Connect with us

Video Stories

ബജറ്റ് തയാറാക്കുന്നത് അതീവ സുരക്ഷയില്‍ ജീവനക്കാര്‍ക്ക് ഒരു മാസം ‘തടവറ’

Published

on

തിരുവനന്തപുരം: ജനം ഏറെ പ്രതീക്ഷയോടെയും ഉത്കണ്ഠയോടെയും കാത്തിരിക്കുന്ന സംസ്ഥാന ബജറ്റ് തയാറാക്കുന്നത് അതീവ സുരക്ഷയില്‍. ഏറെനാള്‍ നീണ്ട ജീവനക്കാരുടെ അധ്വാനവുമുണ്ട്. ബജറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഒരു മാസക്കാലം പുറംലോകവുമായി ബന്ധമില്ലാതെയാകും കഴിയുക. പ്രസില്‍ നിന്നുപോലും ചോര്‍ന്ന ചരിത്രമുള്ളതിനാല്‍ ബജറ്റ് തയാറാക്കുന്ന ഓരോ ഘട്ടവും അതീവ ശ്രദ്ധയോടെയാകും പൂര്‍ത്തിയാക്കുക. നിയമസഭയില്‍ ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചശേഷമാകും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ധനവകുപ്പ് ഉദ്യോഗസ്ഥരും പ്രസ് ജീവനക്കാരും സ്വതന്ത്രരാക്കപ്പെടുക.
രണ്ട് മാസം നീണ്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് ധനവകുപ്പിന്റെ നേതൃത്വത്തില്‍ ബജറ്റ് തയാറാക്കുന്നത്. ഇതിന് മുന്നോടിയായി എല്ലാ വകുപ്പുകളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും. പ്രഖ്യാപിക്കുന്നതുവരെ ചോരാതെ സൂക്ഷിക്കുന്നു എന്നതു തന്നെയാണ് ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. മുഖ്യമന്ത്രി പോലും തലേ ദിവസം മാത്രമാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍ അറിയുക. സംസ്ഥാനത്തെ 68ാം ബജറ്റും മന്ത്രി തോമസ് ഐസക്കിന്റെ എട്ടാം ബജറ്റുമാണ് ഇന്നലെ അവതരിപ്പിച്ചത്.
കേന്ദ്ര ബജറ്റിനുശേഷമാണ് സാധാരണഗതിയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മൂന്നു മാസം മുന്‍പെങ്കിലും ഓരോ വകുപ്പുകളോടും ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ ക്ഷണിക്കും. ഇത്തവണ ഓണ്‍ലൈന്‍ മുഖേനയായിരുന്നു വിവരശേഖരണം. ചെലവുകളും പുതിയ പദ്ധതികളും ആവശ്യങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയാണ് രണ്ടാംഘട്ടം. പതിവുപോലെ വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലായിരുന്നു തോമസ് ഐസക് ഈ കൂടിയാലോചനകള്‍ക്ക് തുടക്കമിട്ടത്. കണക്കുകളുടെ അപഗ്രഥനം, നിര്‍ദേശങ്ങളുടെ പരിശോധന, വിശദീകരണം തേടല്‍ എന്നിവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കും. വാട്‌സാപ്, ഫേസ്ബുക്ക് എന്നിവയിലൂടെ ലഭിച്ച നിര്‍ദേശങ്ങളും പരിഗണിച്ചു.
വ്യവസായികള്‍, ഉപഭോക്തൃ സംഘടനകള്‍, കര്‍ഷക സംഘങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലെയും പ്രതിനിധികളുമായി രണ്ടുദിവസ ചര്‍ച്ചയായിരുന്നു അടുത്ത ഘട്ടം. നേരിട്ടെത്താത്തവരില്‍നിന്നു നിര്‍ദേശങ്ങള്‍ എഴുതി വാങ്ങി. വരവു ചെലവു കണക്കുകളും തയാറാക്കി. ധനമന്ത്രി, ധനസെക്രട്ടറി, ഇരുവരുടെയും ഓഫീസിലെ തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അന്തിമ ചര്‍ച്ച നടന്നത് കഴിഞ്ഞയാഴ്ച. ഫണ്ട് വകയിരുത്തി ഓരോ പദ്ധതിക്കും അന്തിമ രൂപം നല്‍കി. കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ബജറ്റ് രേഖകള്‍ അംഗീകരിച്ചു. ബജറ്റ് പ്രസംഗം തയാറാക്കുക എന്ന മുഖ്യ ദൗത്യത്തിലേക്ക് മന്ത്രി കടന്നത് കഴിഞ്ഞ 27നാണ്. വേണ്ട വിവരങ്ങള്‍ ശേഖരിച്ച് അപ്പപ്പോള്‍ കൈമാറാന്‍ ഓഫീസിലെ രണ്ടു വിശ്വസ്തര്‍ ഒപ്പം. ധനവകുപ്പുമായി ഫോണില്‍ നിരന്തര സമ്പര്‍ക്കം. രാത്രി വൈകുവോളം ഓഫീസിലും വീട്ടിലുമായി പ്രസംഗം തയാറാക്കല്‍.
പ്രസംഗം എഴുതി പൂര്‍ത്തിയാക്കുന്നത് തലേദിവസം രാത്രിയാണ്. രാത്രിതന്നെ മുഖ്യമന്ത്രിയെ വായിച്ചു കേള്‍പ്പിക്കും. തുടര്‍ന്ന് എന്തെങ്കിലും മാറ്റം നിര്‍ദേശിക്കുകയാണെങ്കില്‍ വേണ്ട തിരുത്തലുകള്‍ വരുത്തും. പുലര്‍ച്ചെ രണ്ടിന് അച്ചടിക്കായി സര്‍ക്കാര്‍ പ്രസിലേക്ക് കൊടുക്കും. അച്ചടി പൂര്‍ത്തിയാക്കി രാവിലെ സീല്‍ ചെയ്ത കവറില്‍ നിയമസഭയില്‍ എത്തിക്കും. രാവിലെ ഒന്‍പതിനു ബജറ്റ് പ്രസംഗം മന്ത്രി ആരംഭിക്കും. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സ്പീക്കറുടെ അനുമതിയോടെ ബജറ്റ് പ്രസംഗവും രേഖകളും വിതരണം ചെയ്യും. പ്രസംഗം കഴിഞ്ഞശേഷമേ അച്ചടി ജോലി നിര്‍വഹിച്ച ജീവനക്കാരെ പ്രസില്‍നിന്നു പുറത്തുവിടൂ. ഒരുമാസക്കാലമായി വീട്ടില്‍ പോലും പോകാതെയോ ഫോണ്‍പോലും വിളിക്കാതെയോ അതീവ സുരക്ഷയിലാണ് ഈ ജീവനക്കാര്‍ക്ക് കഴിയേണ്ടിവരിക.

Video Stories

ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക

Published

on

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

തെക്കന്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് വെള്ളിയാഴ്ട രാത്രി 11.30 വരെ 1.5 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Continue Reading

Indepth

കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ്: സതീഷ് കുമാറും അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികള്‍; ഓഡിയോ പുറത്ത്

വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍.

Published

on

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി അറസ്റ്റ് ചെയ്ത പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികളായിരുന്നത് തെളിയിക്കുന്ന നിര്‍ണ്ണായക ഓഡിയോ പുറത്ത്. ഹോട്ടലിലെ മുന്‍ജീവനക്കാരന്റെ ഓഡിയോയാണ്‌
പുറത്ത് വന്നിരിക്കുന്നത്. പി സതീഷ് കുമാര്‍, പി ആര്‍ അരവിന്ദാക്ഷന്‍, എന്നിവര്‍ അടക്കം 5  പേര്‍ ചേര്‍ന്ന് ലീസിനെടുത്ത് ഹോട്ടല്‍ നടത്തിയിരുന്നുവെന്നാണ് ശബ്ദരേഖയില്‍ മുന്‍ ജീവനക്കാരന്‍ പറയുന്നത്.

ഹോട്ടല്‍ നഷ്ടം മൂലം പൂട്ടിപ്പോയതായും ഓഡിയോയില്‍ പറയുന്നുണ്ട്. പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും  തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ.

നേരത്തെ കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പി ആര്‍ അരവിന്ദാക്ഷനെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി മര്‍ദ്ദിച്ചെന്ന് അരവിന്ദാക്ഷന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കി. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ സിഐ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇഡി ഓഫീസിലെത്തിയാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയത്.

എന്നാല്‍ ഈ പരാതിയില്‍ ഇഡിക്കെതിരെ കേസെടുക്കുന്നത് വൈകും. ഇഡിക്കെതിരെ വ്യക്തമായ തെളിവില്ലാതെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് നിയമോപദേശം. പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താന്‍ തിരിച്ചടിയാകുമോ എന്നതിലായിരുന്നു നിയമോപദേശം തേടിയത്.

വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍. ഇതിനിടയിലാണ് പിആര്‍ അരവിന്ദാക്ഷനും കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പൊലീസിനെതിരെ നേരത്തെ ഇഡി രംഗത്തുവന്നിരുന്നു. അന്വേഷണ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നുവെന്നായിരുന്നു പരാതി. ഇഡി ഓഫീസിന് മുന്നില്‍ രഹസ്യ പൊലീസ് ക്യാമ്പ് ചെയ്യുന്നുവെന്നും ഓഫീസിലെത്തുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഇഡി ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ പിന്തുടരുന്നുവെന്നും കൊച്ചിയിലെ റെയ്ഡ് നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്തത് മഫ്തി പൊലീസ് സംഘമെന്നും ഇഡി പറഞ്ഞിരുന്നു.

Continue Reading

Celebrity

നവതി ആഘോഷിക്കുന്ന നടൻ മധുവിന് ആശംസ നേർന്ന്, ഓർമകൾ പങ്കിട്ട് നടി ഭാഗ്യശ്രീ

Published

on

എന്റെ ആദ്യത്തെ മലയാള സിനിമ ഭരതൻ സംവിധാനം ചെയ്ത ” ഇത്തിരി പൂവേ ചുവന്ന പൂവേ ” എന്ന ചിത്രമാണ് , കേവലം 14 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് റഹ്മാന്റെ നായികയായി ആ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത് .മമ്മൂക്ക , ശോഭന ചേച്ചി , കെ. ആർ വിജയ ആന്റി, നെടുമുടി ചേട്ടൻ അങ്ങനെ വലിയ ഒരു താരനിരയുള്ള ചിത്രം . മധു സാർ ആയിരുന്നു റഹ്മാന്റെ അച്ഛനായി അഭിനയിച്ചത്. റഹ്മാന്റെ കൂടെ എന്നെ കണ്ടപ്പോൾ മധുസാറിന്റെ കഥാപാത്രം എന്നെ വിശദമായി ചോദ്യം ചെയ്യും .ഞാൻ ഉടനെ തേങ്ങിക്കരയും.

അതോടെ മധുസർ ആകെ വെപ്രാളത്തിലായി .ഇന്നും ആ രംഗം ടിവിയിൽ കാണുമ്പോൾ പഴയകാല ഓർമ്മകൾ എന്നിലേക്കോടിയെത്തും .അച്ഛന്റെ കയ്യിൽ തൂങ്ങി കോഴിക്കോടുള്ള ലൊക്കേഷനിൽ എത്തുമ്പോൾ അവിടെ മധുസാർ ഉൾപ്പടെ എല്ലാവരുമുണ്ടായിരുന്നു.മധുസാറിനെ കാണിച്ച്‌ എന്റെ അച്ഛൻ പറഞ്ഞു ” പാപ്പാ ഇവർ വന്ത് സൗത്ത് ഇൻഡ്യവിലെ പെരിയ നടികർ. കാൽതൊട്ട് ആശിർവാദം വാങ്കണം ” ഞാൻ അച്ഛൻ പറഞ്ഞപോലെ മധു സാറിന്റെ കാലിൽ തൊട്ടു. മധുസാർ എന്റെ മൂർദ്ധാവിൽ ചുംബിച്ച ശേഷം “മോൾ എല്ലാവരും ഇഷ്ടപെടുന്ന നല്ല അഭിനേത്രിയാവട്ടെ’ എന്നനുഗ്രഹിച്ചു.

അഭിനയിക്കുമ്പോൾ തുടക്കക്കാരി എന്ന നിലയിൽ മധുസാർ വളരെ ക്ഷമയോടെ എല്ലാം പറഞ്ഞുതന്നു.അതിനാൽ മധുസാറുമൊത്തുള്ള കോമ്പിനേഷൻ സീൻ വളരെ മനോഹരമാവുകയും ചെയ്തു . പിന്നീട് കുറെ സിനിമകളിൽ മധുസാറിനോടൊത്ത് അഭിനയിക്കാൻ കഴിഞ്ഞു .

അദ്ദേഹത്തിന്റെ പുത്രീതുല്യമായ വാത്സല്യം ഏറെ അനുഭവിക്കാൻ എനിക്ക് കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു . 1999ൽ സിനിമാഭിനയം നിർത്തി ഞാൻ ദാമ്പത്യ ജീവിതത്തിൽ പ്രവേശിച്ചതോടെ മധുസാറുമായുള്ള കൂടിക്കാഴ്ചകളും ഇല്ലാതായി . സാർ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തന്നെ സ്ഥിരതാമസമാക്കിയതിനാൽ പിന്നെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല .

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മധു സാർ അധികം വീടുവിട്ടുപോകാറില്ല എന്നറിഞ്ഞിരുന്നു . ഇന്ന് അദ്ദേഹത്തിന്റെ നവതിയാണ് ,ഒരു ഗിഫ്റ്റുമായി നേരിൽ കാണേണ്ടതാണ് , ഞാനിപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ് .അതിനാൽ സാറിനെ നേരിട്ട് പോയി ആശംസകൾ അറിയിക്കാനുള്ള സാഹചര്യമല്ല .2018 മുതൽ അഭിനയരംഗത്തേക്ക് ഞാൻ തിരിച്ചു വന്നിരിക്കുന്നു .

ഇനി തിരുവനന്തപുരത്തുപോകുമ്പോൾ തീർച്ചയായും കണ്ണമ്മൂലയിൽ ഉള്ള സാറിന്റെ വീട്ടിൽ പോകണം. സാറിന്റെ അനുഗ്രഹങ്ങൾ വാങ്ങി വിശേഷങ്ങൾ പങ്കിടണം എന്ന് വളരെയേറെ ആഗ്രഹിക്കുന്നു . പ്രപഞ്ചനാഥൻ മധുസാറിന് നല്ല ആരോഗ്യം പ്രദാനം ചെയ്യാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു , ഇതേ ആരോഗ്യത്തോടെ സാറിന്റെ നൂറാം പിറന്നാൾ ആഘോഷിക്കാൻ സർ നമ്മോടൊപ്പമുണ്ടാകണം എന്നാണാഗ്രഹം . ഭാഗ്യശ്രീ പറഞ്ഞു നിർത്തി . തെന്നിന്ധ്യയിലെ പഴയകാല നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി ഇന്ന് നവതിയാഘോഷിക്കുന്ന മലയാള സിനിമയിലെ താര രാജാവായ മധുവിന് ചന്ദ്രിക ഓൺലൈനിലൂടെ ആശംസകൾ നേർന്നു .

Continue Reading

Trending