച്ചുഗല്‍ സൗദി അറേബ്യയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് തകര്‍ത്തത്. കരുത്തരായ ബെല്‍ജിയവും മെക്‌സിക്കോയും തമ്മിലുള്ള മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു. കരുത്തരായ ഇംഗ്ലണ്ടും ജര്‍മനിയും പരസ്പരം ഗോളടിച്ചില്ല. റഷ്യക്കെതിരെ സെര്‍ജിയോ അഗ്വേറോ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയപ്പോള്‍ ഗരത് ബെയ്ല്‍ കളിക്കാത്ത വെയില്‍സിനെതിരെ ആന്റോയിന്‍ ഗ്രീസ്മന്‍, ഒളിവര്‍ ജിറൂഡ് എന്നിവരാണ് ഫ്രാന്‍സിന്റെ ഗോളുകള്‍ നേടിയത്. മാനുവല്‍ ഫെര്‍ണാണ്ടസ്, ഗോണ്‍സാലോ ഗ്വെഡസ്, ജോ മരിയോ എന്നിവരായിരുന്നു പോര്‍ച്ചുഗലിന്റെ സ്‌കോറര്‍മാര്‍.