കണ്ണിയന്‍ മുഹമ്മദാലി

ഹജ്ജിന് മുമ്പ് മിന, അറഫ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. 10-15 റിയാല്‍ നല്‍കിയാല്‍ ടാക്‌സി കാറുകളിലോ ടൂറിസ്റ്റ് ബസ്സുകളിലോ പോകാന്‍ സൗകര്യമുണ്ടായിരിക്കും. സംഘമായി മാത്രമേ പോകാവൂ. ഒറ്റക്ക് പോയാല്‍ ചതിക്കപ്പെടാന്‍ സാധ്യതയുണ്ട്. അപരിചിതരെ സൂക്ഷിക്കുന്നത് കളവ്, ചതി, തട്ടിപ്പ് എന്നിവയില്‍ നിന്ന് ഇത് രക്ഷപ്പെടുത്തും. സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളിലും യാത്ര ചെയ്യുമ്പോള്‍ പുരുഷന്മാര്‍ ആദ്യം കയറുകയും ഇറങ്ങുമ്പോള്‍ സ്ത്രീകളെ ആദ്യം ഇറക്കുകയും ചെയ്യുക. റോഡ് മുറിച്ച് കടക്കുമ്പോള്‍ സൂക്ഷിക്കണം. നല്ല വേഗതയിലായിരിക്കും വാഹനങ്ങള്‍ വരുന്നത്. വാഹനങ്ങള്‍ ഇല്ല എന്നുറപ്പിച്ച് മാത്രം ക്രോസ് ചെയ്യുക. മൊബൈല്‍ നമ്പരുകള്‍ പരസ്പരം മനസ്സിലാക്കുക. (പ്രത്യേകിച്ച് സ്ത്രീകള്‍) ആരോഗ്യം കാത്ത് സൂക്ഷിക്കുക. തണുത്തവ കഴിയുന്നത്ര ഒഴിവാക്കുക. ധാരാളം വെള്ളം കുടി ക്കുക. പഴങ്ങള്‍ കൂടുതല്‍ കഴിക്കുക.
മക്കയില്‍ 13 ബ്രാഞ്ച് ആസ്പത്രികളും 50 കിടക്കകളുള്ള മെയിന്‍ ആസ്പത്രിയും മദീനയില്‍ മൂന്ന് ബ്രാഞ്ച് ആസ്പത്രികളും ഒരു മെയിന്‍ ആസ്പത്രിയും ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മിന, അറഫ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ക്യാമ്പുകളോടനുബന്ധിച്ച് ചികിത്സാ സൗകര്യങ്ങളുണ്ട്. ഇതിനൊക്കെ പുറമെ ഈ പ്രദേശങ്ങളിലൊക്കെത്തന്നെയും സഊദി ഗവണ്‍മെന്റ് വക ഹൈടെക് ആസ്പത്രികളുമുണ്ട്. ഹാജിമാര്‍ക്ക് ഇവിടെയെല്ലാം സൗജന്യ ചികിത്സയാണ് ലഭിക്കുക. ഇന്ത്യന്‍ ആസ്പത്രികളില്‍ മലയാളി ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനമുണ്ടാവും.
അസീസിയയില്‍ താമസിക്കുന്നവര്‍ ഹറമിനടുത്തുള്ള ബസ്‌സ്റ്റേഷന്‍ മനസ്സിലാക്കുക. സുബ്ഹി, ഇശാഅ് ജമാഅത്തുകള്‍ കഴിഞ്ഞ ഉടനെ ബസില്‍ നല്ല തിരക്ക് അനുഭവപ്പെടും. അതുകൊണ്ട് അല്‍പസമയം ഹറമില്‍ തന്നെ കഴിച്ച്കൂട്ടി താമസ സ്ഥലത്തേക്ക് മടങ്ങുന്നതാണ് നല്ലത്. ഹജ്ജിന് തൊട്ടുമുമ്പും ഹജ്ജിന് ശേഷവും അല്‍പ ദിവസങ്ങള്‍ ബസ് സര്‍വീസ് ഉണ്ടാവുന്നതല്ല. ഈ ദിവസങ്ങളില്‍ ഹാജിമാര്‍ക്ക് അസീസിയയില്‍ വിശ്രമിക്കാവുന്നതാണ്.
താമസ സ്ഥലത്തിനടുത്ത് തന്നെ ഒട്ടുമിക്ക ഭക്ഷണ സാധനങ്ങളും മറ്റും ലഭ്യമാവുന്ന കടകളുണ്ടാവും. അത് ഉപയോഗപ്പെടുത്താവുന്നതാണ്. ഹറമിലേക്ക് പോകുമ്പോള്‍ അമ്പത് റിയാലില്‍ അധികം കൈവശം വെക്കരുത്. പണം മൊത്തമായി കയ്യില്‍ കൊണ്ടുനടക്കരുത്.
ഹജ്ജിന് മിനയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, മിന ടെന്റ് കാര്‍ഡ്, വാച്ച് രൂപത്തിലുള്ള ട്രെയിന്‍ പാസ് എന്നിവ ഓരോരുത്തര്‍ക്കുള്ളത് മുതവ്വിഫ് റൂമില്‍ എത്തിച്ചുതരും. ടെന്റ് കാര്‍ഡില്‍ ടെന്റ് നമ്പര്‍, പോള്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കും. ഹജ്ജിന് വേണ്ടി മിനയിലേക്ക് പുറപ്പെടുന്ന സമയം നേരത്തെ മുതവ്വിഫ് അറിയിക്കും. അതനുസരിച്ച് മിനയിലേക്ക് കൊണ്ട് പോകാനുള്ള ലഗേജ് തയ്യാറാക്കുക. പരമാവധി കുറഞ്ഞ ലഗേജുകള്‍ മാത്രമേ കൊണ്ടുപോകാവൂ. കാരണം മിന ടെന്റില്‍ സ്ഥലം വളരെ പരിമിതമാണ്. അവില്‍, അവലോസ് പൊടി, ഡ്രൈ ഫ്രൂട്‌സ് കൂടാതെ അല്‍പം ചായപൊടി, പഞ്ചസാര, ചെറിയ കെറ്റില്‍, ഖുര്‍ആന്‍ മനാസിക്കുകള്‍, കണ്ണട എന്നിവ എടുക്കാവുന്നതാണ്.
സഊദി സര്‍ക്കാര്‍ സുരക്ഷയുടെ ഭാഗമായി മക്ക, അസീസിയ, മദീന, വിമാനത്താവളങ്ങള്‍, ഇരു ഹറമുകള്‍, പള്ളികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലായിടവും പൂര്‍ണമായും സി.സി ടി.വിയുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ വല്ലതും നിലത്ത് വീണ് കിടക്കുന്നത് കണ്ടാല്‍ മറ്റുള്ളവരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിലാണെങ്കില്‍ പോലും എടുക്കരുത്. ഇത്തരം സാധനങ്ങള്‍ എടുത്താല്‍ പൊലീസിന്റെ പിടിയിലാവും. തീര്‍ത്ഥാടകന്റെ ഓരോ നീക്കവും പൂര്‍ണമായും സഊദി സര്‍ക്കാറിന്റെ ശ്രദ്ധയിലും നിയന്ത്രണത്തിലുമാണ് എന്ന് ഓര്‍ക്കുക.
പണമോ ലഗേജുകളോ മറ്റോ കളവ് പോകുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ഉടന്‍ വളണ്ടിയറുമായി ബന്ധപ്പെട്ട് പരാതി കൊടുക്കേണ്ടതാണ്. പരാതികൊടുക്കാന്‍ താമസിക്കുന്തോറും ഇന്‍ഷൂറന്‍സില്‍ നിന്നും ലഭിക്കുന്ന നഷ്ടപരിഹാര തുക കുറയുന്നതാണ്.
ഹജ്ജിന്റെമുമ്പ് മക്കയിലെ സന്ദര്‍ശന ഇടങ്ങളായ അറഫ, മീന, മുസ്ദലിഫ, ജന്നത്തുല്‍ മഹല്‍ എന്നിവിടങ്ങളും ഇരുമലകളും സന്ദര്‍ശിക്കുന്നത് നല്ലതാണ്.
(തുടരും)