കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനു നേരെ വധശ്രമമുണ്ടായതായി അന്വേഷണസംഘം. നടിക്കു നേരെ ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ സമയത്താണ് പള്‍സര്‍ സുനിയെ വധിക്കാന്‍ ശ്രമമുണ്ടായത്. നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന പള്‍സര്‍ സുനി കൂട്ടുപ്രതികളോടാണ് ഇക്കാര്യം പറഞ്ഞത്.
തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ സമയത്താണ് വധിക്കാന്‍ ശ്രമം നടന്നത്. തമിഴ്‌നാട്ടിലെ ഗുണ്ടാസംഘത്തിനു ലഭിച്ച ക്വട്ടേഷന്‍ സുഹൃത്തായ വിജീഷ് വഴിയാണ് സുനി അറിഞ്ഞത്. ക്വട്ടേഷനെക്കുറിച്ച് അറിഞ്ഞതോടെ സുനി കേരളത്തിലെത്തി കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം സുനി സുഹൃത്തുക്കളോട് പറഞ്ഞതായാണ് വിവരം. കോടതി വളപ്പില്‍ വെച്ച് പൊലീസ് പിടികൂടുന്നതിന് മുമ്പ് സുനിലിനെ വധിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.