ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 17 വരെ നീട്ടി. ഡല്‍ഹി കോടതിയാണ് അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടിയത്. അതേസമയം വീട്ടില്‍ നിന്നുള്ള സസ്യഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

അതിനിടെ ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ ജാമ്യം തേടി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലാണ് അദ്ദേഹത്തിനായി കോടതിയെ സമീപിച്ചത്. ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചിദംബരത്തിനെതിരെ ചുമത്തിയതെന്നും അതുകൊണ്ട് അദ്ദേഹത്തിന് ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.