തിരുവനന്തപുരം: കുടുംബവഴക്ക് കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ലഭിച്ച പരാതിയെച്ചൊല്ലി മന്ത്രി ജി.ആര്‍ അനിലും വട്ടപ്പാറ സി.ഐ ഡി.ഗിരിലാലും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ സി.ഐക്കു സ്ഥലംമാറ്റം. ഗിരിലാലിനെ വിജിലന്‍സിലേക്കാണ് അടിയന്തരമായി സ്ഥലംമാറ്റിയത്.
രണ്ടാച്ഛന്‍ കുട്ടിയെ ഉപദ്രവിച്ച കേസില്‍ പരാതിക്കാരിക്കായി ഇടപെടണമെന്നായിരുന്നു മന്ത്രി ജി.ആര്‍ അനിലിന്റെ നിര്‍ദേശം. എന്നാല്‍ ന്യായം നോക്കി കാര്യങ്ങള്‍ ചെയ്യാമെന്ന് സി.ഐ മറുപടി നല്‍കിയതോടെ ക്ഷുഭിതനായ മന്ത്രി വൈകിട്ടോടെ അവനെ തൂക്കിയെടുക്കുമെന്നല്ലേ മറുപടി പറയേണ്ടതെന്ന് പറഞ്ഞു. എന്നാല്‍ അങ്ങനെ തൂക്കിയെടുത്തോണ്ടു വരുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ നമ്മളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്ന് സി.ഐ തിരിച്ചു മറുപടി നല്‍കി. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന്റെ ശബ്ദരേഖ പുറത്തുവന്നു.
സ്ത്രീക്ക് അനുകൂലമായ രീതിയില്‍ നടപടിയെടുക്കണമെന്ന് പറഞ്ഞപ്പോള്‍ നീതിയുക്തമായി താന്‍ കാര്യങ്ങള്‍ ചെയ്‌തോളാമെന്ന് സി.ഐ പറഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മന്ത്രിയുടെ രൂക്ഷമാ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സി.ഐ തന്നെ നീ എന്നൊന്നും വിളിക്കരുതെന്ന് പറയുന്നതും ശബ്ദരേഖയിലുണ്ട്. മണ്ഡലത്തിലെ വോട്ടര്‍ പറയുന്നതു കേട്ട് അതുപോലെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും സി.ഐ മന്ത്രിയോട് ശക്തമായി പറയുന്നുണ്ട്.
ഈ മാസം 17നാണ് രണ്ടാനച്ഛന്‍ 11 വയസ്സുള്ള കുഞ്ഞിനെ കാലില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചത്. ഇന്നലെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തി അമ്മ ഇതുസംബന്ധിച്ച പരാതി നല്‍കി. എന്നാല്‍ മൊഴി നല്‍കാന്‍ അമ്മ തയാറായിരുന്നില്ല. പിന്നീട് നിര്‍ബന്ധിച്ച ശേഷമാണ് മൊഴി നല്‍കിയത്. ഭര്‍ത്താവിനെ തിരക്കി പൊലീസ് ഫഌറ്റിലെത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നാലാഞ്ചിറയില്‍ നിന്നും ഇയാളെ അറസ്റ്റു ചെയ്തു.