Connect with us

Video Stories

പിണറായി സര്‍ക്കാരിന്റെ നേട്ടം യു.ഡി.എഫില്‍ നിന്ന് കടമെടുത്തത്

Published

on

ഉമ്മന്‍ചാണ്ടി (മുന്‍മുഖ്യമന്ത്രി )

സമാധാനം, മതനിരപേക്ഷത, വികസനം, സാമൂഹിക നീതി എന്ന തലക്കെട്ടിനു താഴെ 14 ഉപതലക്കെട്ടില്‍ 72 നേട്ടങ്ങളാണ് മെയ് 25ന് പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പരസ്യം ചെയ്തത്. രണ്ടു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങളാണിത്. അതില്‍ വിരലില്‍ എണ്ണാന്‍ പോലുമുള്ള നേട്ടങ്ങളില്ല. സര്‍ക്കാരുകളുടെ തുടര്‍ പ്രക്രിയകള്‍ സ്വന്തം നേട്ടം എന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്നു. മറ്റു നേട്ടങ്ങള്‍ വെറും പ്രസ്താവനകള്‍ എന്നല്ലാതെ വസ്തുതാപരമായ കണക്കുകള്‍ ഇല്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത തകരപ്പറമ്പ് മേല്‍പ്പാലം പോലും പത്രപരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ആയുര്‍വേദ കോളജ് ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന #ക്‌സ് ബോര്‍ഡില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഉദ്ഘാനടം ചെയ്ത കരമന- കളിയിക്കാവിള നാലുവരിപ്പാതയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്.
24 മാസംകൊണ്ട് 25 രാഷ്ട്രീയ കൊലപാതകങ്ങളാണ് അരങ്ങേറിയത്. ഇതില്‍ 12 എണ്ണം മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടേയും നാടായ കണ്ണൂരിലാണ്. കേന്ദ്രം ഭരിക്കുന്നവരുടെയും കേരളം ഭരിക്കുന്നവരുടെയും ആളുകളാണ് ഈ കൊലപാതകങ്ങളുടെ പിന്നില്‍. ഒന്‍പത് കസ്റ്റഡി മരണം. മുഖ്യമന്ത്രിയുടെ നാട്ടുകാരനെപ്പോലും പൊലീസ് മര്‍ദിച്ചു കൊന്നു. ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയ മൂന്നാമത്തെ സംസ്ഥാനം എന്ന സ്ഥാനം കേരളത്തിനു ലഭിച്ചു. 2016ല്‍ 15 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ അരങ്ങേറിയത്. 29 കൊലപാതകങ്ങളുമായി യു.പി ഒന്നാമതും 26 എണ്ണവുമായി ബീഹാര്‍ രണ്ടാമതുമാണ്. 2017ല്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നു. കുറ്റകൃത്യനിരക്കില്‍ ഡല്‍ഹിക്കു താഴെ കേരളം രണ്ടാമതാണ്. മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ യു.പി, എം.പി, മഹാരാഷ്ട്ര എന്നീ വലിയ സംസ്ഥാനങ്ങള്‍ക്കുശേഷം കേരളം നാലാമതെത്തി. സ്ത്രീകളോടുള്ള അതിക്രമത്തില്‍ മധ്യപ്രദേശിനുശേഷം കേരളം രണ്ടാമതാണ്. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു എന്നതിന് ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ 2016ലെ ഈ കണക്കുകള്‍ സാക്ഷി.
ഷുഹൈബിന്റെ കൊലപാതകത്തിലെ കൊന്നവരെ പിടിച്ചെങ്കിലും കൊല്ലിച്ചവര്‍ ഇപ്പോഴും കാണാമറയത്താണ്. അതുകൊണ്ടു തന്നെ സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ നഖശിഖാന്തം എതിര്‍ക്കുന്നു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിലും സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം എതിര്‍ക്കുന്നു. സി.ബി.ഐ അന്വേഷണം നടക്കുന്നതുകൊണ്ടു മാത്രമാണ് ചില പ്രമാദമായ കേസുകളില്‍ തുമ്പുണ്ടായത്. കണ്ണൂരില്‍ നാലു രാഷ്ട്രീയ കൊലക്കേസുകള്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണത്തിലാണ്. സി.പി.എം വിട്ട് എസ്.ഡി.പി.ഐയില്‍ ചേര്‍ന്നതിന്റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഫസല്‍, സി.പി.എം ജില്ലാ സെക്രട്ടറിയുടെ വാഹനത്തില്‍ കല്ലെറിഞ്ഞെന്ന് ഇല്ലാത്ത കാരണമുണ്ടാക്കി കൊലപ്പെടുത്തിയ അരിയില്‍ ഷുക്കൂര്‍, പി. ജയരാജനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി കതിരൂര്‍ മനോജ്, ബി.എം.എസ് നേതാവ് പയ്യോളി മനോജ് എന്നീ കൊലപാതകക്കേസുകളില്‍ സി.ബി.ഐ അന്വേഷണം സി.പി.എം നേതാക്കളിലേക്കും നീണ്ടു. കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്‍ 25-ാം പ്രതിയാണ്. കേസില്‍ യു.എ.പി.എ ചുമത്തിയതിനെതിരേ ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അതു ശരിവച്ചിരിക്കുകയാണ്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ജയരാജന്‍ 32ഉം ടി.വി രാജേഷ് 33 ഉം പ്രതികളാണ്. ഫസല്‍ വധക്കേസില്‍ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രതിസ്ഥാനത്തുണ്ട്. രാജന്‍ ജില്ലാ പഞ്ചായത്തിലും ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലും ജനവിധി തേടി അധ്യക്ഷന്മാരായി. എന്നാല്‍ എറണാകുളം വിടാന്‍ അനുവാദമില്ലാത്തതുകൊണ്ട് ഇരുവര്‍ക്കും രാജിവെക്കേണ്ടി വന്നു. ഈ കേസ് അന്വേഷണം സി.പി.എം നേതാക്കളിലേക്കു നീണ്ടപ്പോള്‍, അന്വേഷണം നിര്‍ത്താന്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടെന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ. രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പയ്യോളി മനോജ് വധക്കേസില്‍ പയ്യോളി ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, മുന്‍ ഏരിയ സെക്രട്ടറി ചന്തുമാഷ് തുടങ്ങിയവര്‍ ഉള്‍പ്പെടെ ഒന്‍പതു പ്രതികള്‍ സി.പി.എമ്മുകാരാണ്.
സ്ത്രീകള്‍ക്ക് ഏറ്റവുമധികം അരാജകത്വം അനുഭവപ്പെട്ട കാലമാണിത്. സ്വാശ്രയ കോളജ് മാനേജ്‌മെന്റിന്റെ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി മരണമടഞ്ഞ ജിഷ്ണു പ്രണോയി എന്ന എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ അമ്മ മഹിജയെ പൊലീസ് നടുറോഡിലൂടെ വലിച്ചിഴച്ചു. കോഴിക്കോട് കോടഞ്ചേരിയില്‍ സി.പി.എമ്മുകാരുടെ ചവിട്ടേറ്റ് ജോത്സനയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. കണ്ണൂര്‍ പയ്യന്നൂരില ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയ്ക്ക് സി.പി.എമ്മുകാരില്‍ നിന്നു തുടര്‍ച്ചയായി നേരിടുന്ന പീഡനം കേട്ടാല്‍ തലമരച്ചുപോകും. നിരന്തരമായ ഭീഷണി മൂലം സ്വന്തം സ്ഥലം വിട്ടോടേണ്ടി വന്ന അവര്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ മറ്റൊരിടത്ത് വീടുവയ്ക്കാന്‍ നല്‍കിയ അഞ്ചു സെന്റ് സ്ഥലം പിണറായി സര്‍ക്കാര്‍ തിരിച്ചെടുക്കുകയാണ്. വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് സഹായി അശ്വതി ജ്വാലയെ പൊലീസ് വേട്ടയാടുകയാണ്. കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പുഷ്പജ ജോലിയില്‍ നിന്നു വിരമിച്ചപ്പോള്‍ എസ്.എഫ് .ഐക്കാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
ദേശീയ പാത വികസനം യു.ഡി.എഫ് അവസാനിപ്പിച്ചിടത്തുനിന്ന് കാര്യമൊയൊന്നും മുന്നോട്ടുപോയില്ല. എതിര്‍പ്പുമൂലം കണ്ണൂരും മലപ്പുറത്തും സ്ഥലമെടുപ്പ് വഴിമുട്ടിനില്‍ക്കുന്നു. കൊല്ലം, ആലപ്പുഴ, കഴക്കൂട്ടം ബൈപാസുകള്‍ പ്രത്യേക പദ്ധതിയായി യു.ഡി.എഫ് നടപ്പാക്കി. ഇതിന്റെ 50 ശതമാനം വിഹിതം സംസ്ഥാനമാണു നല്‍കുന്നത്.
കോവളം- കാസര്‍കോട് ദേശീയജലപാത: സംസ്ഥാനത്തെ ഏക ദേശീയ ജലപാതയായ കൊല്ലം- കോട്ടപ്പുറം ഏതാണ്ട് പൂര്‍ത്തിയാക്കുന്ന സ്റ്റേജിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. ചരക്കുഗതാഗതം ആരംഭിക്കാന്‍ ഉദ്യോഗമണ്ഡലിലും ചവറയിലും സ്ഥിരം ബര്‍ത്ത് നിര്‍മിക്കുന്നതിന് 150 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
ഗെയില്‍ പൈപ്പ്‌ലൈന്‍: രണ്ടായിരം കോടി രൂപ മുടക്കി കേരളത്തില്‍ പ്രകൃതിവാതക ശ്രൃംഖല സ്ഥാപിക്കാന്‍ കെ.എസ്.ഐ.ഡി.സിസും ഗെയില്‍ ഗ്യാസ് ലിമിറ്റഡും തമ്മില്‍ കരാറായത് യു.ഡി.എഫിന്റെ കാലത്ത്. 1150 കിമീ ദൈര്‍ഘ്യമുള്ള കൊച്ചി- ബാംഗ്ലൂര്‍, കൊച്ചി- മംഗലാപുരം പൈപ്പുലൈനും 100 കിമി നീളമുള്ള കൊച്ചി- കായംകുളം ലൈനുമാണ് കരാറായത്. അതിന്റെ തുടര്‍നടപടികളാണു നടന്നുവരുന്നത്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഗെയില്‍ വിരുദ്ധ സമരസമിതിയാണ് ഈ പദ്ധതിക്ക് ആദ്യം തടസമിട്ടത്.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം: റണ്‍വേയുടെ 90 ഉം ടെര്‍മിനല്‍ ബില്‍ഡിങിന്റെ 55 ഉം ശതമാനം പണികള്‍ യു.ഡി.എഫ് തീര്‍ത്തു. പരീക്ഷണാടിസ്ഥാനത്തില്‍ വിമാനമിറങ്ങി. 2016 അവസാനം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സജ്ജമായിരുന്നു. അത് ഇത്രയും വൈകിയതെന്തുകൊണ്ട് എന്നാണ് ഇടതുസര്‍ക്കാര്‍ മറുപടി പറയേണ്ടത്.
ക്ഷേമപെന്‍ഷന്‍ തുക ഇരട്ടിയാക്കി: യു.ഡി.എഫ് സര്‍ക്കാര്‍ 800, 1100, 1200 സ്ലാബുകളിലായി ക്ഷേമപെന്‍ഷന്‍ നല്‍കിയിരുന്നത് അവസാന വര്‍ഷം ഏകീകരിച്ച് എല്ലാവര്‍ക്കും 1000 രൂപയാക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഇടതുസര്‍ക്കാര്‍ എല്ലാവര്‍ഷം വര്‍ഷവും നൂറു രൂപ വീതം വര്‍ധിപ്പിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ആദ്യവര്‍ഷം 100 രൂപ മാത്രം കൂട്ടി. ഇപ്പോള്‍ 1100 രൂപ പെന്‍ഷന്‍. അതെങ്ങനെയാണ് ഇരട്ടിയാകുക?
മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി, കിടപ്പുരോഗികളെ സംരക്ഷിക്കുന്ന ആശ്വാസകിരണം പദ്ധതി, കിഡ്‌നി, ലിവര്‍ പ്ലാന്റേഷന്‍ നടത്തിയ രോഗികളെ സംരക്ഷിക്കുന്ന സമാശ്വാസം പദ്ധതി തുടങ്ങിയ ക്ഷേമപദ്ധതികളുടെയെല്ലാം തുക 2017 നവം മുതല്‍ ഒരു വര്‍ഷത്തിലേറെ കുടിശികയാണ്. പുതുതായി ആര്‍ക്കും സാമൂഹിക ക്ഷേമ പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്ന് 25.2.2017 സര്‍ക്കുലര്‍ (460587/ 2017) പ്രകാരം നിര്‍ദേശിച്ചിരിക്കുകയാണ്. പെന്‍ഷന്‍ മുടങ്ങാതെ വീട്ടിലെത്തിക്കുമെന്ന് അവകാശവാദം ഉന്നയിച്ചവര്‍ക്ക് യഥാസമയം അതു നല്‍കാന്‍പോലും ആകുന്നില്ല.
ദലിതര്‍ക്ക് ശാന്തിക്കാരായി നിയമനം: യു.ഡി.എഫ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. കോടതി സ്റ്റേ ചെയ്തതുകൊണ്ടാണ് അന്നു നടപ്പാക്കാന്‍ കഴിയാതെ പോയത്.
ഓഖി ദുരന്തം കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം: ഓഖിയില്‍ മരണമഞ്ഞവര്‍ എത്രെയന്ന് സര്‍ക്കാരിന്റെ പക്കല്‍ ഇനിയും കണക്കുകളില്ല. 52 പേര്‍ എന്ന് ഫിഷറീസ് വകുപ്പ്. 60 പേര്‍ എന്ന് ദുരന്തനിവാരണ അഥോറിറ്റി. ഇടതുസര്‍ക്കാരിന്റെ കഴിവുകേട് പുറത്തുകൊണ്ടുവന്ന സംഭവമാണ് ഓഖി ദുരന്തം.
55000 പട്ടയങ്ങള്‍ നല്‍കി: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 4 വര്‍ഷംകൊണ്ട് 1.79 ലക്ഷം പട്ടയങ്ങളാണു നല്‍കിയത്.
2 വര്‍ഷം കൊണ്ട് 14 ലക്ഷം ചതുരുശ്രയടി കെട്ടിടം: ഇത് എവിടെ പണിതെന്നു പറയണം. പുതുതായി വന്ന 65 കമ്പനികളുടെ ലിസ്റ്റ് പുറത്തുവിടണം. സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ 20 ശതമാനം വര്‍ധന എല്ലാ വര്‍ഷവും ഉള്ള സ്വഭാവിക വളര്‍ച്ച മാത്രം. ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ കേരളത്തിന്റെ വിഹിതം 1 ശതമാനം മാത്രം. ടോറസ് ഐ.ടി കമ്പനിയുമായി യു.ഡി.എഫിന്റെ കാലത്തു തന്നെ കരാറായിരുന്നു. ടെക്‌നോപാര്‍ക്കില്‍ ഒരു ലക്ഷം പേര്‍ക്കു തൊഴില്‍ എന്നതിന്റെയും വിശദാംശങ്ങള്‍ പുറത്തുവിടണം. നിലവില്‍ അവിടെ 60,000- 70,000 പേരാണ് ജോലി ചെയ്യുന്നത്. സ്റ്റാര്‍ട്ടപ്പില്‍ 2000 കോടിയുടെ നിക്ഷേപത്തിന്റെയും വിശദാംശം പുറത്തുവിടണം.
ടെക്‌നോസിറ്റി: യു.ഡി.എഫ് സ്ഥലം ഏറ്റെടുത്ത് ഏറെ മുന്നോട്ടുപോയ പദ്ധതി. ടി.സി.എസിനു ഇവിടെ നിന്നു സ്ഥലം നല്‍കുക വരെ ചെയ്തിരുന്നു.
പിഎസ്‌സി 70000 നിയമനം, 13,000 പുതിയ തസ്തിക: യു.ഡി.എഫ് 5 വര്‍ഷംകൊണ്ട് 1.5 ലക്ഷം പേര്‍ക്ക് നിയമനം. 30,000 പുതിയ തസ്തിക. ഭിന്നശേഷിക്കാരായ 3859 പേര്‍, അധ്യാപക പാക്കേജില്‍ 17,000 പേര്‍, കെ.എസ്.ആര്‍.ടി.സിയില്‍ 3688 എംപാനലുകാര്‍, ആശ്രിത നിയമനത്തില്‍ 900 പേര്‍ എന്നിവര്‍ക്കും നിയമനം ലഭിച്ചു.
പശ്ചാത്തല വികസനത്തിന് കിഫ്ബി: 50,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 22,000 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയെന്നു പറയുന്നു. എന്നാല്‍, കയ്യിലുള്ളത് 6000 കോടി മാത്രം. ബാക്കി 44,000 കോടി പ്രവാസി ചിട്ടി വഴിയും മറ്റും സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. പ്രവാസി ചിട്ടി ഇതുവരെ യാഥാര്‍ത്ഥ്യമായില്ല.
കെ.എസ്.ആര്‍.ടി.സി പുനരുദ്ധരിക്കുന്നു: അഞ്ചുമാസത്തെ പെന്‍ഷന്‍ മുടങ്ങി. പത്തുപേര്‍ ആത്മഹത്യ ചെയ്തു. കൂത്താട്ടുകുളത്ത് വാളായിക്കുന്ന് തട്ടിന്‍പുറത്ത് മാധവന്റെ വിധവ തങ്കമ്മ ഇപ്രകാരം ആത്മഹത്യ ചെയ്ത ഹതഭാഗ്യയാണ്. പലവട്ടം ശമ്പളവും മുടങ്ങി. 1000 ബസ് വാങ്ങുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പായില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ മുടങ്ങിയിട്ടില്ല. രണ്ടു തവണ വൈകിയിട്ടുണ്ട്.
ആരോഗ്യരംഗം: 2017ല്‍ 110 പേരാണ് പകര്‍ച്ച പനിപിടിച്ചു മരിച്ചത്. 2011- 2016 കാലഘട്ടത്തില്‍ പനിമൂലം മരിച്ചത് 107 പേര്‍. 2017ല്‍ ഡെങ്കിപ്പനി മൂലം 37 പേരും മരിച്ചു. 2018ല്‍ അത് മാരകമായ നിപ പനിയില്‍ വരെ എത്തിനില്‍ക്കുന്നു. മാലിന്യ സംസ്‌കരണത്തില്‍ ഒരു മാറ്റവും ഒരിടത്തും ഉണ്ടായിട്ടില്ല. നാട്ടിലും നഗരങ്ങളിലും പ്ലാസ്റ്റിക് കുമിഞ്ഞുകൂടുന്നു.
കര്‍ഷക പെന്‍ഷന്‍: യു.ഡി.എഫ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ആരംഭിച്ച പെന്‍ഷന്‍ പദ്ധതിയില്‍ 2018 ജനുവരി മുതലുള്ള പണം നല്‍കാനുണ്ട്. 2017 ഡിസം വരെയുള്ള പെന്‍ഷന്‍ അനുവദിച്ചത് 2018 മാര്‍ച്ച് 31നു മാത്രം. കര്‍ഷകര്‍ക്ക് 1100 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. നാലു കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2017 സെപ്റ്റംബറില്‍ രണ്ടു പേര്‍, 2018 ജനുവരിയില്‍ ഒരാള്‍, മാര്‍ച്ചില്‍ മറ്റൊരു കര്‍ഷകന്‍. മാര്‍ച്ച് 11ന് ശിവദാസന്‍ എന്ന കര്‍ഷകനാണ് മാനന്തവാടിക്കടുത്തു തൂങ്ങിമരിച്ചത്. 2016 ല്‍ 1.96 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി. 2017ല്‍ 1.71ലക്ഷം ഹെക്ടര്‍ മാത്രമെന്ന് സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വെ. റബര്‍, കാപ്പി, തേയില, കുരുമുളക് തുടങ്ങിയ എല്ലാ കാര്‍ഷികോല്പന്നങ്ങളുടെയും വില ഇതുപോലെ ഒന്നിച്ചിടിഞ്ഞ ഒരു കാലഘട്ടമില്ല.
കേരളബാങ്ക്: റിസര്‍വ് ബാങ്കിന്റെ അനുമതി ഇതുവരെ ലഭിച്ചില്ല. കേരള ബാങ്കിന് 23 നിബന്ധനകളാണ് നബാര്‍ഡ് മുന്നോട്ടുവച്ചിരിക്കുന്നത്. കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങള്‍: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2016-17ല്‍ 4459.64 കോടി രൂപ നഷ്ടം. മുന്‍ വര്‍ഷം 2568.01 രൂപ നഷ്ടം. അതായത് 1891. 63 കോടി രൂപ അധിക നഷ്ടം. അതു മറച്ചുവച്ചാണ് 104 കോടി രൂപ ലാഭമുണ്ടാക്കിയെന്നു ചെണ്ട കൊട്ടുന്നത്. 41 പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരത്തേ ലാഭത്തിലായിരുന്നു. പുതുതായി മൂന്നു സ്ഥാപനങ്ങള്‍ കൂടി ലാഭത്തിലായി. അവയുടെ ലാഭം ഉയര്‍ത്തിക്കാട്ടിയാണ് ഭീമമായ നഷ്ടത്തിനു മറപിടിക്കുന്നത്.
കശുവണ്ടി മേഖല: സ്വകാര്യമേഖലയില്‍ 700 ഉം സര്‍ക്കാര്‍ മേഖലയില്‍ 40 ഉം ഫാക്ടറികളാണ് അടച്ചുപൂട്ടിയത്. കടം കയറി ഒരു ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു. മൂന്ന് ഫാക്ടറി ഉടമകള്‍ ആത്മഹത്യക്കു ശ്രമിച്ചു. 91 ഫാക്ടറികള്‍ക്ക് ജപ്തി നോട്ടീസ്. കാഷ്യു കോര്‍പറേഷന് പ്രതിമാസ നഷ്ടം 7.89 കോടി. കാപ്പക്‌സിനു പ്രതിമാസ നഷ്ടം 3.69 കോടി രൂപ. 100 ദിവസം മാത്രമാണ് ഇപ്പോള്‍ കാഷ്യു തൊഴിലാളികള്‍ക്കു ജോലി ലഭിക്കുന്നത്. കയര്‍ വ്യവസായം വന്‍ തകര്‍ച്ച നേരിടുന്നു. ചകരിയില്ല, തൊഴിലാളികള്‍ക്കു കൂലിയില്ല, ഉല്പന്നത്തിനു വിലയുമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ

ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.

Published

on

റോം – ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ. ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക, സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
ഗാസയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികളായിരുന്നു ബാനര്‍ കൈയില്‍ പിടിച്ച് കളിസ്ഥലത്ത് നടന്നത്. ”സന്ദേശം വ്യക്തവും ശക്തവുമാണ്,” എന്ന് യുവേഫ ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X-ല്‍ വ്യക്തമാക്കി.

Continue Reading

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending