കുപ്‌വാര: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഇടിഞ്ഞ മഞ്ഞുമലയുടെ അടിയില്‍ അഞ്ച് സൈനികര്‍ കുടുങ്ങി. സൈനിക പോസ്റ്റിനു മേലേക്ക് മഞ്ഞിടിഞ്ഞു വീഴുകയായിരുന്നു. സൈനികരെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കലിയ പറഞ്ഞു. മക്ചില്‍ സെക്ടറിലെ 56 ആര്‍.ആര്‍ പോസ്റ്റ് ആണ് അപകടത്തില്‍പ്പെട്ടത്.

ജനുവരി 25-ന് ഗുരസ് സെക്ടറില്‍ മഞ്ഞുമലയിടിഞ്ഞ് നിരവധി സൈനികര്‍ കുടുങ്ങിയിരുന്നു. ഇവരില്‍ ഏഴു പേരെ രക്ഷിക്കാനായെങ്കിലും പത്ത് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. ഇവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ചയാണ് പുറത്തെടുത്തത്.

സമീപ വര്‍ഷങ്ങളിലെ ഏറ്റവും രൂക്ഷമായ ശൈത്യകാലമാണ് കശ്മീര്‍ ഇപ്പോള്‍ നേരിടുന്നത്. അന്തരീക്ഷ താപനില മൈനസ് 7 ഡിഗ്രി വരെ താഴ്ന്നതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.