മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ടെണ്ടൂല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടൂല്‍ക്കര്‍ ഇന്ത്യ അണ്ടര്‍-19 ടീമില്‍. അടുത്ത മാസം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലാണ് അര്‍ജുന്‍ ഇടം നേടിയത്.

ശ്രീലങ്കയില്‍ ഇന്ത്യ രണ്ട് ചതുര്‍ദിന മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളും അടങ്ങുന്നതാണ് പര്യടനം. ചതുര്‍ദിന മത്സരങ്ങളിലാണ് അര്‍ജുന്‍ സ്ഥാനം നേടിയത്. ഇടംകൈ മീഡിയം പേസറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമാണ് അര്‍ജുന്‍.
ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അനുജ് രാവത്താണ് ചതുര്‍ദിന മത്സരത്തില്‍ ടീമിനെ നയിക്കുക. ഏകദിനത്തില്‍ ഉത്തര്‍പ്രദേശ് താരം ആര്യന്‍ ജുയല്‍ ടീമിനെ നയിക്കും.

ധര്‍മശാലയില്‍ കഴിഞ്ഞയാഴ്ച നടന്ന അണ്ടര്‍-19 ടീം ക്യാമ്പില്‍ അര്‍ജുന്‍ പങ്കെടുത്തിരുന്നു. മുംബൈ ടീമിനു വേണ്ടി അണ്ടര്‍ 14, അണ്ടര്‍ 16 ടീമുകളില്‍ അംഗമായിരുന്നു അര്‍ജുന്‍. ഓള്‍റൗണ്ടറായി അറിയപ്പെടുന്ന അര്‍ജുന്‍ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ 18 വിക്കറ്റുകളും 94 റണ്‍സും നേടിയിരുന്നു.