ഡല്‍ഹി : കോവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഒന്നിലധികം വാക്‌സിനുകള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്‌സിന്‍ അതോടൊപ്പം ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ തുടങ്ങിയ വാക്‌സിനുകളാണ് പരിഗണയിലുള്ളത്. സര്‍ക്കാരിനെ സംബന്ധിച്ച് മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് ത്വരിത ഗതിയില്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കുക എന്നതിനാണ് പ്രഥമിക പരിഗണന നല്‍കുന്നത്.

അത്സമയം, നിയമനടപടികളില്‍ നിന്ന് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനാവാല. നിര്‍മാതാക്കള്‍ക്ക് അവരുടെ വാക്‌സിനുകള്‍ക്കെതിരായ എല്ലാ നിയമ വ്യവഹാരങ്ങളില്‍ നിന്നും, പ്രത്യേകിച്ച് പകര്‍ച്ചവ്യാധി സമയത്ത്, സംരക്ഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ നിര്‍മതാക്കള്‍ ഇത് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിയമ വ്യവഹാരങ്ങള്‍ക്കെതിരേ നിര്‍മാതാക്കള്‍ക്ക്, പ്രത്യേകിച്ച് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. കോവാക്‌സും മറ്റ് രാജ്യങ്ങളും ഇതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിസ്സാര ആരോപണങ്ങള്‍ ഉയരുമ്പോള്‍, മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ വാക്‌സിന്‍ കാരണം എന്തെങ്കിലും സംഭവിക്കാം എന്ന സംശയം നിലനില്‍ക്കും. ശരിയായ വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.