മലപ്പുറം: രണ്ടായിരത്തോളം സ്ത്രീകളെ സമൂഹമാധ്യമം വഴി ശല്യം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി സനോജിനെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള രണ്ടായിരത്തോളം സ്ത്രീകളെയാണ് ഫേസ്ബുക്ക് മെസഞ്ചര്‍, വാട്‌സാപ്പ് വഴിയും സനോജ് ശല്യം ചെയ്തത്. നാല് വര്‍ഷമായി അശ്ലീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യം ചെയ്യുകയായിരുന്നു.

സനോജിനെ കുടുക്കാന്‍ ഇതേ വഴി തന്നെയാണ് പൊലീസും സ്വീകരിച്ചത്. നാല് ദിവസത്തോളം സ്ത്രീയെന്ന രീതിയില്‍ സംസാരിച്ച് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയുടെ ഫോണില്‍ നിന്ന് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി വിവിധ ജില്ലകളിലെ സ്ത്രീകളെ ശല്യപ്പെടുത്തിയതായി കണ്ടെത്തി. ഇതേ രീതിയില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവരെ നിരീക്ഷിക്കുകയാണെന്ന് താനൂര്‍ സിഐ പി പ്രമോദ് പറഞ്ഞു. സീനിയര്‍ സിപിഓ സലേഷ് കാട്ടുങ്ങല്‍, സിപിഓ വിമോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.