ബംഗളൂരു: പാമ്പ് കടിച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായി തളര്‍ന്ന് കോമയിലായ അഞ്ചു വയസുകാരന് ഏഴാം ദിവസം പുതുജീവന്‍. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലെ ആദിചുഞ്ചനഗിരി ഗ്രാമത്തിലാണ് സംഭവം. മഴ സമയത്ത് വീടിന് പുറത്തിറങ്ങുമ്പോഴാണ് അഞ്ചു വയസുകാരനായ നിഷിത് ഗൗഡിന് എട്ടടിവീരന്റെ കടിയേറ്റത്. വൈകുന്നേരം വീടിന്റെ വാതില്‍ തുറക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കാലെടുത്തുവച്ചത് വിഷ പാമ്പിന്റെ മുകളിലേക്കായിരുന്നു. കാല്‍ വിരലിന് കടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിഷിത് പതുക്കെ കോമയിലേക്ക് നീങ്ങുകയായിരുന്നു.

കുട്ടിയെ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ, അഞ്ചു വയസുകാരനെ ആ ദിവസം തന്നെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ആസ്റ്ററിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ചികിത്സക്കായി ദിവസക്കൂലിക്കാരനായ പിതാവിന് സാധിക്കില്ലെന്ന് വന്നതോടെ ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വരൂപിച്ച നാലു ലക്ഷം രൂപ ഉപയോഗിച്ച് ചികിത്സ നടത്തിയത്. കോമയിലായെങ്കിലും കൃത്രിമ ശ്വാസത്തിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന നിഷിതിന്റെ ശരീരം ആന്റി വെനവുമായി പൊരുത്തപ്പെട്ടതോടെ ഏഴാം ദിവസം കണ്ണു തുറക്കുകയായിരുന്നു.

ദിവസത്തിനുശേഷം കുട്ടി പതുക്കെ ബോധം വീണ്ടെടുത്തെങ്കിലും പൂര്‍ണ്ണമായി തളര്‍ന്ന അഞ്ചാം വയസ്സുകാരന്റെ കൈകാലുകളുടെ ചലവും ശ്വസനവം നേരെയാവാന്‍ രണ്ട് ആഴ്ച കൂടി എടുക്കേണ്ടി വന്നിരുന്നു. മഴക്കാലങ്ങളില്‍ വീടിന്റെ അരികുകളില്‍ കൂടുതലാായി കാണുന്ന എട്ടടിവീരന്റെ വിഷം മാരകമാണെന്നും ഇത് ഞരമ്പുകളുടെ ഞാടി പ്രവര്‍ത്തനത്തെയുമാണ് കാര്യമായി ബാധിക്കുന്നതെന്നും ഇതാണ് കുട്ടിയുടെ ശരീരം മുഴുവന്‍ തളര്‍ന്നുപോകാന്‍ കാരണമെന്നും ആശുപത്രി ഡോക്ടറായ ചേതന്‍ ജിനിഗെരി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ആഗസ്റ്റ് 10ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ നിഷിത് ഗൗഡ വീട്ടില്‍ വിശ്രമത്തിലാണ്. ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കുന്നത് വരെ കൃത്രിമ ശ്വാസത്തിന്റെയും മറ്റു ചികിത്സകളുടെയും സഹായത്തോടെയാണ് കുട്ടി വീട്ടില്‍ കഴിയുന്നത്.