ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. കുച്ച് ബിഹാര്‍ അണ്ടര്‍ 19 ട്രോഫിയില്‍ മുംബൈയും മധ്യപ്രദേശും തമ്മിലുളള മത്സരത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത  അര്‍ജുന്‍ അഞ്ച് വിക്കറ്റ് നേടി താരമായി. ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയ മുംബൈയുടെ സ്‌കോറിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശിന്റെ രണ്ടാം ഇന്നിങ്‌സിലായിരുന്നു അര്‍ജുന്റെ തകര്‍പ്പന്‍ പ്രകടനം. മധ്യപ്രദേശിന്റെ മുന്‍നിര ബാറ്റ്‌സ്മാരെയാണ് അര്‍ജുന്‍ തിരിച്ച് കൂടാരം കയറ്റിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആദ്യമായാണ് അഞ്ച് വിക്കറ്റ് നേട്ടം അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ സ്വന്തമാക്കുന്നത്. മധ്യപ്രദേശ് ആദ്യ ഇന്നിങ്‌സില്‍ 361 റണ്‍സ് നേടിയപ്പോള്‍ മുംബൈ 506 റണ്‍സാണ് അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ മുംബൈ ഒന്നിന് 47 എന്ന നിലയില്‍ കളി സമനിലയില്‍ അവസാനിപ്പിക്കേണ്ടി വന്നു. 26 ഓവര്‍ എറിഞ്ഞ അര്‍ജുന്‍ 95 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റ് നേടിയത്.
നേരത്തെ വിവിധ ടീമുകള്‍ക്കെതിരെ നെറ്റ്‌സില്‍ പന്തെറിഞ്ഞ് അര്‍ജുന്‍ വാര്‍ത്തകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ന്യൂസിലാന്‍ഡിനെതിരായ പരമ്പര നടക്കുന്നതിനിടെ അര്‍ജുണ്‍ നെറ്റ്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെയും പന്തെറിഞ്ഞിരുന്നു. ശിഖര്‍ ധവാന്‍ വിരാട് കോഹ്‌ലി തുടങ്ങി മുതിര്‍ന്ന താരങ്ങള്‍ക്കെതിരെയാണ് അര്‍ജുന്‍ അന്ന് പന്തെറിഞ്ഞത്.