കരയില്‍ നിന്ന് ഷെഡുകളിലെത്തിച്ച് കയറ്റുമതി ചെയ്യുന്ന മത്സ്യങ്ങള്‍ കേടാകാതെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച പരമ്പരാഗത രീതിയുണ്ടായിരുന്നു ഇന്നലെ വരെ. തൊണ്ണൂറുകളുടെ അവസാനം വരെ തീരദേശങ്ങളിലെ സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് ഇതര ജില്ലകളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും മത്സ്യം കയറ്റി അയച്ചത് ഏറെ സൂക്ഷ്മതയോടെയായിരുന്നു.
ഐസ് ചീളുകളും കല്ലുപ്പും വിതറി പെട്ടികളിലാക്കിയാണ് സംസ്ഥാനത്തെ തീരദേശ ഗ്രാമങ്ങളില്‍ നിന്ന് മത്സ്യം മൊത്ത വ്യാപാര കേന്ദ്രങ്ങളിലെത്തിച്ചത്. രാസവസ്തുക്കളുടെ പ്രയോഗമില്ലാതെ തികച്ചും പരമ്പരാഗ രീതിയിലായിരുന്നു മത്സ്യ സംഭരണവും. മത്സ്യങ്ങള്‍ കയറ്റി അയക്കാന്‍ ശീതീകരിച്ച വാഹനങ്ങള്‍ തന്നെയുണ്ടായിരുന്നു. തീരത്ത് നിന്ന് ലേലത്തിലെടുക്കുന്ന മത്സ്യം ഷെഡുകളിലെത്തിച്ച് വാഹനങ്ങളില്‍ ലോഡ് ചെയ്യുന്നതിനും ഐസ് പൊടിക്കുന്നതിനും ഉപ്പ് ചേര്‍ത്ത് പെട്ടിയിലാക്കുന്നതിനും നിരവധി തൊഴിലാളികള്‍ തന്നെയുണ്ടായിരുന്നു പലയിടത്തും. കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലെത്തുന്ന മത്സ്യങ്ങള്‍ക്ക് ആവശ്യക്കാരുമേറെയായിരുന്നു.
കേരളത്തില്‍ മത്സ്യ ലഭ്യത കുറഞ്ഞതും ഇന്ധന ചെലവ് കൂടിയതോടെയുമാണ് സംസ്ഥാനത്തെ വിപണിയില്‍ ഇതര സംസ്ഥാന മത്സ്യങ്ങളെ ആശ്രയിച്ച് തുടങ്ങിയത്. തുടക്കത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങള്‍ ഭയമില്ലാതെ കഴിക്കാവുന്ന സാഹചര്യമായിരുന്നുവെങ്കിലും ഫോര്‍മാലിന്റെ സാന്നിധ്യം അറിഞ്ഞതോടെയാണ് ആശങ്ക വര്‍ധിച്ചത്. ഫോര്‍മാലിന്‍ സാന്നിധ്യത്തെ കുറിച്ച് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും അധികൃതര്‍ ഗൗരവമായി എടുത്തിരുന്നില്ല. മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നുവെന്ന വാര്‍ത്ത മൊത്തകച്ചവടക്കാരും നിഷേധിക്കുകയായിരുന്നു.
ഫോര്‍മാലിന്‍ പ്രയോഗം കണ്ടെത്താന്‍ പരിശോധനകള്‍ സജീവമാകുന്ന ഘട്ടത്തിലും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാനത്തെ വിപണന കേന്ദ്രങ്ങളിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മത്സ്യങ്ങള്‍ കേടാകാതിരിക്കാന്‍ ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത് കൂടിയതോടെ പരമ്പരാത രീതി പൂര്‍ണ്ണമായും കൈവിടുകയായിരുന്നു. മത്സ്യങ്ങളില്‍ ചേര്‍ക്കാന്‍ ആശ്രയിച്ചിരുന്ന കല്ലുപ്പിന്റെ വരവും ഇതോടെ ഇല്ലാതെയായി. അയഡിന്‍ ചേര്‍ത്ത ഉപ്പ് സ്വാധീനമുറപ്പിച്ചതോടെ കല്ലുപ്പ് പൂര്‍ണ്ണമായും കൈവിടുകയായിരുന്നു. മത്സ്യ ലോഡിംഗ് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത ഐസ് പ്ലാന്റുകളില്‍ തയ്യാറാക്കുന്നുണ്ട്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങളില്‍ ഐസിനോടൊപ്പം ഫോര്‍മാലിന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പരിശോധനകളില്‍ വ്യക്തമാകുന്നത്.