Connect with us

Video Stories

ബി.ജെ.പിയുടെ രാഷ്ട്രീയ ഭക്ഷണം

Published

on

ദരിദ്രരുടെ മാംസാഹാരമാണ് മാട്ടിറച്ചി. മാംസത്തിന്റെയും പോഷകങ്ങളുടെയും കലവറയായതിനാലാണ് മാട്ടിറച്ചിക്ക് ഇഷ്ടം കൂടാനുള്ള കാരണം. നാഷണല്‍ ന്യൂട്രീഷ്യന്‍ കണക്ക് പ്രകാരം പച്ച ബീഫിലും ഉണക്ക ബീഫിലുമായി 50 ശതമാനത്തിലധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പച്ചക്കറികളില്‍ പ്രോട്ടീന്റെ അളവ് 25 ശതമാനം മാത്രമാണ്. പോഷകാഹാരകുറവുകൊണ്ട് കുട്ടികള്‍ മരിക്കുന്ന രാജ്യം കൂടിയാണ് ഭാരതം. ജനങ്ങളുടെ ആരോഗ്യ പരിരക്ഷക്ക് ഉതകുംവിധം ഭക്ഷണം ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരാവാദിത്വമാണ്. അതിന് വിപരീതമായി ജനങ്ങളുടെ ആരോഗ്യവും തൊഴിലും സാമ്പത്തിക ഭദ്രതയും നിലംപരിശാക്കും വിധമുള്ള ഉത്തരവിനാണ് രാജ്യം കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. പ്രൊവിന്‍ഷ്യന്‍ ഓഫ് ക്രൂവല്‍റ്റി ആനിമല്‍ ആക്ട് പ്രകാരം കാള, പശു, പോത്ത്, ഒട്ടകം എന്നിവയെ കാലിചന്തകള്‍ വഴി വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവ് വന്‍ പ്രതിഷേധത്തിന്് തിരികൊളുത്തിയിരിക്കുകയാണ്.
വിശുദ്ധ പശു എന്ന കഥ 1960കളിലാണ് മാധവികുട്ടി എഴുതിയത്. എന്നിരുന്നാലും രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് ബീഫ് രാഷ്ട്രീയ ഭക്ഷണമായി മാറിയ സാഹചര്യത്തില്‍ ആ കഥ പുനര്‍ വായന നടത്തുന്നത് നന്നായിരിക്കും. ഒരു കുട്ടി കുപ്പതൊട്ടിയില്‍ നിന്ന് പഴത്തൊലി പെറുക്കി തിന്നുമ്പോള്‍ ഒരു പശു അവന്റെ അടുക്കല്‍ വന്ന് പഴത്തോല്‍ കടിച്ച് വലിച്ചു. അവന്‍ പശുവിനെ തള്ളി നീക്കി. പശു ഉറക്കെ കരഞ്ഞു ഓടി. സന്യാസിമാര്‍ ഉടന്‍ പ്രത്യക്ഷപ്പെട്ടു. ‘വിശുദ്ധ മൃഗമായ പശുവിനെ നീയാണോ ഉപദ്രവിച്ചത്?’ അവര്‍ കുട്ടിയോട് ചോദിച്ചു. ‘ഞാന്‍ ഉപദ്രവിച്ചില്ല. ഞാന്‍ തിന്നിരുന്ന പഴത്തോല്‍ പശു തട്ടിപ്പറിച്ചു. അതുകൊണ്ട് അതിനെ ഓടിച്ചതാണ്.’ കുട്ടി പറഞ്ഞു. ‘നിന്റെ മതമേതാണ്?’ സന്യാസിമാര്‍ ചോദിച്ചു. ‘മതം? അതെന്താണ്?’ കുട്ടി ചോദിച്ചു. നീ മുസ്‌ലിമാണോ? നീ ക്രിസ്താനിയാണോ? നീ അമ്പലത്തില്‍ പോകാറുണ്ടോ? പള്ളിയില്‍ പോകാറുണ്ടോ? ‘ഞാന്‍ എങ്ങോട്ടും പോകാറില്ല’. കുട്ടി പറഞ്ഞു. എനിക്ക് കുപ്പായമില്ല. ട്രൗസറിന്റെ പിറക് വശം കീറിയിരിക്കുന്നു. സന്യാസിമാര്‍ അന്യോന്യം സ്വകാര്യം പറഞ്ഞു. നീ മുസല്‍മാനായിരിക്കണം. പശുവിനെ നീ ഉപദ്രവിച്ചു. അവര്‍ പറഞ്ഞു. നിങ്ങള്‍ പശുവിന്റെ ഉടമസ്ഥരാണോ?. കുട്ടി ചോദിച്ചു സന്യാസിമാര്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊന്ന് ആ കുപ്പതൊട്ടിയില്‍ ഇട്ടു. സന്യാസിമാര്‍ ‘ഓം നമശ്ശിവായ’ അങ്ങയുടെ തീരുമാനം വാഴ്ത്തപ്പെടട്ടെ.
പശു സംരക്ഷണത്തിന്റെ പേരില്‍ കുട്ടിക്കേറ്റ ദുരന്തത്തിന് സമാനമായ രീതിയില്‍ ഒട്ടേറെ കൊലപാതകങ്ങള്‍ മോദി ഭരണത്തിന്റെ തണലില്‍ സംഘികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ദാദ്രിയിലെ മുഹമ്മദ് അഹ്‌ലാഖും യു.പിയിലെ നുഅ്മാനും ഹിമാച്ചല്‍ പ്രദേശിലെ സാഹിദ് റസൂല്‍ ഭട്ടും ജയ്പൂരിലെ പെഹലൂഖ് ഖാനുമെല്ലാം ഗോ സംരക്ഷക സേനക്കാരാല്‍ രക്തസാക്ഷികളായി തീര്‍ന്നവരാണ്. ഗോ മൂത്രം കുടിപ്പിക്കല്‍, ചാണകം തീറ്റിക്കല്‍, മരക്കൊമ്പില്‍ കെട്ടിത്തൂക്കല്‍ തുടങ്ങിയ ശിക്ഷാരീതികള്‍ മാസമുറ തെറ്റാതെ നടക്കാറുമുണ്ട്. കശാപ്പിനായുള്ള കാലി വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ കരിനിയമം ഗോ രക്ഷ സേനക്കാര്‍ക്ക് രാജ്യം മുഴുവനും അഴിഞ്ഞാടാനുള്ള അവസരമാണ് ഒരുക്കിയത്. ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം ഒഡീഷയില്‍ നടന്ന അക്രമം ഒന്നാംതരം തെളിവാണ്. കൊച്ചുവേളി-ഗുഹാവാത്തി എക്‌സ്പ്രസ് ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഗോമാതാവിനെ സംരക്ഷിക്കാനെന്ന പേരില്‍ സംഘികള്‍ ട്രെയിന്‍ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ട്രെയിനിലെ പാര്‍സല്‍ കമ്പാര്‍ട്ട്‌മെന്റില്‍ പരിശോധനയില്‍ 20 പശുക്കളെ കണ്ടെത്തി. ക്ഷീര കര്‍ഷകരെ സഹായിക്കാനായി മേഘാലയ സര്‍ക്കാര്‍ ആരംഭിച്ച ഡയറി ഫാമിലേക്ക് തമിഴ്‌നാട്ടിലെ സേലത്തുനിന്നും കൊണ്ടുവന്ന പശുക്കളെയാണ് അവര്‍ കണ്ടത്. ആവശ്യമായ രേഖകള്‍ ഉണ്ടായിട്ടും സംഘികള്‍ വഴങ്ങിയില്ല. ലോക്കോ പൈലറ്റിനെയും യാത്രക്കാരെയും ക്രൂരമായി മര്‍ദ്ദിച്ചു. പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കാനിരിക്കുന്ന കലാപങ്ങളുടെ ദുസ്സൂചനയായി ഈ സംഭവത്തെ കാണേണ്ടതുണ്ട്.
ഇന്ത്യയില്‍ 61 ശതമാനം ജനങ്ങളും ഇറച്ചിഭക്ഷണം കഴിക്കുന്നവരാണ്. ഹൈന്ദവരും ദലിതരും ആദിവാസികളുമെല്ലാം ബീഫ് കഴിക്കുന്നവരില്‍ ഉള്‍പ്പെടും. 31 ശതമാനം മാത്രമാണ് സസ്യാഹാരികള്‍. 9 ശതമാനം സസ്യാഹാരത്തോടൊപ്പം മുട്ട ഭക്ഷണം കഴിക്കുന്നവര്‍ കൂടിയാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. കയറ്റുമതി മേഖലയില്‍ നിന്നുള്ള മൊത്തം വരുമാനത്തിന്റെ 12 ശതമാനം ഏതാണ്ട് 30000 കോടി രൂപയാണ് ബീഫ് കയറ്റുമതിയിലൂടെ ഖജനാവില്‍ എത്തുന്നത്. ബി.ജെ.പി മന്ത്രിസഭയിലെ വാണിജ്യ മന്ത്രി നിര്‍മ്മല്‍ സീതാരാമന്‍ തന്നെ ലോക്‌സഭയില്‍ ഈ കണക്ക് തലകുലുക്കി സമ്മതിച്ചതാണ്. അറവുശാലകള്‍, മാട്ടിറച്ചി വില്‍പ്പനശാലകള്‍, മാട്ടിറച്ചി കയറ്റുമതി, തുകല്‍ സംസ്‌കരണം, എല്ല് സംസ്‌കരണം, വളം നിര്‍മ്മാണം തുടങ്ങിയ വ്യവസായങ്ങളില്‍ പങ്കാളികളായ സംരംഭകരും തൊഴിലാളികളും ലക്ഷങ്ങള്‍ വരും. ഇന്ത്യയില്‍ എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ ആവില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രഖ്യാപനം നടത്തുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ അന്നം മുടക്കുന്ന ഏര്‍പ്പാടിന് കേന്ദ്ര സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതിന്റെ കാരണം സംഘ്പരിവാര്‍ ശക്തികളുടെ കൈയ്യടിക്കുവേണ്ടി മാത്രമാണ്. രാജ്യത്താകമാനം നടപ്പിലാക്കാന്‍ പോകുന്ന നിയമത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായവും ആരാഞ്ഞിട്ടില്ല. പാര്‍ലമെന്റിലും ഈ വിഷയം നാളിതുവരെയായി ചര്‍ച്ചയും ചെയ്തിട്ടില്ല.
കശാപ്പിനായി കന്നുകാലികളുടെ വില്‍പ്പന പാടില്ലെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഗോസംരക്ഷകരല്ല. ആയിരുന്നെങ്കില്‍ രാജ്യത്തുടനീളം ഗോശാലകള്‍ തുറക്കുമെന്ന് വിളംബരം കൂടി കേള്‍ക്കണമായിരുന്നു. അതുണ്ടായില്ല. പശുവിന്റെ ആയുസ് ഏതാണ്ട് 25 വര്‍ഷമാണ്. 10 വര്‍ഷമാകുമ്പോള്‍ കറവ വറ്റും. കറവ വറ്റിയ പശുക്കളെ വില്‍പ്പന നടത്തുമ്പോള്‍ കര്‍ഷകര്‍ക്ക് 20000 രൂപ വരെ കിട്ടാറുണ്ട്. ആ പണം ഉപയോഗിച്ചാണ് പുതിയ പശുക്കളെ വാങ്ങുന്നത്. അത് സാധിക്കാത്തതിനാല്‍ ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനങ്ങളില്‍ പശുക്കളെ ‘തെരുവില്‍ തള്ളല്‍’ആരംഭിച്ചിരിക്കുകയാണ്. ഗതാഗതകുരുക്കും പരിസ്ഥിതി മലിനീകരണവും അവിടങ്ങളില്‍ മുഖ്യപ്രശ്‌നങ്ങളാണ്. പുതിയ നിയമം രാജ്യത്ത് എല്ലായിടത്തും ഈ പ്രശ്‌നം വ്യാപിപ്പിക്കാന്‍ മാത്രമാണ് ഉപകരിക്കുക. കറവ വറ്റിയ പശുക്കളെ തീറ്റിപോറ്റാന്‍ കര്‍ഷകന് സാമ്പത്തിക സ്ഥിതി അനുവദിക്കില്ല. അത് ഗോക്കളുടെ വംശനാശത്തിനും പാലുത്പാദനത്തില്‍ ഇന്ത്യക്ക് ഇപ്പോഴുള്ള കുതിപ്പിനും തിരിച്ചടിയാകും.
ഗോവധ നിരോധനത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണ് ഐ ടു ഹാഡ് എ ഡ്രീം. ക്ഷീര വിപ്ലവത്തിന്റെ അമരക്കാന്‍ വര്‍ഗീസ് കുര്യന്റെ ആത്മകഥയാണിത്. ആര്‍.എസ്.എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കറുമായി ഉരിത്തിരിഞ്ഞ് വന്ന ബന്ധവും അവര്‍ തമ്മില്‍ നടത്തിയ സംഭാഷണങ്ങളും വര്‍ഗീസ് കുര്യന്‍ ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. ഗോവധ നിരോധനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എം.കെ സര്‍ക്കാര്‍ കമ്മീഷനില്‍ ഗോള്‍വാള്‍ക്കര്‍, പുരി ശങ്കരാചാര്യര്‍ എന്നിവര്‍ക്കൊപ്പം വര്‍ഗീസ് കുര്യനും അംഗമായിരുന്നു. കറവ വറ്റിയ പ്രായം ചെന്ന് ആരോഗ്യം നശിച്ച പശുക്കളെ കൊല്ലേണ്ടത് ക്ഷീര വ്യവസായത്തിന് അനുപേക്ഷണീയമാണെന്ന് കുര്യന്‍ വാദിച്ചു. എങ്കില്‍ കൂടുതല്‍ ശ്രദ്ധയും വിഭവങ്ങളും ആരോഗ്യമുള്ള പശുക്കള്‍ക്ക് കൊടുക്കാന്‍ പറ്റും. ആരോഗ്യം നശിച്ച് ഉത്പാദന ക്ഷമത കുറഞ്ഞ് അവശകളായ ലക്ഷക്കണക്കിന് പശുക്കളെ ചാവുന്നത് വരെ സംരക്ഷിക്കാന്‍ പുരി ശങ്കരാചാര്യര്‍ക്കും ഗോള്‍വാള്‍ക്കര്‍ക്കും എന്ത് സംവിധാനമാണ് ഉള്ളതെന്നും കുര്യന്‍ ചോദിച്ചു. ഈ സന്ദര്‍ഭത്തിലാണ് ആര്‍.എസ്.എസ് മേധാവിയായ ഗുരു ഗോള്‍വാള്‍ക്കര്‍ ഗോവധ നിരോധനത്തിന്റെ യുക്തിയും ഉദ്ദേശ ലക്ഷ്യങ്ങളും വെളിപ്പെടുത്തിയത്. ‘ഗോവധ നിരോധനത്തിനുള്ള ഒപ്പു ശേഖരണ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ എന്നറിയാന്‍ ഞാന്‍ ഇന്ത്യയിലുടനീളം സഞ്ചരിച്ചു. ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ വെച്ച് അസാധാരണവും അല്‍ഭുതകരവുമായ കാഴ്ച കണ്ടു. ഒരു വീട്ടമ്മ വീട്ടിലെ പണികഴിഞ്ഞ് ഗോവധ നിരോധന നിവേദനവുമായി പൊരിവെയിലത്ത് ആളുകളില്‍ നിന്ന് ഒപ്പ് ശേഖരണം നടത്തുന്നു. യഥാര്‍ത്ഥത്തില്‍ ആ വീട്ടമ്മ തന്റെ ഉപജീവന മാര്‍ഗമായ സ്വന്തം പശുവിന് വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന് മനസ്സിലായി. അപ്പോള്‍ പശു എന്ന പ്രതീകത്തിന്റെ വലിയ സാധ്യത ബോധ്യമായി. രാജ്യത്തിലെ ഹിന്ദുക്കളെ ഏകോപിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല പ്രതീകം ഇതു തന്നെയാണ്. കാരണം ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഹിന്ദുക്കളുണ്ട്. അവിടങ്ങളിലെല്ലാം പശുക്കളുമുണ്ട്. പശു ഭാരതത്തിന്റെ സംസ്‌കാരത്തെ പ്രതീകവത്കരിക്കുന്നു. അതുകൊണ്ട് വര്‍ഗീസ് കുര്യന്‍ ഗോവധ നിരോധനത്തിന് അനുകൂലമായി എന്റെ കൂടെ നില്‍ക്കണം’.
കാര്‍ഷിക സമൂഹത്തില്‍ സാമ്പത്തിക താല്‍പര്യം കണക്കാക്കികൊണ്ടാണ് പശുവിന് ശ്രേഷ്ഠതയും പവിത്രതയും ലഭിച്ചതെന്ന് ഈ സംഭാഷണത്തില്‍ നിന്നു വായിച്ചെടുക്കാന്‍ കഴിയും. അതല്ലാതെ അതിന് ഹൈന്ദവ മതവിശ്വാസവുമായി ബന്ധമില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന ആറു കമ്പനികളാണ് ഉള്ളത്. ശുദ്ധ ബ്രാഹ്മണന്‍മാരാണ് കമ്പനിയുടെ ഉടമസ്ഥര്‍. അവരെല്ലാം നരേന്ദ്രമോദിയുടെ മാനസപുത്രന്മാരും ബി.ജെ.പിയുടെ പണക്കിഴി സൂക്ഷിപ്പുകാരുമാണ്. ചെറുകിട അറവുശാലകള്‍ ഇല്ലാതാക്കി ഇത്തരം വന്‍കിടക്കാരെ സഹായിക്കുന്ന രീതിയിലാണ് മോദി സര്‍ക്കാര്‍ പുതിയ നിയമം പ്രഖ്യാപിച്ചത്. വന്‍കിട കമ്പനികളുടെ ഫാമുകളില്‍ കാലികളെ വളര്‍ത്താനോ, അറുക്കാനോ വിതരണം ചെയ്യാനോ കയറ്റുമതിക്കോ പുതിയ ഉത്തരവില്‍ എവിടെയും തടസ്സമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending