ന്യൂഡല്‍ഹി: ദേശീയ പൗരത്വനിയമം നടപ്പാക്കാനുള്ള ആദ്യപടിയായ പൗരത്വ രജിസ്റ്ററിന്റെ ചോദ്യാവലി തയ്യാറെന്ന് കേന്ദ്രം. വിവരാവകാശ നിയമപ്രകാരം ദ ഹിന്ദു പത്രം നല്‍കിയ അപേക്ഷയിലാണ് രജിട്രാര്‍ ജനറലിന്റെ മറുപടി. അടുത്തവര്‍ഷം ആദ്യത്തില്‍ സെന്‍സസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2021 ആദ്യ ഘട്ട സെന്‍സസിന്റെ പ്രതീക്ഷിത തിയതിയും 2020 ഏപ്രില്‍ ഒന്നിന് ആരംഭിക്കാനിരുന്ന എന്‍പിആറിന്റെ അപ്‌ഡേറ്റും ചോദിച്ചായിരുന്നു വിവരാവകാശം.

പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള ആദ്യഘട്ട സെന്‍സസ് 2020 ഏപ്രില്‍-സെപ്റ്റംബര്‍ മാസത്തില്‍ നടത്താനായിരുന്നു തീരുമാനം. ഇതിൽ മേഘാലയ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്​, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവിടങ്ങളിൽ സെൻസസ്​ നടത്താനാണ്​ തീരുമാനിച്ചിരുന്നത്​. കോവിഡ്​ 19​ വ്യാപനത്തെ തുടർന്ന്​ നടപടി നീട്ടിവെക്കുകയായിരുന്നു. നവംബർ 17ന്​ ലഭിച്ച വിവരാവകാശ പ്രകാരം എൻപിആറിന്റെ ഷെഡ്യൂൾ ഇതുവരെ അന്തിമമായി​ട്ടില്ലെന്നും പറയുന്നു.

2003ലെ പൗരത്വ നിയമം അനുസരിച്ച്​ ഇന്ത്യൻ പൗരന്മാരുടെ പൗരത്വ രജിസ്​റ്റർ തയാറാക്കുന്നതിന്റെ ആദ്യപടിയാണ്​ എൻപിആർ. എൻപിആറിൽ കൂടുതൽ വിവരങ്ങൾ ആരായുന്നതിനെതിരെ പശ്ചിമ ബംഗാൾ, രാജസ്​ഥാൻ തുടങ്ങിയ സംസ്​ഥാനങ്ങൾ രംഗത്തുവന്നിരുന്നു. പിതാവിന്റെയും മാതാവിന്റെയും ജനനതീയതി, ജനന സ്​ഥലം, മാതൃഭാഷ തുടങ്ങിയ ചോദ്യങ്ങൾ വിവാദങ്ങൾ സൃഷ്​ടിച്ചിരുന്നു.