ന്യൂഡല്‍ഹി: മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ നീക്കം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌കെജ്‌രിവാളാണ് രഘുറാം രാജനെ രാജനെ രാജ്യസഭയിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധനത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് രഘുറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞത്.

ജനുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മൂന്ന് സീറ്റുകളിലൊന്നില്‍ നിന്ന് രഘുറാമിനെ രാജ്യസഭയിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നുപേരെ ജയിപ്പിക്കാനാവും. വ്യത്യസ്ഥ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ രാജ്യസഭയിലേക്കെത്തിക്കാനാണ് കെജ്‌രിവാള്‍ ലക്ഷ്യംവെക്കുന്നതെന്നും ഇതിനായി മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ കൂടിയാലോചന നടത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ബി.ജെ.പിയുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടിലാണ് രഘുറാം രാജന്‍. എന്നാല്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.