Connect with us

kerala

വയനാട്ടിലേക്ക് കൂടുതൽ സൈന്യം; പാങ്ങോട് ക്യാമ്പിൽനിന്ന് 130 പേർ പുറപ്പെട്ടു

തിരുവനന്തപുരം പാങ്ങോട് ക്യാമ്പിൽനിന്ന് 130 സൈനികർ വയനാട്ടിലേക്ക് പുറപ്പെട്ടു.

Published

on

ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നിൽക്കുന്ന ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈന്യമെത്തും. തിരുവനന്തപുരം പാങ്ങോട് ക്യാമ്പിൽനിന്ന് 130 സൈനികർ വയനാട്ടിലേക്ക് പുറപ്പെട്ടു.

2018ലെ പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായിരിക്കുന്നത്. ചൂരൽമല അങ്ങാടി പൂർണമായി ഒലിച്ചുപോയി. എത്ര വീടുകൾ നശിച്ചുവെന്ന് കൃത്യമായ കണക്കില്ല. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകരിൽ ചുരുക്കം ചിലർക്കേ എത്താൻ സാധിച്ചുള്ളു. രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് കൂടുതൽ സൈനികരെത്തുന്നത്. സൈനികർക്കു പുറമെ, എൻ.ഡി.ആർ.എഫും ഫയർ ഫോഴ്സും പൊലീസും സന്നദ്ധ സംഘടനകളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

മുണ്ടക്കൈ ഭാഗങ്ങളിലാണ് രക്ഷാപ്രവർത്തനം അതീവദുഷ്കരം. ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന ഏകയാത്രാ മാർഗമായ പാലം ഒലിച്ചുപോയതോടെയാണ് പ്രദേശം തീർത്തും ഒറ്റപ്പെട്ട നിലയിലായത്. ഇവിടേക്ക് ചുരുക്കം രക്ഷാപ്രവർത്തകർക്ക് മാത്രമേ ഇതിനകം എത്തിപ്പെടാനായുള്ളു. 150ഓളം പേരാണ് മുണ്ടക്കൈ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നത്. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിങ് സംഘത്തിലെ 50 സൈനികർ ദുരന്തഭൂമിയിലുണ്ട്.

ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ട്. അതീവ ദുഷ്‍കരമായ മേഖലയിൽ കുടുങ്ങിയവരെയും മൃതദേഹങ്ങളും വടംകെട്ടി സാഹസികമായാണ് സൈനികർ കരക്കെത്തിക്കുന്നത്. തിരച്ചിലിന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കണമെന്ന് സംസ്ഥാനം അഭ്യർഥിച്ചിരുന്നു. അഭ്യർഥന പ്രകാരം മീററ്റ് ആർ.വി.സിയിൽ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡ് എത്തും.

മുണ്ടക്കൈയിൽ പല വീടുകളുടെയും തറ മാത്രമാണ് ബാക്കിയുള്ളത്. ദുരന്തത്തിന്‍റെ യഥാർഥ വ്യാപ്തി ഇതുവരെ പുറത്തുവന്നിട്ടില്ല.

kerala

മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾക്കുള്ള ആദരവും സംസ്ഥാന സംഗമവും ബുധനാഴ്ച

സംഗമവും ആദരിക്കലും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

Published

on

കോഴിക്കോട്: വയനാട്ടിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തെ തുടർന്ന് ദുരിതാശ്വാസ സന്നദ്ധ സേവനമനുഷ്ഠിച്ച വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നൽകുന്ന ആദരവും വൈറ്റ് ഗാർഡ് സംഗമവും ബുധനാഴ്ച്ച (സപ്തംബർ 11 ന്) 3 മണിക്ക് കോഴിക്കോട് സരോവരം ട്രേഡ് സെൻ്റിൽ നടക്കും. സംഗമവും ആദരിക്കലും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീർ, സീനിയർ വൈസ് പ്രസിഡന്റ്‌ എം.പി അബ്ദു സമദ് സമദാനി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എം.കെ മുനീർ എന്നിവർ പ്രസംഗിക്കും. ഡോ. എസ്.എസ് ലാൽ, സുലൈമാൻ മേൽപ്പത്തൂർ വിഷയാവതരണം നടത്തും. മുസ്‌ലിം ലീഗ് ദേശീയ – സംസ്ഥാന നേതാക്കൾ, എം.എൽ.എമാർ പരിപാടിക്ക് അഭിവാദ്യങ്ങൾ നേരും.

വയനാട്ടിൽ ഉരുൾപൊട്ടൽ മേഖലയിൽ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ നടത്തിയ രക്ഷാപ്രവർത്തനം സമാനതകളില്ലാത്തതായിരുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താനും അവയുടെ സംസ്കാരത്തിന് നേതൃത്വം നൽകാനും മണ്ണിനടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും വൈറ്റ് ഗാർഡ് അംഗങ്ങൾ മുൻപന്തിയിൽ നിന്നു. ദുരന്ത മണ്ണിലെ ഇവരുടെ സേവന പ്രവർത്തനങ്ങൾ ദേശീയ മാധ്യമങ്ങൾ വരെ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. പ്രകൃതി ദുരന്തങ്ങളിലും കൊവിഡ്, നിപ്പ തുടങ്ങിയവ ഉണ്ടായപ്പോഴും വൈറ്റ് ഗാർഡിൻ്റെ സേവനം കേരളം കണ്ടറിഞ്ഞതാണ്.

വൈറ്റ് സംഗമത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുള്ള വൈറ്റ് ഗാർഡ് അംഗങ്ങളും പങ്കെടുക്കും.

Continue Reading

GULF

റഹീമിന്റെ മോചന ശ്രമം ഊർജിതം പ്രോസിക്യൂഷനിൽ നിന്ന് ഫയൽ കോടതിയിലേക്കയച്ചു

പ്രോസിക്യൂഷൻ വിഭാഗത്തിലുണ്ടായിരുന്ന ഫയൽ ഞായറാഴ്ച്ച തന്നെ കോടതിയിലേക്ക് അയച്ചതായി അധികൃതർ അബ്ദുറഹീമിന്റെ വക്കീൽ അബുഫൈസലിനെയും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനെയും ഇന്നലെ അറിയിക്കുകയായിരുന്നു

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : റിയാദിൽ ജയിൽ മോചനം കാത്തു കഴിയുന്ന കോഴിക്കോട് കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി വാർത്താകുറിപ്പിൽ അറിയിച്ചു. ഏറെ വൈകാതെ നടപടികൾ പൂർത്തീകരിച്ച് റഹീമിനെ കാത്തിരിക്കുന്ന ഉമ്മയുടെ പക്കൽ എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ, ചീഫ് കോ ഓർഡിനേറ്റർ ഹസ്സൻ ഹർഷദ് ഫറോക്ക് എന്നിവർ പറഞ്ഞു.

പ്രോസിക്യൂഷൻ വിഭാഗത്തിലുണ്ടായിരുന്ന ഫയൽ ഞായറാഴ്ച്ച തന്നെ കോടതിയിലേക്ക് അയച്ചതായി അധികൃതർ അബ്ദുറഹീമിന്റെ വക്കീൽ അബുഫൈസലിനെയും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനെയും ഇന്നലെ അറിയിക്കുകയായിരുന്നു. കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഇന്ത്യൻ എംബസ്സിയും ജാഗ്രതയോടെ ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും രാജ്യസഭാ അംഗം അഡ്വ.ഹാരിസ് ബീരാനെയും സമിതി നേതാക്കളെയും അറിയിച്ചിരുന്നു.

ജൂലൈ രണ്ടിന് വധ ശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള വിധി വന്നതിന് ശേഷം നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യൻ എംബസിയും സമിതിയും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരും വക്കീൽ അബു ഫൈസലും. ദിയാധനമായ പതിനഞ്ച് മില്യൺ സഊദി റിയാൽ മരണപ്പെട്ട അനസ് ഷഹരിയുടെ കുടുംബത്തിന് കോടതി മുഖേന കൈമാറി കുടുംബാംഗങ്ങൾ അനുരഞ്ജന കരാറിൽ ഒപ്പ് വെച്ചതോടെയാണ് വധ ശിക്ഷ റദ്ദ് ചെയ്തത്. കേസിലെ സ്വകാര്യ അവകാശങ്ങളിൽ പെട്ട ഈ ദൗത്യം പൂർത്തിയായതോടെ പിന്നീട് മറ്റു പൊതു അവകാശങ്ങളുടെ മേലുള്ള നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമം തുടരുകയായിരുന്നു.

പൊതു അവകാശങ്ങളുടെ മേൽ റഹീമിന്റെ പേരിൽ മറ്റു കുറ്റങ്ങളൊന്നും ഇല്ലെന്ന സത്യവാങ് മൂലമാണ് പ്രോസിക്യൂഷൻ കോടതിയിലേക്ക് അയച്ചിട്ടുള്ളത് . ലഭ്യമാകുന്ന മുറക്ക് കോടതി ഇത് പരിഗണിച്ച് മോചന ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പബ്ലിക് റൈറ്റ്സ് അനുസരിച്ചുള്ള ബാക്കി നടപടിക്രമങ്ങളും പൂർത്തിയാക്കണം. കോടതി മോചന ഉത്തരവ് പുറപ്പെടുവിച്ചാൽ ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. ശേഷം ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ജവാസാത്ത് (പാസ്സ്‌പോർട്ട് വിഭാഗം) ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കും. തുടർന്ന് ഇന്ത്യൻ എംബസി യാത്ര രേഖ നൽകുന്നതോടെ റഹീമിന് ജയിൽ മോചിതനായി രാജ്യം വിടാനാകുമെന്ന് പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂർ പറഞ്ഞു.

Continue Reading

kerala

മാമി തിരോധാനക്കേസ്: കുടുംബത്തിന്‍റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു

Published

on

കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മാമി തിരോധാനക്കേസിൽ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് സംഘം. വെള്ളിമാടുകുന്നിലെ മാമിയുെട വീട്ടിലെത്തി മകൾ അദീബ നൈനയുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് മാമി തിരോധാനത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. റേഞ്ച് ഐജി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പി കെ.യു പ്രേമനാണ് അന്വേഷണ ചുമതല. ഇന്ന് മകളുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്.

കാര്യങ്ങൾ വിശദമായി സംഘത്തെ അറിയിച്ചുവെന്ന് അദീബ പറഞ്ഞു. സംഘം മാമിയുടെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. നേരത്തെ കേസ് അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിൽ നിന്നും ക്രൈംബ്രാഞ്ച് അടുത്തദിവസം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

നേരത്തെ, നടക്കാവ് പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണത്തിൽ എതിർപ്പില്ലെന്ന് എസ്‌ഐടി സംഘം വ്യക്തമാക്കിയിരുന്നു.

 

Continue Reading

Trending