പി.പി മുഹമ്മദ്

സംസ്ഥാന പൊതുവിദ്യാഭ്യാസത്തിന് കീഴിലുള്ള സ്‌കൂളുകള്‍, ഓഫീസുകള്‍, മേധാവികള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. എതിര്‍പ്പുകളും കോലാഹങ്ങളും നിയമപോരാട്ടങ്ങള്‍ക്കും ഇത് വഴിവെക്കും. എന്തിനാണ് ധൃതിപിടിച്ചുള്ള നീക്കമെന്ന് ചോദിക്കുന്നവരോട് ഭരണകൂടം പറയുന്നത് വിവിധ ഉത്തരമാണ്. എന്നാലിത് നടപ്പാക്കുന്നതിന്റെപിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ഉത്തരമാണ് പ്രബലമായത്. കൂടാതെ പരിഷത്തുണ്ട്, പഞ്ചായത്ത് കൈമാറ്റമുണ്ട്,തസ്തിക വെട്ടികുറക്കലുണ്ട്, നിയമന നിരോധനമുണ്ട്, ഭാഷാവിരുദ്ധതയുണ്ട്.
ഡോ. എം.എ ഖാദര്‍ ചെയര്‍മാനായ കമ്മിറ്റി സമര്‍പ്പിച്ച മികവിനായുള്ള സ്‌കൂള്‍ വിദ്യാഭ്യാസം വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളാണ് നടപ്പാക്കുന്നതെന്നാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിയമസഭക്കകത്തും പുറത്തും പറയുന്നതും പ്രചരിപ്പിക്കുന്നതും. സമിതിയില്‍ ചെയര്‍മാനെ കൂടാതെ ഡോ. സി. രാമകൃഷ്ണന്‍, ജി. ജ്യോതിചൂഢന്‍ അംഗങ്ങളാണ്. 2017 ഒക്‌ടോബര്‍ 19 ന് സമിതി രൂപീകരിക്കുകയും 2019 ജനുവരി 24 ന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തു. 160 പേജുള്ള, 6 അധ്യായങ്ങളുള്ള റിപ്പോര്‍ട്ടിലെ 14 മേഖലകളിലെ 2 മേഖലകളാണിപ്പോള്‍ നടപ്പാക്കുകയെന്നും മന്ത്രി പറയുന്നു.
2014 ജൂലൈ 29 ന് കെ.എസ്.ടി.എ രൂപീകരിച്ച വിദ്യാഭ്യാസ സമിതി രണ്ടര വര്‍ഷത്തെ സമയമെടുത്താണ് 367 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡോ. എം.എ ഖാദര്‍, ഡോ.സി.രാമകൃഷ്ണന്‍, അംഗങ്ങളായി 2017 മാര്‍ച്ച് 20 ന് തയ്യാറാക്കിയ പൊതുവിദ്യാഭ്യാസ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളാണ് യഥാര്‍ത്ഥത്തില്‍ കേരളം നടപ്പാക്കുന്നത്. സ്വകാര്യ റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ ഔദ്യോഗികമാക്കി നടപ്പാക്കുകയാണിപ്പോള്‍ ചെയ്യുന്നത്. പ്രീ സ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെയുള്ള ഏകീകരണം പ്രസ്തുത റിപ്പോര്‍ട്ടിലുണ്ട്. സ്വകാര്യ റിപ്പോര്‍ട്ട് പകര്‍ത്തിയെഴുതി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ 14 മാസം വേണ്ടിവന്നു. സമയം, ധനം, അധ്വാനം, മനുഷ്യവിഭവം ഇതൊക്കെ വേറെയും.
സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെ.എസ്.ടി.എ തയ്യാറാക്കിയ പൊതുവിദ്യാഭ്യാസ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മുഴുവന്‍ അതേപടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014 ല്‍ രൂപപ്പെടുത്തിയ നിര്‍ദ്ദേശങ്ങളാണ് 2019 ജൂണ്‍ മുതല്‍ നടപ്പാക്കുന്നതെന്നര്‍ത്ഥം. പൊതുവിദ്യാഭ്യാസ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം, പേജ് നമ്പര്‍, സ്‌കൂള്‍ ഘടന (320, 345), മൂന്ന് ഡയരക്ടറേറ്റുകളുടെ ഏകോപനം (157,319), സ്ഥാപന മേധാവി പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പല്‍ (319,360), വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വേണ്ട(265), സ്‌കൂള്‍ ഓഫീസും, അനധ്യാപക ജീവനക്കാരെയും ഏകീകരണം വേണം (159,360), മൂന്ന് പരീക്ഷാ ഭവനുകളെയും ഒന്നാക്കണം(158,320).
മികവിനായുള്ള സ്‌കൂള്‍ വിദ്യാഭ്യാസം വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ അധ്യായം 6, ശിപാര്‍ശകള്‍ സംഗ്രഹം, പേജ് 115 ലെ ഭരണ നിര്‍വഹണം തലക്കെട്ടിലെ 1, 5, 6, 7, 8, 9, ശിപാര്‍ശകളാണ് നടപ്പാക്കുന്നത്. ഈ 6 നിര്‍ദ്ദേശങ്ങളും മുകളില്‍ പറഞ്ഞ ആറും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്. സത്യത്തില്‍ ഏത് റിപ്പോര്‍ട്ടാണ് നടപ്പാക്കുന്നത്. 2014 മുതല്‍ തയ്യാറാക്കിയ രാഷ്ട്രീയ റിപ്പോര്‍ട്ട് എന്നായിരിക്കും ഉത്തരം. പരിഷത്ത് വത്കരണമെന്ന പരാതി വരുമെന്നതിനാല്‍ റിപ്പോര്‍ട്ട് മാര്‍ക്‌സിസ്റ്റ് അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ പേരിലാക്കി എന്ന്മാത്രം.
സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ സ്‌കൂളുകള്‍ എന്നിവ 12 ക്ലാസുവരെ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാപന മേധാവി പ്രിന്‍സിപ്പാളാണ്. കേരളത്തില്‍ 10 ക്ലാസ്‌വരെ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് കീഴില്‍. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ട് ഡയരക്ടര്‍മാര്‍ക്ക് കീഴില്‍. വിദ്യാഭ്യാസ വകുപ്പ് ഒന്ന്, സ്‌കൂളിന്റെ പേര്‍ ഒന്ന്, ക്യാമ്പസ് ഒന്ന്, നിയമം മൂന്ന്, സംസ്ഥാന അധികാരികള്‍ മൂന്ന്, സ്‌കൂള്‍ മേധാവികള്‍ മൂന്ന്. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ പൊതുവിദ്യഭ്യാസത്തിന്റെ ഭാഗമാണല്ലോ. ഇതൊന്നാക്കാനാണ് മാറ്റമെന്ന് സര്‍ക്കാര്‍ ഭാഷ്യം. സര്‍ക്കാറിന്റെ അമിതാവേശവും ധൃതിയും സംശയത്തിനിടവരുത്തുന്നതാണ്. 2019 ജനുവരി 24 ന് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് 2019 ഫെബ്രുവരി 28 ന് മന്ത്രിസഭ തത്വത്തില്‍ അംഗീകരിക്കുന്നു. മാര്‍ച്ച് 6 നാണ് പരസ്യപ്പെടുത്തുന്നത്. മൂന്ന് മാസം റിപ്പോര്‍ട്ട് പുറംലോകം കാണിച്ചില്ല. 2019 ജൂണില്‍ റിപ്പോര്‍ട്ട് നടപ്പാക്കാനായി രാഷ്ട്രീയ തീരുമാനമുണ്ട്. അതോടെ ചര്‍ച്ചയായി. മെയ് 20 പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ അധ്യാപക സംഘടനകളുമായി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു. മെയ് 28 ന് മന്ത്രി കാലത്ത് അധ്യാപക സംഘടനകളുമായും ഉച്ചക്ക് മാനേജര്‍മാര്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, തദ്ദേശ സ്വയംഭരണ സംഘടനകള്‍ എന്നിവരുമായി വെവ്വേറെ ചര്‍ച്ച നടത്തി. മെയ് 29 ന് നിയസഭയില്‍ അടിയന്തിര പ്രമേയം അഡ്വ.കെ.എന്‍.എ ഖാദര്‍ അവതരിപ്പിക്കുന്നു. 29 ന് മന്ത്രിസഭ ചേര്‍ന്ന് ഏകപക്ഷീയമായി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഘട്ടംഘട്ടമായി നടപ്പാക്കാന്‍ തീരുമാനിക്കുന്നു. (കെ.എസ്.ടി.എ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പറയുന്നതാണ് ഉചിതം). ഹയര്‍സെക്കന്ററിക്ക് ഓഫീസ്, നോണ്‍ടീച്ചിങ് സ്റ്റാഫ്, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ക്ക് സ്ഥാപന മേധാവിയാവാം, ഭരണ ചുമതലയുണ്ടാവും, സഹായിക്കാന്‍ വൈസ് പ്രിന്‍സിപ്പാള്‍, അമിത ജോലിയാകുമെന്നതിനാല്‍ താല്‍ക്കാലിക നിയമനം നടത്താം, ജൂനിയര്‍ ടീച്ചര്‍ക്ക് പിരിയിഡുകള്‍ നല്‍കാം. മോഹിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍. 2658 ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ ജോലിയെന്താണ്, എത്രകാലം ഹെഡ്മാസ്റ്റര്‍ തസ്തിക നിലനിര്‍ത്തും, വൈസ് പ്രിന്‍സിപ്പാളുടെ ചുമതലയെന്താണ്, അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ (എ.ഇ.ഒ) മുതല്‍ എ.ഡി.പി.ഐ വരെ 223 തസ്തികകളില്‍ സ്ഥാനകയറ്റം ലഭിച്ചിരുന്ന ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ഇനിയത് ലഭിക്കുമോ, ഹെഡ്മാസ്റ്റര്‍ പിരിയുന്നതോടെ തസ്തിക തന്നെ ഇല്ലാതെയാവുന്ന സ്ഥിതിയല്ലെ വരാന്‍ പോകുന്നത്. 389 വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ 4,280 അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍ വി.എച്ച്.എസ്.ഇ ഉണ്ടാവില്ലെന്നും മന്ത്രി പറയുന്നു. കോഴ്‌സിന്റെയും അധ്യാപകരുടെയും ഭാവി എന്താകും.
ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള സ്ഥാനക്കയറ്റമാണ് ഹെഡ്മാസ്റ്റര്‍ പദവി. അത് പൂര്‍ണ്ണമായി ഇല്ലാതെയാവും. 2,100 ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്കും ക്ലാര്‍ക്കിനെയും ഓഫീസ് സ്റ്റാഫിനെയും നിയമിക്കാമായിരുന്നു. ഈയിനത്തില്‍ 6,000 തസ്തികയാണ് ലയനത്തോടെ ഇല്ലാതെയാവുന്നത്. ഭാഷാധ്യാപകര്‍ക്കും തസ്തിക നഷ്ടപ്പെടാനിടയുണ്ട്. പ്രൈമറി വേതനവും ഹൈസ്‌കൂളില്‍ നിയമനവും ഹയര്‍സെക്കന്ററി വരെ ജോലിയെടുക്കുന്ന സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കും പ്രയാസങ്ങള്‍ ഏറെയാവും.
ഡി.പി.ഐ ഇല്ല-ഡി.ഡി.ഇ മാര്‍ ഉണ്ടാവും, എച്ച്.എസ്.ഇ ഡയരക്ടറുണ്ടാവില്ല-ആര്‍.ഡി.ഡി ഉണ്ടാവും, വി.എച്ച്.എസ്.ഇ ഡയരക്ടറുണ്ടാവില്ല-എ.ഡി യുണ്ടാവും. എ.ഇ.ഒ, ഡി.ഇ.ഒ ഇപ്പോള്‍ ഉണ്ടാവും-പിന്നീടുണ്ടാവില്ല. ഇതൊന്നും തുടരേണ്ടതില്ലെന്നാണ് ഖാദര്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. എല്ലാം ചേര്‍ത്ത് ഒറ്റ മേധാവി ഡയരക്ടര്‍ ഓഫ് സ്‌കൂള്‍ എഡ്യുക്കേഷന്‍ (ഡി.എസ്.ഇ). എന്നാല്‍ വരാന്‍ പോകുന്നത് ഡയരക്ടര്‍ ഓഫ് ജനറല്‍ എഡ്യുക്കേഷന്‍(ഡി.ജി.ഇ). പരീക്ഷകള്‍ക്ക് പ്രത്യേക ബോര്‍ഡ് ഓഫ് സ്‌കൂള്‍ എക്‌സാമിനേഷന്‍സ് കേരളം ഉണ്ടാക്കാനാണ് ഖാദര്‍ കമ്മിറ്റി പറയുന്നത്. എല്ലാ പരീക്ഷകളുടെയും ചുമതല ഡി.ജി.ഇക്കായിരിക്കുമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പക്ഷം. ഏകീകരണവുമായി ബന്ധപ്പെട്ട സമഗ്ര സ്‌പെഷ്യല്‍ റൂള്‍ ഉണ്ടാക്കാനായി പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കയാണ്. ഇനിയങ്ങോട്ട് വിദ്യാഭ്യാസ രംഗത്ത് വിവാദങ്ങളുടെ നാളുകളാണുണ്ടാവുക. സ്ഥാനക്കയറ്റം, ജോലി സ്ഥിരത, നിയമനാംഗീകീരം, തസ്തിക നിര്‍ണ്ണയം, അധ്യാപക-ജീവനക്കാരുടെ സേവന-വേതന ഫയലുകളിലെ തീരുമാനമെടുക്കല്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാവും. കൂടാതെ വി.എച്ച്.എസ്.ഇ, ഹയര്‍സെക്കന്ററി, ഹൈസ്‌കൂള്‍ നിലവിലുള്ള മൂന്ന് മേധാവികളെ രണ്ടായി ചുരുക്കുമ്പോള്‍ കസേരകളിവേറെയും. വിദ്യാഭ്യാസ മേഖലയില്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ രാഷ്ട്രീയ കാഴ്ചപ്പാടോടെ ധൃതിപിടിച്ചാവുമ്പോള്‍ താറുമാറാവും. അരാജകത്വം ഉണ്ടാവും. നടപ്പാക്കുന്നത് മേഖലയിലുള്ളവരെ ബോധ്യപ്പെടുത്തണം. താളം തെറ്റിയാല്‍ ഉത്തരവാദിത്വം സര്‍ക്കാറിനായിരിക്കും.
(കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)