എം.ലുഖ്മാന്‍

എല്ലാ മതാനുയായികള്‍ക്കും സ്വന്തം വിശ്വാസമനുസരിച്ച് മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവസരം അനുവദിക്കുന്നു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യ മതേതര സംവിധാനം. മതവിശ്വാസവും മതാനുഷ്ഠാനവും സംരക്ഷിക്കപ്പെടുന്ന സമഗ്രതയാണ് അതിന്റെ കരുത്ത്. ഇന്ത്യന്‍ ഭരണഘടന മൗലികാവകാശമായി 25 മുതല്‍ 30 വരെയുള്ള വകുപ്പുകളില്‍ മതവിശ്വാസത്തിനും പ്രചാരണത്തിനുമെല്ലാം അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
1937ല്‍ നിലവില്‍ വരികയും 1939ല്‍ ഭേദഗതി വരുത്തുകയും ചെയ്തതും ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ‘മുസ്‌ലിം വ്യക്തിനിയമം’ ഇവിടെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന മത സ്വാതന്ത്ര്യത്തിന്റെ ആണിക്കല്ലാണ്. വിവാഹം, വിവാഹ മോചനം, ദായധനം, വഖഫ് തുടങ്ങിയവ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് വിധിതേടാന്‍ ഭരണഘടന നല്‍കുന്ന അവകാശമാണിത്. ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ കര്‍മ ശാസ്ത്ര നിയമങ്ങളുടെ ക്രോഡീകരണമാണ് മുസ്‌ലിം വ്യക്തിനിയമം. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് അഥവാ വിശുദ്ധ ഖുര്‍ആന്‍, പ്രവാചക ചര്യ, മത പണ്ഡിതരുടെ ഏകകണ്ഠമായ അഭിപ്രായം, ഖുര്‍ആനും നബിചര്യയും പഠിപ്പിച്ച തത്വങ്ങളുടെ വെളിച്ചത്തില്‍ നിര്‍ധാരണം ചെയ്ത നിയമങ്ങള്‍ എന്നീ നാലു പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യക്തിനിയമം രൂപപ്പെടുത്തിയത്. ഇസ്‌ലാമില്‍ ജാതിയോ ഉപജാതിയോ ഇല്ലെങ്കിലും കര്‍മ്മശാസ്ത്ര വിഷയത്തില്‍ പിന്‍പറ്റുന്ന വിവിധ ധാരകളുണ്ട്. മദ്ഹബുകളായും അല്ലാതെയും സംഘടിതരായവര്‍ക്കെല്ലാം ഖുര്‍ആന്‍ ഒന്നാണെങ്കിലും മറ്റുള്ളവയെ സമീപിക്കുമ്പോള്‍ ഉള്ള വൈവിധ്യങ്ങള്‍മൂലം കര്‍മ്മശാസ്ത്രപരമായി ഏകാഭിപ്രായം ഇല്ല. കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ ശാഫിഈ മദ്ഹബുകാരാണ് അധികമെങ്കിലും രാജ്യത്ത് ഹനഫികളാണ് കൂടുതല്‍. ആഗോളതലത്തില്‍ സുന്നികളുമായി ചേര്‍ത്തെണ്ണുന്ന സലഫികളും ശിയാക്കളും ഉള്‍പ്പെടെയുള്ളവരുമുണ്ട്. ഈ വസ്തുതയെ ഉള്‍ക്കൊള്ളാതെ വിഷയത്തെ സമീപിക്കുന്നതാണ് പലപ്പോഴും എതിരാളികള്‍ക്ക് നേട്ടമാവുന്നത്.
1981ല്‍ മക്ക ആസ്ഥാനമായി സ്ഥാപിതമായ ‘മജ്മഉല്‍ ഫിഖ്ഹില്‍ ഇസ്സ്‌ലാമിയുദ്ദൗലി’ അഥവാ ‘ഇന്റര്‍ നാഷനല്‍ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി’ ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ പൊതു പ്രാതിനിധ്യമുള്ള പണ്ഡിതസഭ പോലെ ഒന്നിന്റെ അഭാവം ഇനിയെങ്കിലും വിലയിരുത്തപ്പെടണം. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ആധികാരികതയെ വിലകുറച്ചു കാണുകയല്ല. പുതിയ സാഹചര്യത്തില്‍ മുസ്‌ലിം വ്യക്തിനിയമം സംരക്ഷിക്കപ്പെടാന്‍ രൂപപ്പെടേണ്ട യോജിപ്പിന്റെ പ്രാധാന്യം സൂചിപ്പിച്ചെന്നു മാത്രം. ലോക്‌സഭയില്‍ ഒരൊറ്റ ദിവസംകൊണ്ട് ചടുലമായി ചുട്ടെടുത്ത മുത്തലാഖ് ബില്ല് രാജ്യസഭയില്‍ വെന്തില്ലെന്നത് നിസ്സാരമല്ല. അനിവാര്യമായ ചില ഭേതഗതികള്‍ പ്രതിപക്ഷം അവതരിപ്പിച്ചത് സ്വീകരിക്കാനുള്ള വൈമനസ്യമാണ് ബില്ലിന് വിലങ്ങുതടിയായത്. ഓര്‍ഡിനന്‍സിലൂടെ സുപ്രീംകോടതി നിര്‍ദേശം പാലിച്ചെന്ന് വരുത്തിത്തീര്‍ക്കുന്ന കേന്ദ്ര ഭരണകൂടം പാര്‍ലമെന്റിനെ മുഖവിലക്കെടുക്കുകയും ന്യൂനപക്ഷത്തിന്റെ ശബ്ദംകൂടി കേള്‍ക്കുകയുമാണ് വേണ്ടത്.
2017 ആഗസ്റ്റ് 22ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെച്ച് മുത്തലാഖ് നിരോധിച്ച് ഐകകണ്‌ഠ്യേയല്ല വിധിന്യായം പുറപ്പെടുവിച്ചത് എന്നതു മാത്രം മതി ഇസ്‌ലാമിലെ വിവാഹമോചന രീതികളെ പ്രാകൃതമെന്ന് ആരോപിക്കുന്നവരുടെ ദുഷ്ടലാക്ക് തിരിച്ചറിയാന്‍. ചീഫ് ജസ്റ്റിസ് ഖെഹാര്‍, ജസ്റ്റിസ് നസീര്‍ എന്നിവര്‍ മുത്തലാഖ് ഭരണഘടനാപരമാണെന്നു വിധി പ്രസ്താവിച്ചു എന്നത് നിസ്സാരമല്ല. ജസ്റ്റിസ് കുര്യന്‍ ജോസഫ് ഒറ്റയിരിപ്പിലുള്ള മുത്തലാഖ് നിയമവിരുദ്ധമാണെന്നു കണ്ടെത്തിയപ്പോള്‍ ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ലളിത് എന്നിവര്‍ മുത്തലാഖ് തന്നെ ഭരണഘടനാവിരുദ്ധമാണെന്നു വിധിക്കുകയായിരുന്നു. അഞ്ച് മതങ്ങളില്‍പെട്ട അഞ്ച് ജഡ്ജിമാര്‍ പരിശോധിച്ച വിഷയത്തില്‍ ചീഫ് ജസ്റ്റിസും ഇസ്‌ലാം മതവിശ്വാസിയായ ജഡ്ജിയും മുത്തലാഖിന്റെ സാധുത അടിവരയിടുമ്പോള്‍ മലയാളിയായ ക്രിസ്ത്യന്‍ ജഡ്ജി ഒറ്റയിരിപ്പിലുള്ള മുത്തലാഖിനെയാണ് എതിര്‍ത്തത്. ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ലളിതും യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വെച്ചതാവട്ടെ, ഇസ്‌ലാമിലെ ത്വലാഖ് എന്ന രീതിയെ തന്നെയായിരുന്നു.
അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് ഭൂരിപക്ഷ അഭിപ്രായ പ്രകാരമാണ് ‘ഒറ്റയിരിപ്പിലുള്ള മുത്തലാഖ്’ റദ്ദാക്കിയത്. മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ തന്നെ ഒറ്റയിരിപ്പിലുള്ള മുത്തലാഖ് എന്നത് തര്‍ക്ക വിഷയമാണുതാനും. പ്രത്യക്ഷത്തില്‍ ഇങ്ങിനെ ലഘൂകരിക്കാമെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ തത്വദീക്ഷതയില്ലാത്തതും ധാഷ്ട്യം നിറഞ്ഞതുമായ സമീപനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 2017 മെയ് മാസം ഈ വിഷയത്തിലുള്ള വാദം സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹത്ഗി അറിയച്ചതു തന്നെ, ‘മുത്തലാഖ് നിരോധിക്കാന്‍ കോടതി തയ്യാറായാല്‍ മൂന്നു മാസത്തിനകം നിയമം നിര്‍മ്മാണം കൊണ്ടുവരും’ എന്നായിരുന്നു. ബഹുഭാര്യത്വവും നികാഹ് ഹലാലയുംകൂടി നിരോധിക്കണമെന്ന താല്‍പര്യം അദ്ദേഹം മുന്നോട്ടുവെച്ചെങ്കിലും സമയ പരിമിധിയുടെ പേരില്‍ മുത്തലാഖ് മാത്രം പരിഗണിച്ചാണ് വിധി പുറപ്പെടുവിച്ചത്.
ലോക്‌സഭയിലും തുടര്‍ന്ന് രാജ്യസഭയിലും അവതരിപ്പിച്ച ബില്ലില്‍ പ്രതിപക്ഷത്തിന്റെ ചില നിര്‍ദേശങ്ങള്‍ ചേര്‍ത്താണ് ഇപ്പോള്‍ ഇറക്കിയ മുതലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള ഓര്‍ഡിനന്‍സ്. പക്ഷേ, ഏക സിവില്‍കോഡിലേക്കുള്ള ചവിട്ടുപടിയായി മുത്തലാക്ക് നിയമത്തെ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ദുഷ്ടലാക്ക് കരുതലോടെ സമീപിക്കേണ്ട ഒന്നാണ്. വ്യക്തിനിയമങ്ങളുടെ പരിരക്ഷയെ ദുര്‍ബലപ്പെടുത്തി മുത്തലാഖില്‍ കൈവെച്ച് ത്വലാഖിലേക്കും വിവാഹത്തിലേക്കും നീളുന്ന സാഹചര്യമാണ് മുമ്പിലുള്ളത്. ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞ മുസ്‌ലിം ലോകത്തിന് എതിരഭിപ്രായമില്ലാത്ത ഒന്ന്, രണ്ട്, മൂന്ന് എന്ന രീതിയിലുള്ള മുത്തലാഖ് സുപ്രീംകോടതി നിരോധിച്ചിട്ടില്ലെന്ന് ആശ്വസിക്കുമ്പോഴും ത്വാലാക്ക് (വിവാഹ മോചനം) തന്നെ നിരോധിക്കണമെന്ന ധ്വനിയുള്ളതാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലെന്നത് ഓര്‍ക്കണം. 1980കളില്‍ ആരംഭിക്കുകയും 1985 ഏപ്രിലിലെ ശബാനുകേസിലെ സുപ്രീം കോടതി വിധിയോടെ മുസ്‌ലിം സ്ത്രീ മുഖ്യ ചര്‍ച്ചയായതും പലരുടെയും ശരീഅത്ത് വിരുദ്ധത മറനീക്കി പുറത്തുവന്നതും ഇതോട് ചേര്‍ത്തുവായിക്കണം. ഗര്‍ഭിണിയായ മുസ്‌ലിം സ്ത്രീയുടെ വയറ്റില്‍ തൃശൂലം കുത്തിയിറക്കിയവരുടെ മുസ്‌ലിം വനിതാ സ്‌നേഹം കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നതാണവസ്ഥ. മുസ്‌ലിം പുരുഷനെ ജയിലില്‍ തള്ളുന്ന സ്ത്രീയെ വഴിയാധാരമാക്കുന്ന മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി തുല്യം ചാര്‍ത്തിയതോടെ ആറു മാസത്തേക്ക് അതാണ് നിയമം. മുത്തലാഖ് നിരോധന നിയമം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിന്റെ അലകും പിടിയും ഏതുതരത്തിലാണെന്ന് വ്യക്തമാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം വരുന്ന സര്‍ക്കാറിന്റെ സ്വഭാവം അനുസരിച്ച് പുതിയ നിയമം വരാനാണ് സാധ്യത. ഓരോ പേജ് വീതം കീറിയെടുത്ത് മുസ്‌ലിം വ്യക്തി നിയമത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്നതിന്റെ പ്രത്യാഘാതം കാത്തിരുന്ന് കാണേണ്ടതാണ്. രാജ്യത്ത് വിവാഹവും വിവാഹ മോചനവും സിവില്‍ നടപടി ക്രമമാണെങ്കിലും മുസ്‌ലിം വിവാഹ മോചനം മാത്രം ക്രിമിനല്‍ കുറ്റമാക്കിയതോടെ ഇരട്ട നീതിയും അനീതിയുടെ ഇരട്ട പ്രഹരവുമാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സൃഷ്ടിച്ചത്. സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പെയുണ്ടായിരുന്നതും ഭരണഘടനാ നിര്‍മ്മാണ വേളയില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ശേഷം തുടരുന്നതുമായ മുസ്‌ലിം വ്യക്തി നിയമത്തെയും നിയമവാഴ്ചയിലെ വിവേചനത്തെയും സ്ഥാപിക്കുമ്പോള്‍ പൗരാവകാശ മനുഷ്യാവകാശ പ്രശ്‌നമായും അതു മാറുന്നു. സ്ത്രീ ജീവിതകാലം മുഴുവന്‍ കണ്ണീരുമായി കയ്യുന്നതോ മോചനമില്ലാതെ ആത്മഹത്യയിലേക്ക് അഭയം തേടുന്നതോ ആയ ഭീകരമായ സാഹചര്യം സൃഷ്ടിക്കുന്നതിനെ സ്ത്രീ സംരക്ഷണത്തിന്റെ അകൗണ്ടിലാണ് ഉള്‍പ്പെടുത്തുന്നതെന്നത് വിചിത്രമാണ്. പരസ്പര ധാരണയുടെയും വ്യക്തിത്വത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെയും മേഖലയെ അറുത്തു മാറ്റുന്ന ഓര്‍ഡിനന്‍സ് ദുഷ്ടലാക്ക് മാത്രമാണ്.മുത്തലാഖ് ചൊല്ലിയാല്‍ ജയിലും പിഴയും വിധിക്കുന്ന ഓര്‍ഡിനന്‍സിറക്കി വാചാലനാവുന്ന കേന്ദ്ര സര്‍ക്കാര്‍ അനുകൂലികള്‍ പ്രധാനമന്ത്രി മോദിയുടെ ഭാര്യയുടെ അവസ്ഥയെ കുറിച്ചും ചിന്തിചെങ്കില്‍.
(അവസാനിച്ചു)