ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പ്രവര്‍ത്തകരുടെ പൊങ്കാല.
പശ്ചിമബംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന ചടങ്ങിനെക്കുറിച്ചുള്ള പോസ്റ്റിനു താഴെയാണ് ബി.ജെ.പി കേരള ഘടകത്തിലെ നേതൃ പ്രശ്‌നങ്ങളും നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത വിഷയത്തിലെ ഇരട്ടത്താപ്പും ചൂണ്ടിക്കാട്ടി പ്രവര്‍ത്തകര്‍ വിമര്‍ശനങ്ങള്‍ കൊണ്ട് പൊങ്കാലയിട്ടത്. സംഭവം വാര്‍ത്തയായതോടെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ട് വിശദീകരണം തേടിയതായി റിപ്പോര്‍ട്ടുണ്ട്.
ദിലിപീനെ അമ്മയില്‍ തിരിച്ചെടുത്ത നടപടിയെ നിശിതമായി വിമര്‍ശിച്ച് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ടും രാജ്യസഭാംഗവുമായ വി മുരളീധരന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ദിലീപ് വിഷയത്തെച്ചൊല്ലി അമ്മയില്‍നിന്ന് നാല് നടിമാര്‍ രാജിവെച്ച പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. സിനിമാനടന്‍ സാബുമോന്‍ തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് കാണിച്ച് ബി.ജെ.പി പ്രവര്‍ത്തകയായ ലസിത പാലക്കല്‍ ഉന്നയിച്ച പരാതിയില്‍ മൗനം പാലിക്കുന്ന സംസ്ഥാന നേതൃത്വം നടിമാരുടെ രാജിയെ ധീര നടപടിയെന്ന് വാഴ്ത്തിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ലസിത പൊലീസിന് പരാതി നല്‍കിയതിനെതുടര്‍ന്ന് ബാബു മോനെ യുവമോര്‍ച്ച ഭാരവാഹിത്വത്തില്‍നിന്ന് സസ്‌പെന്റു ചെയ്തിരുന്നു.
എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും നടനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല. പ്രതി ഒളിവിലാണെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും സ്വകാര്യ ചാനല്‍ പരിപാടിയില്‍ ഇയാള്‍ സംബന്ധിച്ചതോടെ ഈ വാദം പൊളിഞ്ഞിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടും ബി.ജെ.പി നേതൃത്വം മൗനം പാലിക്കുന്ന പശ്ചാത്തലത്തിലാണ് അമിഷായുടെ ഫേസ്ബുക്ക് പേജിലെ പ്രവര്‍ത്തകരുടെ കൂട്ട വിമര്‍ശനം.