ബര്‍ലിന്‍: ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ എട്ട് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തമ്മിലുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു ഇത്.
വ്യാപാരം. നൈപുണ്യവികസനം, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാക്കുന്ന, ഇരു രാജ്യങ്ങള്‍ക്കും ഗുണകരമായ പെട്ടെന്ന് നേട്ടമുണ്ടാക്കുന്ന വ്യവസ്ഥകളാണ് തങ്ങള്‍ മുന്നോട്ടു വെക്കുന്നതെന്ന് കരാറില്‍ ഒപ്പിട്ട ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ മോദി പറഞ്ഞു. ഇന്ത്യയെ ശക്തമായ പ്രാപ്തിയുള്ള രാജ്യമായാണ് ജര്‍മ്മനി എപ്പോഴും കണ്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ രാഷ്ട്രീയം, വികസനോന്മുഖ സംരംഭം, സുസ്ഥിര നഗര വികസനം, നൈപുണ്യ വികസനം, ഡിജിറ്റല്‍ വത്കരണത്തിലെ സഹകരണം, റയില്‍വെ മേഖലയിലെ സഹകരണം, സുരക്ഷ, വൊക്കേഷണല്‍ ട്രെയ്‌നിങ്, ഇന്തോ-ജര്‍മ്മന്‍ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിലിറ്റിയുടെ സഹകരണം എന്നിവയില്‍ സംയുക്ത പ്രസ്താവനയില്‍ ഇരുവരും ഒപ്പുവെച്ചു. മെയ്ക് ഇന്‍ ഇന്ത്യയില്‍ ജര്‍മ്മനി മുഖ്യ പങ്കാളിയാവാനും തീരുമാനിച്ചിട്ടുണ്ട്. ചൈനയുടെ സില്‍ക് റൂട്ട് പദ്ധതിയും സാമ്പത്തിക ഇടനാഴിയും ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യ ജര്‍മ്മനിയുമായി സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചത്. ബ്രക്‌സിറ്റിന്റേയും ട്രംപിന്റേയും കാലത്ത് തങ്ങളുടെ പരമ്പരാഗത സഖ്യ രാജ്യങ്ങളായ അമേരിക്കയേയും ബ്രിട്ടനേയും മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാവില്ലെന്ന് ഉടമ്പടി ഒപ്പുവെച്ച ശേഷം ആംഗല മെര്‍ക്കല്‍ പറഞ്ഞു. അടുത്ത മാസം ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തും.