Connect with us

Video Stories

വിശ്വാസ്യത ചോര്‍ന്ന ബജറ്റ്

Published

on

വിശ്വാസ്യത ചോര്‍ന്നുപോയ ബജറ്റാണ് ധനമന്ത്രി ഡോ.തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത്. ബജറ്റവതരണത്തിന് മുമ്പ് തന്നെ ബജറ്റ് പ്രസംഗത്തിന്റെ പൂര്‍ണ രൂപം സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച സംഭവം ചരിത്രത്തില്‍ ആദ്യമാണ്. അങ്ങേയറ്റം രഹസ്യാത്മകത പാലിക്കേണ്ട രേഖയാണ് ബജറ്റ്. ധനമന്ത്രിയുടെ ഓഫീസ് ഒട്ടും ഗൗരവത്തിലല്ല ബജറ്റിനെ കൈകാര്യം ചെയ്്തതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ നല്‍കുന്ന സൂചന. ഒരു ദിവസം മുമ്പേ ബജറ്റ് ചോര്‍ന്നതായാണ് അനുമാനിക്കേണ്ടത്. ബജറ്റിലെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒരു മലയാള പത്രം ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ജനാധിപത്യ ഭരണസംവിധാനത്തില്‍ ബജറ്റിനുള്ള പ്രാധാന്യത്തെ നിസ്സാരമാക്കുകയാണ് ധനമന്ത്രിയുടെ ഓഫീസ് ചെയ്തിരിക്കുന്നത്. ധനമന്ത്രിയുടെ ഒരു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കുന്നതോടെ മൂടിവെക്കാനാകുന്നതല്ല, വീഴ്ചയുടെ ആഴം. വിവരങ്ങള്‍ ചോര്‍ന്നതിനാല്‍ ധനമന്ത്രി അവതരിപ്പിച്ചത് ബജറ്റല്ല, വെറും കടലാസ് കെട്ടു മാത്രമാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുനിഷ്ഠമാണെന്ന കാഴ്ചപ്പാടാണ് ബജറ്റ് മേഖലയിലെ വിദഗ്ധര്‍ക്കുള്ളത്. ബജറ്റ് ചോര്‍ന്നതായി പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നിഷേധിച്ച ധനമന്ത്രി പിന്നീട് കുറച്ചുഭാഗം ചോര്‍ന്നതായി സമ്മതിച്ചത് നല്ല കാര്യമാണ്. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയ ശേഷവും മന്ത്രി പഴയ നിലപാടില്‍ ഉറച്ചുനിന്നിരുന്നുവെങ്കില്‍ അത് അദ്ദേഹത്തെ കൂടുതല്‍ പരിഹാസ്യനാക്കിയേനെ. ചോര്‍ന്ന ബജറ്റിന്റെ നിമയസാധുത കോടതിയില്‍ ചോദ്യം ചെയ്താല്‍ ഉണ്ടാകുന്ന നിയമപ്രശ്‌നം, നിലവിലുള്ള ഭരണ സ്തംഭനത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ എന്ത് തീരുമാനമുണ്ടാകുമെന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്. സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്തേക്കുള്ള കണക്കുപുസ്തകം മാത്രമല്ല, ജനാധിപത്യത്തിന്റെ അന്ത:സത്ത കൂടി ഉള്‍ക്കൊള്ളുന്നതാണ് ബജറ്റ്. ഭരണഘടനാപരമായ വീഴ്ച ഉണ്ടായെന്ന് സര്‍ക്കാറിന് തന്നെ സമ്മതിക്കേണ്ടി വന്ന സാഹചര്യത്തില്‍ ഗൗരവപൂര്‍വമായ തിരുത്താണ് സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടത്. അത് ചെയ്യാനുള്ള വകതിരുവാണ് സര്‍ക്കാരില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നതും. പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന പ്രതിപക്ഷാവശ്യം പ്രസക്തമാണു താനും.
ഡോ.തോമസ് ഐസകിന്റെ എട്ടാമത്തെ ബജറ്റാണ് അവതരിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ബജറ്റുകളുടെ പ്രത്യേകത, സ്വപ്‌ന പദ്ധതികളുടെ ബാഹുല്യമാണ്. ഇടതുപക്ഷ കാഴ്ചപ്പാടെന്ന് തോന്നുമെങ്കിലും സാധാരണ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ഷിക്കാന്‍ കാര്യമായതൊന്നും ഉണ്ടാകാറുമില്ല. ക്ഷേമ പെന്‍ഷനുകളില്‍ നാമമാത്ര വര്‍ധനവാണ് എടുത്തുപറയാനുള്ള ഒരു പ്രഖ്യാപനം. ഒരാള്‍ക്ക് 1100 രൂപയുടെ ഒരു പെന്‍ഷന് മാത്രമേ അര്‍ഹത. രണ്ട് പെന്‍ഷനുകള്‍ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്ക് രണ്ടാമത്തെ പെന്‍ഷന്‍ 600 രൂപ എന്ന പഴയനിരക്കിലേ ലഭിക്കു. ഈ നിബന്ധന ഇല്ലാതെ യു.ഡി.എഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഫലത്തില്‍ ഏറെ പേര്‍ക്കും ക്ഷേമപെന്‍ഷനില്‍ കുറവുവരും എന്നതാണ് സ്ഥിതി. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കാരുണ്യ, റബ്ബര്‍ വിലസ്ഥിരതാ പദ്ധതികളും തുടരും. വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി റേഷന്‍ സബ്‌സിഡിക്ക് 900 കോടിയും സപ്ലൈകോക്ക് 200 കോടിയും
കണ്‍സ്യൂമര്‍ഫെഡിന് 150 കോടിയും ഹോര്‍ട്ടികോര്‍പ്പിന് 100 കോടിയും അനുവദിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് പര്യാപ്തമല്ല. റേഷന്‍ സബ്‌സിഡി കഴിച്ചാല്‍ വിപണി ഇടപെടലിന്450 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ ഇത് ഒട്ടും പര്യാപ്തമല്ല. അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ നിറുത്തലാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് ഇത്തവണയും ബജറ്റില്‍ പരാമര്‍ശമില്ല. 60 വയസു കഴിഞ്ഞ രണ്ടേക്കറില്‍ താഴെയുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന യു.ഡി.എഫ് തീരുമാനം ഈ ബജറ്റില്‍ പൊളിച്ചെഴുതിയിട്ടുണ്ട്.
നോട്ട് നിരോധന കാലത്തെ ബജറ്റെന്ന പരിഗണന എവിടെയുമില്ല. ധനകാര്യ വിദഗ്ധനായ മന്ത്രി, ബജറ്റില്‍ പ്രൊഫഷണലിസം കൊണ്ടുവരുമെന്ന പ്രതീക്ഷ അസ്ഥാനത്താകുകയും ചെയ്തു. ബജറ്റില്‍ നിന്നും കിഫ്ബി കുറച്ചാല്‍ ഒന്നുമില്ലാത്ത സ്ഥിതിയിലേക്ക് സംസ്ഥാനത്തിന്റെ വരവ് ചെലവ് കണക്കായി ബജറ്റ് മാറി. 25,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം പൂര്‍ണമായും കിഫ്ബിയെ അടിസ്ഥാനപ്പെടുത്തിയാണ്. തീരദേശ, മലയോര ഹൈവേകളാകട്ടെ കെ.എസ്.എഫി.ഇയുടെ പ്രവാസ ചിട്ടികളില്‍ നിന്നാണ് പണം കണ്ടെത്തുന്നത്.
ചരക്കുസേവന നികുതി നടപ്പാക്കുന്നതിനാല്‍ നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കിയതിനാല്‍ ബജറ്റില്‍ വരുമാനസമാഹരണത്തിന് പദ്ധതികളില്ല. നികുതിയിതര വരുമാനം കൂട്ടിയും സാധാരണ ധനസമാഹരണം നടത്താറുണ്ട്. എന്നാല്‍ പുതിയ ബജറ്റില്‍ നികുതിയിതര മാര്‍ഗങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വ്യാപാരികള്‍ക്ക് മൂല്യവര്‍ധിതനികുതിയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചാണ് പണം കണ്ടെത്താന്‍ ആകെ ശ്രമം നടത്തിയിട്ടുള്ളത്. 93,584 കോടി രൂപ റവന്യൂ വരുമാനം പ്രതീക്ഷിക്കുന്ന ബജറ്റില്‍ 1,09,627 കോടി രൂപയാണ് റവന്യൂ ചെലവായി പ്രതീക്ഷിക്കുന്നത്. റവന്യൂകമ്മി 16,043 കോടി രൂപയാണ്(2.14%). മൂലധന ചെലവ് 9,057 കോടി രൂപയും. അടുത്ത സാമ്പത്തിക വര്‍ഷം ശമ്പളം നല്‍കാനായി 31,909 കോടി വേണം. പെന്‍ഷന് 18,174 കോടിയും പലിശക്ക് 13,631 കോടിയും വേണം. ആകെ വരുമാനത്തിന്റെ 68.08 ശതമാനവും പെന്‍ഷനും പലിശക്കുമാണ് ചെലവിടുന്നത്.
സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടുതല്‍ മോശമാകുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് ബജറ്റ്് അടിവരയിടുന്നത്. ചെലവുകള്‍ നിയന്ത്രിച്ച് ധനസ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാറിന് കഴിയണം. വന്‍ പദ്ധതികളുടെ പ്രഖ്യാപനമെന്ന കണ്‍കെട്ടു വിദ്യ കൊണ്ട് സമ്പദ് വ്യവസ്ഥ മെച്ചപ്പെടില്ല. ശമ്പളവും പെന്‍ഷനും പലിശയും കൊടുക്കാന്‍ റവന്യൂ വരുമാനത്തിന്റെ 68 ശതമാനം ചെലവിടുന്ന സംസ്ഥാനത്തിന്റെ പുരോഗതിക്ക് മാര്‍ഗങ്ങള്‍ ആരായാന്‍ ബജറ്റില്‍ കഴിഞ്ഞിട്ടില്ല. എല്ലാ ചോദ്യങ്ങള്‍ക്കും കിഫ്ബിയെന്ന് ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞ് കേരളത്തെ കബളിപ്പിക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending