കമാല്‍ വരദൂര്‍

മോസ്‌ക്കോയിലെ ലുസിനിക്കി സ്‌റ്റേഡിയത്തില്‍ ജൂണ്‍ 14 നാണ് ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. പക്ഷേ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത് തൊട്ടടുത്ത ദിവസത്തേക്കാണ്-ജൂണ്‍ 15ന്. അന്ന് സൂച്ചിയിലെ ഫിഷ്ത് സ്‌റ്റേഡിയത്തിലാണ് ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടം നടക്കാന്‍ പോവുന്നത്. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും അദ്ദേഹത്തിന്റെ റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസ് നയിക്കുന്ന സ്‌പെയിനും തമ്മിലുള്ള ഗ്രൂപ്പ് ബി അങ്കം. രണ്ട് താരങ്ങള്‍ തമ്മിലുളള യുദ്ധമല്ലിത്-അയല്‍ക്കാര്‍ കൂടിയാണ് സ്‌പെയിനും പോര്‍ച്ചുഗലും. യൂറോപ്യന്‍ ഫുട്‌ബോളില്‍ പലപ്പോഴും പരസ്പരം മല്ലടിക്കുന്നവര്‍. രണ്ട് ടീമിലും അനുഭവസമ്പന്നരായ താരങ്ങള്‍.
പോര്‍ച്ചുഗല്‍ ശക്തരായി തന്നെയാണ് റഷ്യയിലേക്ക് വരുന്നത്. ഫിഫ റാങ്കിംഗില്‍ മൂന്നാം സ്ഥാനം. യോഗ്യതാ മല്‍സരങ്ങളില്‍ ഗംഭീര പ്രകടനം. സമീപകാലത്ത് നടന്ന സന്നാഹ മല്‍സരങ്ങളിലും വിറുറ്റ പോരാട്ടവീര്യം പ്രകടിപ്പിച്ചവര്‍. ടീമിന്റെ നെടും തൂണ്‍ ലോക ഫുട്‌ബോളിലെ പകരം വെക്കാനില്ലാത്ത മുന്‍നിരക്കാരന്‍ റൊണാള്‍ഡോ. ലോക ഫുട്‌ബോളിനെ ഭരിക്കുന്ന യൂറോപ്പിന്റെ ഒരറ്റത്താണ് പോര്‍ച്ചുഗല്‍. എങ്കിലും ഇത് വരെ മഹാമേളയില്‍ ഒന്നാം സ്ഥാനം നേടാന്‍ കഴിയാത്തവരാണ്. ആറ് തവണ ലോകകപ്പ് കളിച്ചു. രണ്ട് വട്ടം സെമി ഫൈനലിലെത്തി. പക്ഷേ യൂസേബിയോയില്‍ തുടങ്ങി കൃസ്റ്റിയാനോയില്‍ എത്തി നില്‍ക്കുന്ന ഫുട്‌ബോള്‍ തലമുറക്ക് ഇത് വരെ കിരീട സൗഭാഗ്യം ലഭിച്ചിട്ടില്ല.
ഫെര്‍ണാണ്ടോ സാന്‍ഡോസ് എന്ന അനുഭവസമ്പന്നാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഗ്രീസിന്റെ മുന്‍ കോച്ചായിരുന്നു അദ്ദേഹം, ആ നാളുകളിലാണ് ഗ്രീസ് യൂറോപ്പില്‍ അല്‍ഭുതം കാട്ടിയത്. 2016 ല്‍ പോര്‍ച്ചുഗല്‍ ആദ്യമായി വന്‍കരാ ചാമ്പ്യന്മാരാവുമ്പോള്‍ ടീമിന്റെ ഹെഡ്മാസ്റ്റര്‍ സാന്‍ഡോസായിരുന്നു. കൃസ്റ്റിയാനോക്ക് പ്രിയപ്പെട്ട കോച്ച്. 16 ലെ വന്‍കരാ നേട്ടത്തിന് ശേഷം ലോകകപ്പ് യോഗ്യതാ റൗണ്ടിലും സാന്‍ഡോസും കൃസ്റ്റിയാനോയും തമ്മിലുള്ള കോമ്പിനേഷനാണ് കരുത്ത് കാട്ടിയത്. സ്വിറ്റ്‌സര്‍ലാന്‍ഡ് ഉള്‍പ്പെടെ കരുത്തരുടെ ഗ്രൂപ്പില്‍ നിന്നുമാണ് പോര്‍ച്ചുഗല്‍ യോഗ്യത നേടിയത്.
ഗ്രൂപ്പ് ഘട്ടം അതിജയിക്കാന്‍ പോര്‍ച്ചുഗലിന് കഴിയുമെന്നാണ് നിലവിലെ വിശ്വാസം. സ്‌പെയിനാണ് കാര്യമായ വെല്ലുവിളി. മൊറോക്കോ, ഇറാന്‍ എന്നിവരെ പക്ഷേ സാന്‍ഡോസ് ദുര്‍ബലരായി കാണില്ല. അട്ടിമറിക്ക് കെല്‍പ്പുള്ളവരാണവര്‍. കൃസ്റ്റിയാനോയുടെ ആരോഗ്യമാണ് ടീമിന് പ്രധാനം. റയല്‍ മാഡ്രിഡിന് വേണ്ടി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച ശേഷം മാത്രമായിരിക്കും 33 കാരന്‍ ദേശീയ ടീമിനൊപ്പം ചേരുക. ഒരാഴ്ച്ച മുമ്പ് നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിനിടെ കൃസ്റ്റിയാനോക്ക് പരുക്കേറ്റത് ദേശീയ ടീമിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ പരുക്കില്‍ നിന്നും മുക്തനായി അദ്ദേഹം ലാലീഗയില്‍ കളിക്കുന്നുണ്ട്. റയലില്‍ കൃസ്റ്റിയാനോ അല്‍ഭുതങ്ങള്‍ കാട്ടുന്നത് മുന്‍നിരയിലെ കരീം ബെന്‍സേമ, ജെറാത്ത് ബെയില്‍, മധ്യനിരയില്‍ ലുക്കാ മോദ്രിച്ച്, ടോണി ക്രൂസ് തുടങ്ങിയവരുടെ പിന്‍ബലത്തിവലാണ്. ദേശീയ ടീമിലേക്ക് വരുമ്പോള്‍ അര്‍ജന്റീനയില്‍ മെസി നേരിടുന്ന അതേ വെല്ലുവിളി അദ്ദേഹത്തിനുമുണ്ട്. ആന്ദ്രെ സില്‍വയെ പോലുള്ളവരാണ് ദേശീയ നിരയില്‍ റൊണാള്‍ഡോയുടെ കൂട്ടാളികള്‍. ഇവര്‍ക്ക് ദേശീയ രംഗത്ത് വലിയ നാമമില്ലതാനും. പക്ഷേ പ്രതിയോഗികള്‍ റൊണാള്‍ഡോയെ ഭയപ്പെടുന്നതിനാല്‍ മറ്റ് താരങ്ങള്‍ക്ക് സ്വതന്ത്രമായി കളിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. സ്‌പോര്‍ട്ടിംഗ് ലിസ്ബണ് വേണ്ടി കളിക്കുന്ന റൂയി പട്രീസിയോയായിരിക്കും ഗോള്‍ക്കീപ്പര്‍. ബെറ്റോ രണ്ടാമനാവും. വെറ്ററന്‍ പെപ്പെ, ബ്രൂണോ ആല്‍വസ് എന്നവരാണ് ഡിഫന്‍സിലെ ശക്തര്‍. മരിയോ റൂയി, ഫാബിയോ കണ്ടാരോ എന്നിവരും അനുഭവസമ്പന്നര്‍. വില്ല്യം കാര്‍വാലോ, ജോ മരിയോ, ജോ മോറിഞ്ഞോ, ബെര്‍നാര്‍ഡോ സില്‍വ എന്നിവരായിരിക്കും മധ്യനിരയുടെ ശക്തി-റൊണാള്‍ഡോക്ക് പന്ത് എത്തിക്കുന്നവര്‍. മുന്‍നിരയില്‍ റൊണാള്‍ഡോക്കൊപ്പം 26 കാരന്‍ ആന്ദ്രെ ഡയസുണ്ട്. ജെല്‍സണ്‍ മാര്‍ട്ടിനസ് മറ്റൊരു ശക്തനാണ്. അനുഭവസമ്പന്നരായ റെക്കാര്‍ഡോ കരസേമ, നാനി, ഈദര്‍ തുടങ്ങിയവര്‍ക്ക് ടീമില്‍ ഇടമുണ്ടാവില്ല.
റൊണാള്‍ഡോക്കിത് അവസാന ലോകകപ്പാണ്. 33 ല്‍ നില്‍ക്കുന്ന സൂപ്പര്‍ താരത്തിന് ഇനി അവസരമില്ല. അദ്ദേഹത്തിന്റെ നിറമുള്ള കരിയറിലെ ഏക കുറവ് ലോകകപ്പാണ്.യുസേബിയോ മുതല്‍ ലൂയിസ് ഫിഗോ വരെ ഉന്നതര്‍ കളിച്ച പോര്‍ച്ചുഗലിന് രണ്ട് തവണ സെമി കളിക്കാന്‍ കഴിഞ്ഞത് മാത്രമാണ് ലോകകപ്പിലെ വലിയ നേട്ടം. ഇത്തവണ രാജ്യത്തെ രക്ഷിക്കാന്‍ തനിക്ക് കഴിയുമെന്നാണ് റൊണാള്‍ഡോ പറയുന്നത്. ക്ലബ് തലത്തില്‍ എല്ലാ കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. റയല്‍ മാഡ്രിഡിന് വേണ്ടി രണ്ട് തവണ തുടര്‍ച്ചയായി യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് കിരീടം നേടി. ഫിഫ ക്ലബ് ലോകകപ്പ് കിരീടം സമ്പാദിച്ചു. ലാലീഗ കിരീടവും കിംഗ്‌സ് കപ്പുമെല്ലാം പലവട്ടം നേടി. വ്യക്തിഗതമായി ബലന്‍ഡിയോര്‍ ഉള്‍പ്പെടെ ഫുട്‌ബോള്‍ ലോകത്തെ എല്ലാ പുരസ്‌ക്കാരങ്ങളും സ്വന്തമാക്കി. ലോകകപ്പ് മാത്രമാണ് ബാക്കി. ആ നേട്ടത്തിലേക്കുള്ള യാത്രയില്‍ ആരോഗ്യം മാത്രമാണ് സൂപ്പര്‍ താരത്തിന് പ്രധാന തലവേദന.