മുംബൈ: രാജ്യത്തെ ഒരു ബാങ്കുകൂടി ഇല്ലാതാവാന്‍ പോവുകയാണ്. അപ്രതീക്ഷിത നീക്കത്തിലൂടെ അതീവ രഹസ്യമായാണ് നവംബര്‍ 17ന് രാത്രി ലക്ഷ്മി വിലാസ് ബാങ്കില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. റിസര്‍വ് ബാങ്ക് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കാന്‍ നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ബാങ്കിന്റെ സാമ്പത്തിതനില തകരാറിലായതിനെ തുടര്‍ന്നാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 16 വരെയാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊറട്ടോറിയം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നിക്ഷേപകന് ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാനാവില്ല. ലക്ഷ്മി വിലാസ് ബാങ്കിന്റെ കാര്യത്തിലാണെങ്കില്‍ 25,000 രൂപവരെ പിന്‍വലിക്കാന്‍ നിക്ഷേപകന് കഴിയും. ഒരുമാസത്തേയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ബോര്‍ഡിനെ അസാധുവാക്കാന്‍ തീരുമാനിച്ചതിലൂടെ ബാങ്ക് ഇനി അഡ്മിനിസ്ട്രേഷന്‍ ഭരണത്തിന്റെ കീഴിലാകും. അതോടൊപ്പം ബാങ്കില്‍ നടന്നകാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണവും അതോടൊപ്പം ഉണ്ടാകും. കാനാറ ബാങ്കിന്റെ മുന്‍ നോണ്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ ടി.എന്‍ മനോഹരനെയാണ് ലക്ഷ്മി വിലാസ് ബാങ്കില്‍ അഡ്മനിസ്ട്രേറ്ററായി നിയമിച്ചിട്ടുള്ളത്.

മൊറട്ടോറിയം പ്രഖ്യാപിച്ചതിനുപിന്നാലെ ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി ലയിപ്പിക്കാനുള്ള കരട് പദ്ധതിയും ആര്‍ബിഐ പുറത്തിറക്കിയിട്ടുണ്ട്. 2,500 കോടി രൂപയാണ് ഇതിനായി ഡിബിഐഎല്‍ നിക്ഷേപിക്കുക. ആര്‍ബിഐ തയ്യാറാക്കിയ കരട് നിര്‍ദേശപ്രകാരം ഓഹരി നിക്ഷേപകര്‍ക്ക് നിക്ഷേപം തിരിച്ചുലഭിക്കാന്‍ സാധ്യതയില്ല. അതായത് ലയനം നടക്കുമ്പോള്‍ ഓഹരി ബാങ്കിന്റെ ഓഹരി മൂലധനം പൂജ്യമാകും. കരട് നിര്‍ദേശമായതിനാല്‍ ഓഹരി നിക്ഷേപകരുടെകൂടി പ്രതികരണം ലഭിച്ചശേഷമാകും അന്തിമതീരുമാനമെടുക്കുക.

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആര്‍ബിഐ ഉറപ്പുനല്‍കിയിട്ടുണ്ട്. മറ്റൊരു ബാങ്കുമായുള്ള ലയനത്തിന് പദ്ധതി തയ്യാറാക്കിയ സാഹചര്യത്തിലാണിത്. 2020 മാര്‍ചച് അഞ്ചിന് സമാനമായ നിയന്ത്രണമാണ് യെസ് ബാങ്കിന് ആര്‍ബിഐ ഏര്‍പ്പെടുത്തിയത്. പിന്നീട് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം യെസ് ബാങ്കിന്റെ രക്ഷയ്ക്കെത്തി.