Connect with us

Video Stories

മുഹമ്മദ് നബിയുടെ മാതൃകാജീവിതം

Published

on

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

നമുക്ക് നന്മ നല്‍കിയവരോട് നന്ദി കാണിക്കല്‍ നമ്മുടെ ബാധ്യതയാണ്. ബുദ്ധിയും വിവേകവുമുള്ള ഏതൊരാളുടേയും അടിസ്ഥാന ചിന്തയാണത്. ഒരാളുടെ വിശ്വാസം പ്രവാചകനോടുള്ള സ്‌നേഹം കൂടാതെ പൂര്‍ത്തിയാവുകയില്ല എന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കില്ല. പ്രവാചകനെ സ്‌നേഹിക്കുക, അനുസരിക്കുക, അദ്ദേഹത്തിന്റെ ജീവിത മാതൃകകളെ അനുധാവനം ചെയ്യുക എന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘പ്രവാചകരേ, ജനത്തോടു പറയുക: നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും. അവന്‍ ഏറെ മാപ്പരുളുന്നവനും കരുണാനിധിയുമാകുന്നു’ (ആലുഇംറാന്‍ 31). സ്‌നേഹം എന്നത് ഇത്തിബാഅ് (പിന്‍പറ്റല്‍) മാത്രമല്ല. നബി(സ) എന്ന വ്യക്തിയെ തന്നെ സ്‌നേഹിക്കലാണ്. വ്യക്തിയെ സ്‌നേഹിക്കാതെ അയാളെ പിന്തുടരാനോ മാതൃകയാക്കി സ്വീകരിക്കാനോ പറ്റില്ല എന്നത് ആര്‍ക്കും മനസിലാക്കാവുന്ന വസ്തുതയാണ്.
മനുഷ്യരെ അജ്ഞതയില്‍നിന്നും അന്ധവിശ്വാസങ്ങളില്‍നിന്നും നരകത്തില്‍നിന്നും രക്ഷപ്പെടുത്തിയ പ്രവാചകന്‍(സ) മനുഷ്യരുടെ സ്‌നേഹവും ആദരവും മറ്റാരെക്കാളും അര്‍ഹിക്കുന്നു. അല്ലാഹു പറയുന്നു: ‘പറയുക: നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങളുടെ സമ്പാദ്യവും നഷ്ടം ഭയപ്പെടുന്ന കച്ചവടവും ഇഷ്ട ഭവനങ്ങളുമാണ്, അല്ലാഹുവിനേക്കാളും അവന്റെ റസൂലിനേക്കാളും നിങ്ങള്‍ക്ക് ഏറെ പ്രിയങ്കരമെങ്കില്‍ അല്ലാഹുവിന്റെ കല്‍പന(ശിക്ഷ) കാത്തിരുന്നു കൊള്ളുക. അധര്‍മകാരികള്‍ക്ക് അല്ലാഹു മാര്‍ഗദര്‍ശനമരുളുകയില്ല’ (9:24). തിരുമേനി (സ) സത്യവിശ്വാസികള്‍ക്ക് സ്വന്തത്തേക്കാള്‍ പ്രിയങ്കരനാവണം. സ്വന്തം താല്‍പര്യങ്ങളേക്കാള്‍ തിരുനബിയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സ്വന്തം അവകാശത്തേക്കാള്‍ അവിടുത്തെ അവകാശം വകവെച്ചുകൊടുക്കണം. സന്ദിഗ്ധ ഘട്ടങ്ങളില്‍ സ്വന്തത്തെത്തന്നെ അതിനുവേണ്ടി ബലി നല്‍കാനും അവര്‍ തയാറാവണം.’ അപ്പോഴാണ് റസൂലിനെ യഥാര്‍ഥത്തില്‍ സ്‌നേഹിച്ചവരായി നാം മാറുക. പ്രവാചകന്‍(സ) പഠിപ്പിച്ചു: ‘എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനെത്തന്നെ സത്യം, സ്വന്തത്തേക്കാളും സ്വന്തം ധനത്തേക്കാളും സന്താനങ്ങളെക്കാളും ഞാന്‍ നിങ്ങള്‍ക്ക് പ്രിയങ്കരനാവുന്നത്‌വരെ നിങ്ങളിലാരും വിശ്വാസികളാവുകയില്ല.’ എന്നെകഴിച്ച് മറ്റാരേക്കാളും താന്‍ സ്‌നേഹിക്കുന്നത് പ്രവാചകനെയാണെന്നറിയിച്ച ഉമറി(റ) നോട് നബി(സ) പറഞ്ഞത്, സ്വന്തത്തേക്കാള്‍ തിരുനബിയെ ഇഷ്ടപ്പെടുമ്പോള്‍ മാത്രമേ ആരും വിശ്വാസിയാവുകയുള്ളൂവെന്നാണ്.
പ്രവാചക ചരിത്രം പഠിക്കാനും ആ ജീവിതത്തില്‍നിന്ന് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാനും അത് അനുധാവനം ചെയ്യാനും പ്രവാചക സ്‌നേഹം ഇല്ലാതെ കഴിയില്ല. എല്ലാത്തിനുമുപരി അന്ത്യ പ്രവാചകന്‍ എന്ന നിലക്ക് തിരുദൂതര്‍ നമുക്ക് പകര്‍ന്നുതന്ന അധ്യാപനങ്ങളെ നാം ജീവിക്കുന്ന സമൂഹത്തിനുമുമ്പില്‍ പ്രചരിപ്പിക്കുക എന്ന ഉത്തരവാദിത്തവും നമുക്കുണ്ട്. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അവിടുന്ന് സൂചിപ്പിച്ചതും അതാണല്ലോ: ‘ഇവിടെ ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.’ നബി(സ) യുടെ ജീവിതം മറ്റുള്ളവര്‍ക്ക് പകര്‍ത്തി നല്‍കാനുള്ള അവസരമായി നാം നബിദിനാഘോഷങ്ങളെ ഉപയോഗപ്പെടുത്തണം.
മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ മാതൃകാപുരുഷനാണ് റസൂല്‍ (സ). ഒന്നു പോലും ഒഴിയാതെ ശ്രേഷ്ഠമായ എല്ലാ സ്വഭാവങ്ങളും അതിന്റെ പൂര്‍ണാര്‍ഥത്തില്‍ അല്ലാഹു ആവിഷ്‌കരിച്ചിരിക്കുന്നത് റസൂല്‍ (സ) യുടെ ജീവിതത്തിലാണ്. മുന്‍ കഴിഞ്ഞുപോയ എല്ലാ പ്രവാചകരുടെയും മികവുറ്റ സ്വഭാവ മഹിമകള്‍ നബി (സ)തങ്ങളില്‍ ഒരുമിച്ചുകാണാം. സൃഷ്ടികളില്‍ ഏറ്റവും ഉത്തമന്‍ മുത്ത് നബി (സ) ആണെന്നാണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ക്ക് നബി(സ) യില്‍ ഉത്തമമായ മാതൃകയുണ്ടെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തി അനുകരണീയരാകുന്നത് അയാള്‍ അനുകരിക്കപ്പെടാവുന്ന സ്വഭാവത്തിനുടമയാകുമ്പോഴാണ്. തെറ്റ് ചെയ്യുന്ന ആളെ അനുകരിക്കപ്പെടില്ല. പ്രവാചകന്മാര്‍ പാപസുരക്ഷിതരാണെന്ന അഹ്്‌ലുസ്സുന്നയുടെ വിശ്വാസത്തിന്റെ അടിസ്ഥാനവും ഇതു തന്നെയാണ്. സാധാരണ മനുഷ്യര്‍ക്കുണ്ടായേക്കാവുന്ന സകല ചപലതകളില്‍ നിന്നും മുക്തി നേടിയവരാണ് പ്രവാചകന്മാര്‍. അത് അവര്‍ക്ക് നബിത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ ഉണ്ടായിരുന്നു.
‘തീര്‍ച്ചയായും അവരെ (മനുഷ്യരെ) മുഴുവന്‍ ഞാന്‍ പിഴപ്പിക്കും. നിന്റെ നിഷ്‌കളങ്കരായ അടിമകളെ ഒഴികെ’. എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതി: ‘താന്‍ പിഴപ്പിക്കുന്നവരുടെ പട്ടികയില്‍നിന്ന് നിഷ്‌കളങ്കരെ പിശാച് ഒഴിവാക്കി. അവര്‍ അമ്പിയാക്കളാകുന്നു. ഇബ്‌റാഹിം (അ), ഇസ്ഹാഖ് (അ), യഅ്ഖൂബ് (അ) എന്നിവരുടെ കാര്യത്തില്‍ അവരെ നാം മുഖ്‌ലിസ്വീങ്ങളാക്കി എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. യൂസുഫ് നബിയെക്കുറിച്ച് അദ്ദേഹം നമ്മുടെ ഇഖ്‌ലാസുള്ള അടിമകളില്‍പെട്ടവരായിരുന്നുവെന്നും അല്ലാഹു പറയുന്നു. ചില പ്രവാചകന്മാര്‍ പാപസുരക്ഷിതരാണെന്നു സ്ഥിരപ്പെട്ടാല്‍ എല്ലാവരുടേയും കാര്യത്തില്‍ അത് ബാധകമാണെന്നും സ്ഥിരപ്പെടുന്നതാണ്. അങ്ങനെയല്ലെന്ന് ആരും പറയുന്നില്ല’ (റാസി, 3/9). ‘അവര്‍ അല്ലാഹുവിന് വഴിപ്പെടാന്‍വേണ്ടി മാത്രം അല്ലാഹു തെരഞ്ഞെടുത്ത വിഭാഗമാകുന്നു. തെറ്റുകളില്‍നിന്ന് അല്ലാഹു അവരെ സംരക്ഷിച്ചിരിക്കുന്നു’ (അബുസ്സുഊദ് 1/452).
സര്‍വത്തിലും വിശ്വാസിക്ക് റസൂല്‍(സ) മാതൃകയാണ്. പ്രവാചകര്‍ (സ) യുടെ ഭക്ഷണ രീതികള്‍, നില്‍പ്പിന്റെയും ഇരിപ്പിന്റെയും ശൈലികള്‍, കുടുംബ ബന്ധങ്ങള്‍, വസ്ത്ര ധാരണ രീതികള്‍, ചെരിപ്പിട്ടതിന്റെയും നഖം മുറിച്ചതിന്റെയും താടി മനോഹരമാക്കി വെച്ചതിന്റെയും മാതൃകകള്‍, കൃഷി ചെയ്തതിന്റെയും അതിഥികളെ സല്‍കരിച്ചതിന്റെയും മര്യാദകള്‍ എന്നു തുടങ്ങി സര്‍വതല സ്പര്‍ശിയായ ഒരു ജീവിത വീക്ഷണമാണ് സുന്നത്തുകള്‍കൊണ്ട് അര്‍ഥമാക്കുന്നത്. ആ സുന്നത്തുകളാണ് ഒരു വിശ്വാസിയുടെ ജീവിതം. അത് ഭൗതിക ലാഭേച്ഛയില്ലാതെ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമ്പോള്‍ ഒരാള്‍ യാഥാര്‍ത്ഥ വിശ്വാസിയാകുന്നു. സാധാരണ ഒരു നേതാവുമായുള്ള കേവല ബന്ധമായിരുന്നില്ല സ്വഹാബികള്‍ക്ക് നബി(സ)യുമായുണ്ടായിരുന്നത്. ആ ബന്ധം അതിവൈകാരികവും അത്യന്തം ഊഷ്മളവുമായിരുന്നു. ഹുദൈബിയ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഖുറൈശികളുടെ പ്രതിനിധിയായി നബി(സ)യെ സന്ദര്‍ശിച്ച ഉര്‍വത്ബ്‌നു മസ്ഊദ് തിരിച്ചുചെന്ന് ഖുറൈശികളോട് പറയുന്നതിങ്ങനെയാണ്: ‘ഖുറൈശികളെ ഞാന്‍ കിസ്‌റയെയും ഖൈസറിനെയും നജ്ജാശിയെയും അവരുടെ കൊട്ടാരങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, മുഹമ്മദിന്റെ അനുയായികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് പോലെ മറ്റാരും ആരെയും സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.’ അത്തരമൊരു ജീവിതത്തെ പുകഴ്ത്തരുത് എന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. മുഹമ്മദ് എന്നാല്‍ വാഴ്ത്തപ്പെടുന്നവന്‍, വാഴ്ത്തപ്പെടേണ്ടവന്‍ എന്നൊക്കെയാണ് അര്‍ത്ഥം. ഈ പേര് അല്ലാഹു അബ്ദുല്‍ മുത്വലിബിന് തോന്നിപ്പിച്ച് വിളിച്ചതാണ്. പൂര്‍വ വേദങ്ങളിലും ഈ നാമം രേഖപ്പെടുത്തപ്പെട്ടതാണ്. അപ്പോള്‍ മുഹമ്മദ് നബി(സ)യെ വാഴ്ത്തരുത് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം വാഴ്ത്തപ്പെടേണ്ടവരെ വാഴ്ത്തരുത് എന്നാണ്. എത്ര വിരോധാഭാസമാണിത്? ഈസാ നബി(അ)യെ അദ്ദേഹത്തിന്റെ അനുയായികള്‍ വാഴ്ത്തിയപോലെ എന്നെ നിങ്ങള്‍ വാഴ്ത്തരുത് എന്ന് ഹദീസുണ്ട്. ഈസാ നബി(അ)യെ ക്രിസ്ത്യാനികള്‍ വാഴ്ത്തിയതുപോലെ വാഴ്ത്തരുത് എന്ന് പറഞ്ഞാല്‍ വാഴ്ത്തരുത് എന്നാണോ അര്‍ഥം. റസൂല്‍(സ) ദൈവ പുത്രനാണെന്ന് നാമാരും പറയുന്നില്ല. മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് വിശ്വാസം നശിപ്പിക്കുന്നവരുടെ കുടിലതകള്‍ മാത്രമാണിത്തരം പ്രചാരണത്തിന് പിന്നില്‍. സര്‍വ കാര്യങ്ങളിലും മാതൃകയാക്കാന്‍ പറ്റിയ സൃഷ്ടികളില്‍ അത്യുത്തമനായ തിരുനബി(സ)യുടെ ജീവിതം പകര്‍ത്താന്‍ നമുക്ക് സാധിക്കണം. ഇസ്‌ലാമിനെയും മുഹമ്മദ് നബിയേയും പരിചയമില്ലാത്ത ഒരു സമൂഹത്തിന് അവിടുത്തെ ജീവിതം പരിചയപ്പെടുത്തിക്കൊടുക്കാനുള്ള അവസരമായി ഇതിനെ നാം ഉപയോഗപ്പെടുത്തണം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending