Connect with us

Video Stories

ഈ തുടര്‍ മരണങ്ങള്‍ക്ക് ആരാണുത്തരവാദി

Published

on

‘ബഹുമാനപ്പെട്ട മേമ്പര്‍ പറഞ്ഞതുപോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അത് പോഷകാഹാരക്കുറവ് കൊണ്ടല്ല. ഒന്ന് അബോര്‍ഷനാണ്. അബോര്‍ഷന്‍ എന്നു പറഞ്ഞാല്‍ നിങ്ങളുടെകാലത്ത് ഗര്‍ഭിണിയായത്. ഇപ്പോളാണ് ഡെലിവറി ആയത് എന്നുമാത്രം. അതിന് ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിന് വാള്‍ വിന്റെ തകരാറ്. അത് ഗര്‍ഭിണിയായതും നിങ്ങളുടെ കാലഘട്ടത്തിലാണ്. ഇപ്പോഴാണ് പ്രസവിച്ചത്. അതിനും ഞാന്‍ ഉത്തരവാദിയല്ല.’ സംസ്ഥാന പട്ടിക ജാതി വര്‍ഗ വികസന വകുപ്പു മന്ത്രി എ.കെ ബാലന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നിയമസഭക്കകത്ത് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍ ശംസുദ്ദീന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സി.പി.എം നേതാവു കൂടിയായ ബാലന്‍. ഇന്ന് പക്ഷേ അദ്ദേഹം അധികാരമേറ്റെടുത്തിട്ട് വര്‍ഷം ഒന്നുകഴിഞ്ഞിരിക്കുന്നു. ഇതിനകം സംസ്ഥാനത്തെ പ്രധാന ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ മരണപ്പെട്ട കുഞ്ഞുങ്ങളുടെ സംഖ്യ ഇരുപതിനോടടുത്താണ്. ഇപ്പോഴും മന്ത്രിക്ക് ഈ മരണങ്ങളെല്ലാം പോഷകാഹാരക്കുറവ് കൊണ്ടല്ലെന്നും തങ്ങളുടെ കാലത്തല്ലെന്നും അഭിപ്രായമുണ്ടോ. പോഷകാഹാരക്കുറവല്ലെങ്കില്‍ പിന്നെ ആളുകള്‍ മരിക്കുന്നത് രോഗം മൂലമായിരിക്കണം. അതിനുള്ള ഉത്തരവാദിത്തമെങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കുമോ. കഴിഞ്ഞ ദിവസമാണ് താവളം ഊരിലെ ആദിവാസികുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. ബൊമ്മിയാമ്പതിയിലെ പത്തുദിവസക്കാരിയുടെ ഭാരം ഒന്നേമുക്കാല്‍ കിലോയാണെന്ന തൃശൂര്‍ മെഡിക്കല്‍ കോളജ്ആസ്പത്രിയിലെ രേഖ വെളിപ്പെടുത്തുന്നത്് പോഷകക്കുറവല്ലെങ്കില്‍ പിന്നെന്താണ്?
അട്ടപ്പാടിയില്‍ ഈ മാസം മാത്രം അഞ്ചു ശിശു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഒമ്പതു കുട്ടികള്‍. ആറും നാലും ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ മരിച്ചതും ഈ മാസമാണ്. ഒരാഴ്ച മുമ്പ് ചൂട്ടറ ഊരില്‍ 21 ദിവസം പ്രായമായ കുഞ്ഞും മരണമടഞ്ഞിരുന്നു. ഇതേതായാലും നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായതാണെന്നുപറഞ്ഞ് മന്ത്രിക്ക് കൈകഴുകാന്‍ പറ്റുന്നതല്ല. അധികാരത്തിലേറിയതിന്റെ വാര്‍ഷികാഘോഷം കോടികള്‍ പൊടിച്ച് അര്‍മാദിക്കുന്നവര്‍ക്ക് സമൂഹത്തിലെ ഏറ്റവും താഴേക്കിടക്കുന്നവരുടെ കാര്യത്തിലെ ‘ശുഷ്‌കാന്തി’ യാണ് ഈ കൂട്ട ശിശുമരണങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങി അട്ടപ്പാടിക്കായി പ്രത്യേക ക്ഷേമ പാക്കേജ് തന്നെ പ്രഖ്യാപിച്ചതാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആറു വകുപ്പു മന്ത്രിമാരും കേന്ദ്രമന്ത്രി ജയറാം രമേശും അട്ടപ്പാടിയില്‍ നേരിട്ടെത്തി. സാമൂഹിക അടുക്കളകള്‍ വിപുലമാക്കല്‍, ധാന്യവിതരണം, യുവാക്കള്‍ക്ക് തൊഴില്‍, ഗര്‍ഭിണികള്‍ക്ക് പ്രത്യേക പരിചരണം, ആസ്പത്രികളുടെ നവീകരണവും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കലും, പ്രത്യേക ചുമതലയുള്ള ഓഫീസര്‍, മാസത്തിലൊരിക്കല്‍ ജനപ്രതിനിധികളുടെ വിലയിരുത്തല്‍ തുടങ്ങിയ താല്‍കാലികമായതും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികളായിരുന്നു ആ പാക്കേജ്. ഇതോടെ അട്ടപ്പാടിയിലെ ശിശു മരണനിരക്ക് പൊടുന്നനെ താണു. പിന്നീട് ഈ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു മാസത്തിനുശേഷം ഓഗസ്റ്റിലാണ് ശിശുമരണം തിരിച്ചുവരുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷമായി അട്ടപ്പാടി കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. തമിഴ്‌നാടിനോട് ചേര്‍ന്നുള്ള കിഴക്കന്‍അട്ടപ്പാടിയുടെ കാര്യം ദയനീയമാണ്. തൊഴിലില്ലായ്മയും അതി രൂക്ഷം. റാഗി, ചോളം, കടല, തുമര തുടങ്ങിയ ആദിവാസികളുടേതായ വിളയിനങ്ങള്‍ കൃഷി ചെയ്യുന്നതിന് ഒരുവിധ നീക്കവും നടക്കുന്നില്ല. അനിയന്ത്രിതമായ വന നശീകരണമാണ് ഇതിന് കാരണമായത്. ആയിരക്കണക്കിന് ഏക്കര്‍ഭൂമി വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുത്തവര്‍ക്കെതിരെ ഒരുനടപടിയുമില്ല. മദ്യ നിരോധന മേഖലയാണെങ്കിലും വ്യാജമദ്യം സുലഭം. പുരുഷന്മാര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുമ്പോള്‍ നവജാതര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നം സ്വാഭാവികം മാത്രം. അട്ടപ്പാടി ആദിവാസികളുടെ സംഖ്യ കുറഞ്ഞുകുറഞ്ഞ് 1951ലേതില്‍ നിന്ന് 34 ശതമാനമായിക്കഴിഞ്ഞു. അട്ടപ്പാടി പാരിസ്ഥിതിക പുന:സ്ഥാപനപദ്ധതി നിലച്ചിട്ട് വര്‍ഷം ആറുകഴിഞ്ഞു. പകരം ലഭിച്ച കേന്ദ്രതൊഴിലുറപ്പുപദ്ധതിയില്‍ ആറുമാസമായി കൂലിപോലും വിതരണം ചെയ്യുന്നില്ല. കുടുംബശ്രീപ്രവര്‍ത്തനവും താളം തെറ്റിയിരിക്കുന്നു. ഇടനിലക്കാരെയും വെട്ടിപ്പുകാരെയും നിരീക്ഷിക്കാനുള്ള സംവിധാനമില്ല. ഊരുസമിതികളുടെ പ്രവര്‍ത്തനം പേരിനുമാത്രമായി. മൂവായിരത്തോളം കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്നാണ് ആരോഗ്യവകുപ്പധികൃതരുടെ റിപ്പോര്‍ട്ട്.
ഇതിനുമുമ്പ് ഇത്രയും കൂടുതല്‍ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഇടതുസര്‍ക്കാരിന്റെ കാലത്തുതന്നെ. 2008ല്‍ ഷോളയൂര്‍ പഞ്ചായത്തില്‍ മാത്രം അമ്പതും പത്തോളം ഊരുകളിലായി 130 ഓളവും കുഞ്ഞുങ്ങള്‍ മരണമടഞ്ഞു. ഇക്കാര്യം ഇടതുപക്ഷ ചിന്തകന്‍ ഡോ. ബി. ഇഖ്ബാല്‍ വരെ സമ്മതിച്ചതാണ്. ഇതിനുശേഷം 2013ലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് -24. ഇക്കാലത്തായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സജീവമായ ഇടപെടല്‍. പ്രശ്‌നം മുതലെടുക്കാന്‍ സ്ഥലം എം.പി എം.ബി രാജേഷ് സി.പി.ഐയെ പോലും അകറ്റിനിര്‍ത്തി നിരാഹാരസമരം നടത്തിയെങ്കിലും ഇന്ന് ഇരുപതിലധികം കുഞ്ഞുങ്ങള്‍ മരണപ്പെട്ടിട്ടും കേട്ടഭാവം നടിക്കുന്നില്ല. ആകെ പറയുന്നത്, പ്രധാനമന്ത്രിയുടെ ദത്തുഗ്രാമം പദ്ധതിയില്‍ പുതൂര്‍ പഞ്ചായത്തിനെ ഉള്‍പെടുത്തിയെന്ന ആവര്‍ത്തനമാണ്. കഴിഞ്ഞവര്‍ഷം മേയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പര്യടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സോമാലിയയുമായാണ് അട്ടപ്പാടിയെ താരതമ്യപ്പെടുത്തിയത്. ബി.ജെ.പിയുടെ ആദിവാസികളുടെ കാര്യത്തിലുള്ള ഉത്കണ്ഠ ആ നിരുത്തരവാദപ്രസ്താവനയോടെ അവസാനിച്ചു. സാമൂഹികക്ഷേമ വകുപ്പിന്റെ കീഴില്‍ തൊണ്ണൂറ്റിരണ്ട് ഊരുകളിലാണ് യു.ഡി.എഫ് കാലത്ത് സാമൂഹികഅടുക്കള ആരംഭിച്ചത്. ഇതില്‍ പകുതിയോളവും ഇന്ന് പ്രവര്‍ത്തനരഹിതമാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പോഷകാഹാരകിറ്റ് വിതരണവും നിലച്ചു. പച്ചക്കറി കൃഷിക്കായി മൂന്നുകോടി രൂപ നല്‍കിയെന്നതുമാത്രമാണ് സര്‍ക്കാരിന്റെ അവകാശവാദം.
ആദിവാസികളുടെ ഈ ദുരവസ്ഥ മനസ്സിലാക്കി അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ നോട്ടമിട്ട് തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനെ തോക്കുകൊണ്ട് നേരിടുന്ന ഇടതുപക്ഷസര്‍ക്കാരിന് പ്രശ്‌നത്തിന്റെ കാതലായ വശം തിരിച്ചറിയാനാകുന്നില്ല. കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ യു.ഡി.എഫിന്റേതുമല്ല. പൊലീസ് പരിവാരങ്ങളോടെ ആദിവാസികളോടൊത്ത് ഓണമുണ്ടതുകൊണ്ടോ സന്ദര്‍ശനം നടത്തിയതുകൊണ്ടോ തീരുന്നതുമല്ല ശിശുമരണമടക്കമുള്ള അവരുടെ പ്രശ്‌നങ്ങളെന്ന് രാഷ്ട്രീയനേതൃത്വം തിരിച്ചറിയുമ്പോഴേ ശിശുമരണമില്ലാത്ത ഒരു അട്ടപ്പാടിയുണ്ടാകൂ.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending