എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍

അഗാധമായ അറിവും അനുപമമായ വ്യക്തി പ്രഭാവവും അഭൗമമായ ആത്മീയ ജ്ഞാനവും അല്‍ഭുതകരമായി സമന്വയിച്ച ഒരു സമുന്നത പണ്ഡിത കേസരിയായിരുന്നു ശംസുല്‍ ഉലമാ എന്നറിയപ്പെടുന്ന ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍.
ശംസുല്‍ ഉലമാ എന്ന് വിശേഷണം ശംസുല്‍ ഉലമാക്ക് എല്ലാ നിലക്കും അന്വര്‍ത്ഥമാണ്. സൂര്യന്‍ അസ്തമിക്കുമ്പോള്‍ അതിന്റെ വെളിച്ചം നിലക്കുന്നില്ല. ചന്ദ്രനിലൂടെസൂര്യന്റെ വെളിച്ചം പ്രപഞ്ചത്തില്‍ പ്രഭ ചൊരിയുന്നു. അതുപ്രകാരം ശംസുല്‍ ഉലമാ വിട പറഞ്ഞതിന് ശേഷവും പതിനായിരക്കണക്കിന് ശിഷ്യരും അവരുടെ ശിഷ്യരുമായ പണ്ഡിത ശ്രേഷ്ഠരും പ്രബോധകരും പ്രസ്തുത വിജ്ഞാന വെളിച്ചം ഒരിക്കലും അണഞ്ഞുപോകാതെ അനന്തമായി പകര്‍ന്നു നല്‍കുന്നു.
ഇസ്‌ലാമിക തത്വശാസ്ത്രത്തിന്റെയും കര്‍മ്മശാസ്ത്രങ്ങളുടെയും പ്രായോഗികത സാന്ദര്‍ഭികമായി വിവരിക്കുന്നതിലും അത് നൂറ് ശതമാനവും ബോധ്യപ്പെടുത്തുന്നതിലും ഇസ്‌ലാമിക ലോകത്തെ ഇമാമുമാര്‍ക്കൊപ്പം അദ്ദേഹം നേടിയെടുത്ത സ്ഥാനം സുവിദിതമാണ്. മഹാനവര്‍കളുടെ ഫത്‌വകള്‍ പൂര്‍വ്വകാല ഇമാമുകളുടെ ഫത്‌വകളോട് സുവ്യക്തമായ സാദൃശ്യം പുലര്‍ത്തുന്നവയാണ്.
ഇമാം ഖുര്‍തുബി പറയുന്നു. ഈസാ ഹാഷിമി എന്ന ഒരു മഹല്‍വ്യക്തി തന്റെ ഭാര്യയോട് നീ ചന്ദ്രനേക്കാളും നല്ല സൗന്ദര്യവതിയായില്ലെങ്കില്‍ നിന്റെ മൂന്ന് ത്വലാഖും ചൊല്ലിയിരിക്കുന്നു. പ്രസ്തുത സ്ത്രീ ഭര്‍ത്താവിനോട് നിങ്ങളെന്നെ മൂന്ന് ത്വലാഖും ചെല്ലിയിരിക്കുന്നു. അതുകൊണ്ട് നിങ്ങളില്‍ നിന്ന് ഞാന്‍ വിട്ടുപോകുന്നു എന്ന് പറഞ്ഞു.
ഭാര്യയോട് അദമ്യമായ സ്‌നേഹമുള്ള അദ്ദേഹംഅതീവ ദുഖിതനായി. അന്നത്തെ ഭരണാധികാരി അമീറുല്‍മുഅ്മിനീന്‍ അല്‍ ഖലീഫ അല്‍ മന്‍സൂറിനെ സമീപിച്ചു സംഭവം വിവരിച്ചു. ഖലീഫ അന്നത്തെ ഏറ്റവും ഉന്നതരായ കര്‍മ്മശാസ്ത്ര പണ്ഡിതരെ വിളിച്ചുവരുത്തി ഫത്‌വ ആവശ്യപ്പെട്ടു. അവിടെ സന്നിഹിതരായ എല്ലാവരും ഏക സ്വരത്തില്‍ പറഞ്ഞു അവള്‍ വിവാഹമോചിത തന്നെ. പക്ഷെ അബൂഹനീഫ ഇമാമിന്റെ അസ്ഹാബുകളില്‍പെട്ട ഒരു ശിഷ്യന്‍ മൗനം പാലിച്ചിരിക്കുന്നത് ഖലീഫ കണ്ടു. ഖലീഫ ചോദിച്ചു. എന്തുകൊണ്ട് നിങ്ങള്‍ ഒന്നും പറയുന്നില്ല?. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഓ അമീറുല്‍മുഅ്മിനീന്‍ വിശുദ്ധ ഖുര്‍ആനില്‍ 95-ാം സൂറത്തില്‍ പുണ്യഭൂമികളെ ആണയിട്ടു അല്ലാഹു പറയുന്നു. ‘നിശ്ചയമായും നാം മനുഷ്യരെ പടച്ചിരിക്കുന്നത് ഏറ്റവും നല്ല പ്രകൃതത്തിലാണ്’. ആയതിനാല്‍ ചന്ദ്രനെക്കാളും ഏറ്റവും നല്ല സൃഷ്ടി ആ സ്ത്രീയാണ്. താങ്കള്‍ക്ക് ആ കുട്ടിയെ ഭര്‍ത്താവിനൊപ്പം പറഞ്ഞയക്കാം. ഇതുകേട്ട ഖലീഫ ആ സ്ത്രീയെ ഭര്‍ത്താവിനൊപ്പം വിട്ടു.
ഇതിനോട് സാദൃശ്യമായ ഒരു പ്രമാദമായ സംഭവം ശംസുല്‍ ഉലമായുടെ കാലത്തും ഉണ്ടായി. മര്‍ഹൂം സയ്യിദ് ഹാഷിം തങ്ങളില്‍നിന്ന് ബഹുമാനപ്പെട്ട മാണിയൂര്‍ അഹ്മദ് മൗലവി റിപ്പോര്‍ട്ട് ചെയ്തതാണത്. വിദേശത്ത് പോകുന്ന ഒരു ഭര്‍ത്താവ് ഭാര്യയോട് കല്‍പിച്ചു. നീ നിന്റെ ബാപ്പയുടെ വീട്ടില്‍ കാല് കുത്തരുത്. അഥവാ അങ്ങനെ ചെയ്താല്‍ നീ മൂന്ന് ത്വലാഖും ചൊല്ലപ്പെട്ടവളാണ്. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പിതാവ് രോഗബാധിതനായി. മകള്‍ പിതാവിനെ സന്ദര്‍ശിക്കാന്‍ പോയില്ല. ഭര്‍ത്താവിന്റെ കല്‍പനയനുസരിച്ച് പിടിച്ചുനിന്നു. പക്ഷെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പിതാവ് മരിച്ചു. അവള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. പിതാവിന്റെ മയ്യിത്ത് കാണാന്‍ അവള്‍ ആ വീട്ടില്‍ പോയി. ഈ തരുണി വിവാഹമോചിതയായി എന്ന് ജനം വിധിയെഴുതി. ബന്ധപ്പെട്ടവര്‍ ആലിമീങ്ങളെയും ഖാസിമാരെയും സമീപിച്ചു. മൂന്ന് ത്വലാക്കും പോയതുതന്നെ എന്ന് അവരെല്ലാം വിധിയെഴുതി. ശംസുല്‍ ഉലമായുടെ അഗാധ ജ്ഞാനത്തെ പറ്റി മനസ്സിലാക്കിയ ഒരു ശിഷ്യന്‍ ശംസുല്‍ ഉലമായോട് ഫത്‌വ ചോദിക്കാന്‍ ബന്ധപ്പെട്ടവരോട് പറഞ്ഞു. അവര്‍ ശംസുല്‍ ഉലമായെ സമീപിച്ചു സംഭവം വിശദമായി വിവരിച്ചു. എല്ലാം കേട്ടശേഷം ശംസുല്‍ ഉലമ പുഞ്ചിരിച്ചു പറഞ്ഞു. അവളുടെ ത്വലാഖ് പോയിട്ടില്ല. കാരണം മരിച്ചപ്പോള്‍ അവര്‍ പോയത് ബാപ്പയുടെ വീട്ടിലല്ല. ബാപ്പ മരിച്ചപ്പോള്‍ അവരുടെ വീടും സ്വത്തുമൊക്കെ മക്കള്‍ക്ക് അവകാശപ്പെട്ടതാണ്. അതുകൊണ്ട് അവളുടെ വീട്ടില്‍ തന്നെയാണ് അവള്‍ പോയത്. വന്നവര്‍ ശംസുല്‍ ഉലമായെ വാഴ്ത്തി. പ്രസ്തുത സ്ത്രീ ഭര്‍ത്താവിനൊപ്പം ജീവിച്ചു.
ശംസുല്‍ ഉലമാ അത്മീയ ജ്ഞാനിയും ത്വരീഖത്തുകളുടെ ഖലീഫയുമെല്ലാം ആണെങ്കിലും വളരെ പുരോഗമനാത്മകവും പ്രായോഗികവുമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും അധ്യാപനവും പ്രസംഗവും എഴുത്തുമൊക്കെ. ശംസുല്‍ ഉലമാ ഹദീസും ആയത്തും വ്യാഖ്യാനിക്കുമ്പോള്‍ വിശാലതയില്ലാത്ത മനസ്സുകള്‍ക്കുണ്ടാകുന്ന സംശയങ്ങളും തെറ്റിദ്ധാരണകളും അതോടെ അവസാനിക്കും. ഒരിക്കല്‍ ജാമിഅ നൂരിയ്യയില്‍ നിന്ന് സ്വഹീഹുല്‍ ബുഖാരി ക്ലാസെടുക്കുമ്പോള്‍ ‘ജനങ്ങള്‍ ശഹാദത്ത് കലിമചൊല്ലി മുസ്‌ലിംകളാകുന്നതുവരെ അവരോട് യുദ്ധം ചെയ്യാന്‍ എന്നോട് ആജ്ഞാപിച്ചിരിക്കുന്നു’ എന്ന ഹദീസ് വായിച്ചപ്പോള്‍ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റ് ഇപ്രകാരം ചോദിച്ചു. ഈ കാലഘട്ടത്തിന് അനുയോജ്യമാണോ ഈ ഹദീസ്.
സൗമ്യമായി ശംസുല്‍ ഉലമാ പറഞ്ഞു. തീര്‍ത്തും അനുയോജ്യമാണ്. നീ മനസ്സിലാക്കിയതുപോലെ എപ്പോഴും യുദ്ധം ചെയ്ത് മതത്തില്‍ ആളെ ചേര്‍ക്കുക എന്നല്ല ഇതിനര്‍ത്ഥം. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ അങ്ങോട്ട് യുദ്ധം ചെയ്യരുത്. എന്ന വിശുദ്ധ ഖുര്‍ആനിന്റെ കല്‍പനയുണ്ടാകുമ്പോള്‍ അങ്ങിനെ മനസ്സിലാക്കുന്നത് തെറ്റാണ്. യുദ്ധം തുടങ്ങിയാല്‍ അതിന്റെ ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ അതില്‍നിന്ന് പിന്തിരിയരുത് എന്നാണിതിനര്‍ത്ഥം. അതുതന്നെയാണ് ആധുനിക രാഷ്ട്ര മീമാംസയും. നമ്മുടെ രാജ്യം ഒരന്യരാജ്യത്തോട് യുദ്ധം ചെയ്‌തെന്നിരിക്കട്ടെ. തുടങ്ങുമ്പോള്‍ ആക്ഷേപമുള്ളവരും തുടങ്ങിക്കഴിഞ്ഞാല്‍ നീതിപൂര്‍വ്വകമായ ലക്ഷ്യത്തിലെത്തുന്നതുവരെ രാജ്യത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുകയെന്നതാണ് നീതി. അതുതന്നെയാണ് അനുസരണം. യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞോടരുതെന്നും ലക്ഷ്യം നേടുന്നതുവരെ ഉറച്ചുനിന്ന് പോരാടണമെന്നുമാണ് പ്രവാചകനോട് ആജ്ഞാപിച്ചിരിക്കുന്നത്. ശംസുല്‍ ഉലമായുടെ ആഗാധ വിജ്ഞാനവൈഭവവും പ്രായോഗിക ബുദ്ധിയും ഇത്തരം എണ്ണമറ്റ വ്യാഖാനങ്ങളില്‍ നിന്നും സുതരാം വ്യക്തമാണ്.
ഇസ്‌ലാമിക ശരീഅത്തിന്റെ മഹത്വത്തെ ബോധ്യപ്പെടുത്തുന്നതിലും ശരീഅത്തിനെതിരെയുള്ള കടന്നാക്രമണങ്ങളെ ശക്തമായി നേരിടുന്നതിലും ശംസുല്‍ ഉലമാ വഹിച്ച നേതൃത്വവും മുസ്‌ലിം ഉമ്മത്തിനെ ഒന്നിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും വര്‍ണ്ണനാതീതവും എക്കാലവും അനുസ്മരിക്കപ്പെടാന്‍ പോകുന്നതുമാണ്. സാമുദായികമായും സാമൂഹികമായും സംഘടനാപരമായും മുസ്‌ലിം സമൂഹം ഒന്നിക്കേണ്ട ആവശ്യകതയെകുറിച്ച് അവസാന കാലങ്ങളില്‍ ശംസുല്‍ ഉലമ നല്‍കിയ സന്ദേശങ്ങളും പ്രസംഗങ്ങളും മുസ്‌ലിം കേരളത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടതും വര്‍ത്തമാനകാലത്ത് അതിന്റെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നതുമാണ്.